മലബാറിൽ കോവിഡ് വ്യാപനം അതിവേഗം; പ്രശ്നക്കാരനല്ലെന്ന് പഠനം
text_fieldsകോഴിക്കോട്: മലബാറിൽ പടർന്ന കൊറോണ വൈറസ് എളുപ്പം വ്യാപിക്കുമെങ്കിലും പ്രശ്നക്കാരനല്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പഠന റിപ്പോർട്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ കോവിഡ് രോഗികളുടെ സ്രവ സാമ്പ്ൾതന്നെ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 166 പേരുടെ സാമ്പ്ളുകളിലാണ് പഠനം നടത്തിയത്.
ചൈനയെയും മറ്റു രാജ്യങ്ങളെയും അപേക്ഷിച്ച് രോഗ വ്യാപനശേഷി വർധിച്ച ൈവറസുകളാണ് മലബാറിൽ ബാധിച്ചിട്ടുള്ളത്. എന്നാൽ, അവക്ക് രോഗം ഗുരുതരമാക്കുന്നതിനുള്ള ശേഷി കുറവാണ്. പഠനത്തിൽ കണ്ടെത്തിയ വൈറസിെൻറ 89 വകഭേദങ്ങൾ ഇന്ത്യയിൽ ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ ലോകത്തുതന്നെ ആദ്യമായി വൈറസിെൻറ നാല് പുതിയ വകഭേദങ്ങളും കണ്ടെത്തിയിട്ടുണ്ട്.
വിദേശരാജ്യങ്ങളിൽനിന്ന് വന്ന വൈറസുകളല്ല കേരളത്തിൽ വ്യാപിച്ചത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന തരത്തിലുള്ള ൈവറസുകളാണ്. മറ്റു രാജ്യങ്ങളിൽ കണ്ടെത്തിയവയിൽനിന്ന് ഇവക്ക് വ്യത്യാസമുണ്ട്. ഓരോ രാജ്യങ്ങളിലെ കാലാവസ്ഥക്കും മറ്റുമനുസരിച്ച് വൈറസിന് വരുന്ന ജനിതക മാറ്റം മൂലമാണതെന്ന് പഠനം നടത്തിയ ഡോക്ടർമാരിലൊരാളായ വി.കെ. ഷമീർ വ്യക്തമാക്കുന്നു.
മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം, മൈക്രോബയോളജി വിഭാഗം ഡോക്ടർമാരെ കൂടാതെ, ഡൽഹിയിലെ സി.എസ്.ഐ.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക് ആൻഡ് ഇൻറഗ്രേറ്റിവ് ബയോളജി, ഗാസിയാബാദിലെ അക്കാദമി ഓഫ് സയൻറിഫിക് ആൻഡ് ഇന്നൊവേറ്റിവ് റിസർച്ച് എന്നിവർ സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തലുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.