നിയന്ത്രണം കുറച്ചില്ലെങ്കിലും മാറ്റമില്ലാതെ വ്യാപനനിരക്ക്
text_fieldsതിരുവനന്തപുരം: രോഗ സ്ഥിരീകരണ നിരക്ക് അടിസ്ഥാനപ്പെടുത്തി പ്രാദേശിക നിയന്ത്രണങ്ങൾ തുടരുന്നെങ്കിലും മാറ്റമില്ലാതെ വ്യാപനനിരക്ക്. ഒരാഴ്ചയായി 10.37 ആണ് ശരാശരി ടി.പി.ആർ. ഇത് താഴേക്കെത്തിക്കാൻ ആരോഗ്യവകുപ്പ് പരിശ്രമം നടത്തുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. പത്ത് ദിവസത്തിനിടെ ഒരു വട്ടം (ജൂൺ 21) ടി.പി.ആർ പത്തിന് താഴെയെത്തിയെങ്കിലും തിരിച്ചുകയറി. അഞ്ച് ദിവസമായി ഇതിൽ മാറ്റമില്ല. കൂടുതൽ ഇളവ് അനുവദിക്കണമെങ്കിൽ ടി.പി.ആർ പത്തിന് താഴെയെത്തണം. അഞ്ചിന് താഴെയെത്തിയാലേ സുരക്ഷിതമായി എന്ന് പറയാനാകൂ. നിലവിലെ സ്ഥിതി തുടർന്നാൽ കൂടുതൽ ഇളവുകൾക്ക് സാധ്യതയില്ല.
40 ദിവസത്തെ ലോക്ഡൗൺ രണ്ടാംതരംഗത്തെ നിയന്ത്രിക്കുന്നതിലും പ്രതിദിന കേസുകൾ കുറക്കുന്നതിലും നിർണായക ഘടകമായെങ്കിലും രോഗവ്യാപനതോത് കുറയുന്നത് മന്ദഗതിയിലാണ്. ഒരുഘട്ടത്തിൽ 29.75 ശതമാനമായിരുന്നത് 12 ശതമാനത്തിലെത്താൻ 32 ദിവസമെടുത്തു. അതിനുശേഷം 12 ദിവസം പിന്നിടുമ്പോഴും കാര്യമായ കുറവില്ല. ഇൗ നില തുടരാനാണ് സാധ്യത. ലോക്ഡൗണിൽ ഇളവുകൾ വരികയും ആളുകളുടെ സമ്പർക്ക സാഹചര്യങ്ങൾ വർധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ടി.പി.ആർ കുറക്കുന്നതിന് വലിയ പരിശ്രമം വേണ്ടിവരുമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
മൂന്നാംതരംഗത്തിന് സാധ്യത പ്രവചിക്കുന്ന സാഹചര്യത്തിൽ അതിലേക്കുള്ള ഇടവേള ദീർഘിപ്പിക്കാൻ കഠിശ്രമങ്ങളാണ് നടക്കുന്നത്. രണ്ടാം തരംഗത്തിലെ രോഗബാധിതരുടെ എണ്ണം കുറയുംമുമ്പ് അടുത്ത തരംഗമുണ്ടായാൽ ആരോഗ്യ സംവിധാനങ്ങൾ സമ്മർദത്തിലാകും. തീവ്രവ്യാപന ശേഷിയുള്ള ഡെൽറ്റ പ്ലസ് വൈറസിെൻറ സാന്നിധ്യം സ്ഥിരീകരിച്ചതാണ് മറ്റൊരു ഗുരുതര സാഹചര്യം.
2.65 ലക്ഷം ഡോസ് വാക്സിന്‍കൂടി
തിരുവനന്തപുരം: 2.65 ലക്ഷം ഡോസ് വാക്സിന്‍കൂടി ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 61,150 ഡോസ് കോവിഷീല്‍ഡ് വാക്സിന് എറണാകുളത്തും 42,000 ഡോസ് കോഴിക്കോടും വെള്ളിയാഴ്ച എത്തിയിരുന്നു. കൂടാതെ ശനിയാഴ്ച തിരുവനന്തപുരത്ത് 1,08,510 ഡോസ് കോവാക്സിനും 53,500 ഡോസ് കോവിഷീല്‍ഡ് വാക്സിനും എത്തി. ഇതോടെ 1,28,82,290 ഡോസ് വാക്സിനാണ് ലഭിച്ചത്. ഇതുവരെ 1,05,02,531 ഒന്നാം ഡോസും 29,76,526 രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 1,34,79,057 പേരാണ് വാക്സിന് സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.