കോവിഡ് ആഘാതം: 22.34% കോളജ് വിദ്യാർഥികൾ ജീവനൊടുക്കാൻ ആലോചിച്ചു
text_fieldsതിരുവനന്തപുരം: കോവിഡിനെത്തുടർന്ന് വർഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ കോളജുകളിലെ 22.34 ശതമാനം വിദ്യാർഥികൾ ജീവിതം അവസാനിപ്പിക്കാൻ ഒരിക്കലെങ്കിലും ആലോചിച്ചവരെന്ന് പഠന റിപ്പോർട്ട്. 5.17 ശതമാനം പേർ ജീവിതമൊടുക്കാൻ ശ്രമിച്ചു. കോളജ് വിദ്യാഭ്യാസ വകുപ്പിന് വേണ്ടി തിരുവനന്തപുരം ഗവ. വിമൻസ് കോളജിലെ സൈക്കോളജിക്കൽ റിസോഴ്സ് സെൻറർ നടത്തിയ സർവേയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.
സകലതും അടച്ചുപൂട്ടിയതോടെ വരുമാനം നിലച്ച കുടുംബങ്ങളിൽ തികഞ്ഞ സാമൂഹിക അരക്ഷിതത്വം നിഴലിക്കുന്നതും കെണ്ടത്തലുകളിലുണ്ട്. വിദ്യാർഥികളിൽ 58.9 ശതമാനം പേരും വിഷാദരോഗ ലക്ഷണത്തിെൻറ പരിധിയിലാണ്.
23.85 ശതമാനം പേരുടെ രക്ഷിതാക്കൾക്ക് കോവിഡിൽ ജോലി നഷ്ടമായി. ജോലി നഷ്ടം കൂടുതൽ എസ്.സി വിഭാഗത്തിലാണ്- 29.45. ഒ.ബി.സി യിൽ 25.4ഉം എസ്.ടിയിൽ 22.03ഉം ജനറലിൽ 19.69 ഉം ശതമാനമാണ്. 32.1 ശതമാനം കുട്ടികളുടെയും കുടുംബത്തിെൻറ മാസവരുമാനം പകുതിയായും 12.8 ശതമാനത്തിേൻറത് നാലിലൊന്നായും കുറഞ്ഞു. 23.9 ശതമാനത്തിെൻറ വരുമാനം നാലിൽ മൂന്നായും കുറഞ്ഞു. രക്ഷിതാക്കളിൽ 6.10 ശതമാനം തൊഴിലില്ലാത്തവരും 41.84 ശതമാനം ദിവസവേതനക്കാരുമാണ്.
കോവിഡിന് മുമ്പ് രക്ഷിതാക്കളിൽ 49.41 ശതമാനവും 10,000 രൂപയിൽ താഴെ പ്രതിമാസ വരുമാനമുള്ളവരായിരുന്നു. വിദ്യാർഥികളിൽ 2.93 ശതമാനം പേർ കോവിഡ് ബാധിതരായി. 6.04 ശതമാനം പേർ നിരീക്ഷണത്തിൽ കഴിഞ്ഞു. കുടുംബാംഗങ്ങളിൽ 11.81 ശതമാനം പേർക്ക് കോവിഡ് ബാധയുണ്ടായി. 1.29 ശതമാനം പേർ മരിച്ചു.
ഭാവി; കടുത്ത ആശങ്ക
കോവിഡ് ഏൽപിച്ച ആഘാതത്തിൽ 25.5 ശതമാനം വിദ്യാർഥികളും ഭാവിയെക്കുറിച്ച് കടുത്ത ആശങ്കയിലാണ്. 29.5 ശതമാനം ഉയർന്നതരത്തിലും 31.4 ശതമാനം മിതമായ ആശങ്കയും 8.6 ശതമാനം നേരിയ ആശങ്കയും പങ്കുവെച്ചിട്ടുണ്ട്. 4.9 ശതമാനത്തിന് മാത്രമാണ് ആശങ്കയില്ലാത്തത്. 53.3 ശതമാനം പേർ ഏകാന്തതയിൽ; സൗഹൃദം മുറിഞ്ഞ് 10.66 ശതമാനം
53.3 ശതമാനം കുട്ടികൾ ഏകാന്തത അനുഭവിക്കുന്നവരാണ്. 10.66 ശതമാനം പേർക്കും കോവിഡ് കാലത്ത് സുഹൃത്തുക്കളുമായുള്ള ബന്ധം പാടെ മുറിഞ്ഞു. 46.7 ശതമാനത്തിന് ഒരു പരിധിവരെയാണ് ബന്ധം തുടരാൻ കഴിയുന്നത്. 42.63 ശതമാനം മാത്രമാണ് ബന്ധം നിലനിർത്തുന്നത്. 77.9 ശതമാനം പേർക്കും തലവേദന; നേത്രപ്രശ്നങ്ങളും കൂടുതൽ
ഒാൺലൈൻ ക്ലാസും അമിത മൊബൈൽ ഉപയോഗവും കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കി. 77.9 ശതമാനത്തിനും തലവേദന അനുഭവപ്പെടുന്നു. 65.48 ശതമാനത്തിന് കണ്ണിന് ക്ഷീണമുണ്ട്. 59.2 ശതമാനം പേർക്ക് കഴുത്ത് വേദനയും 48.19 ശതമാനത്തിന് പുറംവേദനയും അനുഭവപ്പെടുന്നു. 27.66 ശതമാനം പേർ കാഴ്ച മങ്ങൽ പ്രശ്നവും 27 ശതമാനം വിദ്യാർഥികൾ മറ്റ് ബുദ്ധിമുട്ടുകളും നേരിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.