ജയിലുകളിൽ കോവിഡ് വ്യാപനം രൂക്ഷം; 488 പേർക്ക് രോഗബാധ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ കോവിഡ് വ്യാപനം ശക്തം. വിവിധ ജയിലുകളിൽ തടവുകാരും ജീവനക്കാരും ഉൾപ്പെടെ 488 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പൂജപ്പുര സെൻട്രൽ ജയിലിലാണ് രോഗവ്യാപനം രൂക്ഷം. കഴിഞ്ഞ മൂന്നുദിവസം 961 തടവുകാരെ പരിശോധിച്ചതിൽ 262 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ പ്രത്യേക ബ്ലോക്കുകളിലേക്ക് മാറ്റി. കണ്ണൂർ സെൻട്രൽ ജയിലിൽ പത്ത് തടവുകാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽ നിന്നെത്തിയ തടവുകാരിലാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ എല്ലാ ജയിലുകളിലും തടവുകാർക്ക് കോവിഡ് പരിശോധന നടത്താൻ ജയിൽ മേധാവി നിർദേശം നൽകി. മുമ്പ് കോവിഡ് വ്യാപനം ശക്തമായപ്പോൾ തടവുകാർക്ക് പരോൾ അനുവദിക്കുകയും പ്രായാധിക്യമുള്ളവരെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാൽ, പരോൾ കാലാവധി കഴിഞ്ഞിട്ടും നല്ലൊരു വിഭാഗം മടങ്ങിയെത്തിയിട്ടില്ല. പരോൾ റദ്ദാക്കാനുള്ള നടപടി ചോദ്യം ചെയ്ത് ചിലർ കോടതിയെയും സമീപിച്ചിരിക്കുകയാണ്.
പൂജപ്പുരയിൽ മാത്രം 250 പേർക്ക് രോഗബാധ
നേമം: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 250ഓളം തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തടവുകാര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഫലം വന്നപ്പോഴാണ് ഇത്രയുംപേര്‍ പോസിറ്റീവായത്. സെന്‍ട്രല്‍ ജയിലില്‍ 1000ത്തോളം പേര്‍ വിവിധ സെല്ലുകളിലുണ്ട്. സാമൂഹിക അകലം പാലിക്കാന്‍ കഴിയാതെ വരുന്നതാണ് കോവിഡ് വ്യാപനത്തിന് കാരണമെന്നാണ് സൂചന.
പോസിറ്റീവായവര്‍ക്ക് ജലദോഷം, ചുമ, പനി എന്നിവയാണ് ലക്ഷണങ്ങള്‍. ഇവരെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കോവിഡിന്റെ ഉദ്ഭവം എവിടെനിന്നാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് അതിവേഗ വ്യാപനമാണുണ്ടായത്. നിസ്സാര രോഗലക്ഷണങ്ങള്‍ ഉണ്ടായതോടെയാണ് ജയല്‍ അധികൃതര്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
ജയില്‍ ജീവനക്കാരിലേക്ക് രോഗവ്യാപനം ഉണ്ടാകുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. പരമാവധി മുന്‍കരുതൽ സ്വീകരിക്കാനാണ് ജയില്‍ അധികൃതരുടെ തീരുമാനം. മറ്റ് ജയിലുകളിലും പരിശോധന വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.