കോവിഡ്: മരണപട്ടികയിൽ ഉൾപ്പെടാതെ പതിനായിരത്തോളം അപേക്ഷകൾ
text_fieldsതിരുവനന്തപുരം: ആശുപത്രികളിൽനിന്ന് കോവിഡ് മരണ സർട്ടിഫിക്കറ്റ് കിട്ടാൻ വൈകുന്നതും സങ്കീർണ നടപടിക്രമങ്ങളും സംസ്ഥാനത്ത് കോവിഡ് മരണങ്ങളുടെ നഷ്ടപരിഹാരം വൈകാൻ കാരണമാകുന്നു. ഇരുപതിനായിരത്തോളം പേരാണ് ഇനിയും നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാനുള്ളത്. മരണപട്ടികയിൽ ഉൾപ്പെടുത്താൻ പതിനായിരത്തോളം അപേക്ഷകൾ ബാക്കിയുണ്ട്.
കോവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാൻ റവന്യൂ വകുപ്പിൽ അപേക്ഷ നൽകണമെങ്കിൽ ആദ്യം ആരോഗ്യവകുപ്പിൽനിന്നുളള രേഖകൾ വേണം. ഔദ്യോഗിക പട്ടികയിൽ ഇല്ലെങ്കിൽ അപ്പീൽ നൽകി കോവിഡ് മരണമെന്ന് സ്ഥിരീകരിച്ച സർട്ടിഫിക്കറ്റ് വേണം. അതിനു ചികിത്സകേന്ദ്രങ്ങളിൽനിന്ന് കോവിഡ് മരണമെന്നുള്ള മരണഡിക്ലറേഷൻ സർട്ടിഫിക്കറ്റ് ലഭിക്കണം. അതിന് മുഴുവൻ രേഖകളും നൽകി അപേക്ഷ സമർപ്പിക്കണം. പരമാവധി എളുപ്പമാക്കാനാണ് ഓൺലൈൻ സംവിധാനം കൊണ്ടുവന്നതെങ്കിലും കോവിഡ് മരണനഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള നടപടിക്രമം ഇപ്പോഴും സങ്കീർണമാണ്. ഇതുമൂലം നൂറുകണക്കിന് അപേക്ഷകളാണ് തീർപ്പ് കാത്ത് കിടക്കുന്നത്.
മെഡിക്കൽ കോളജുകളിലുൾപ്പെടെ ജീവനക്കാരുടെ കുറവും അപേക്ഷകൾ കെട്ടിക്കിടക്കാൻ കാരണമാകുന്നു. ആദ്യതരംഗത്തിൽ കോവിഡ് മരണക്കണക്കിൽ ഉൾപ്പെടാത്തവരുടെ ചികിത്സരേഖകൾ പലതും കാണാതെപോയതും പലരെയും വലക്കുന്നു.
അധികജീവനക്കാരെ ഉപയോഗിച്ച് പരമാവധിവേഗത്തിൽ അപ്പീൽ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുമെന്നാണ് ജില്ല മെഡിക്കൽ ഓഫിസർമാർ അറിയിക്കുന്നത്. കോടതി വിമർശനം കടുത്തതോടെ ലഭിച്ച അപേക്ഷകളിൽ നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് റവന്യൂ വകുപ്പ് വേഗത്തിലാക്കി. 23,500 ഓളം പേർക്ക് നഷ്ടപരിഹാരം കിട്ടി. ലഭിച്ചവയിൽ 4100 ഓളം അപേക്ഷകളിലാണ് ഇനി നഷ്ടപരിഹാരം നൽകാനുള്ളത്. എന്നാൽ, ഔദ്യോഗിക മരണസംഖ്യ 51,500 കടന്നതോടെ റവന്യൂ വകുപ്പിന് മുന്നിലെത്തിയത് 31,000 അപേക്ഷകൾ മാത്രമാണ്. അതായത് 20,000 ത്തോളം അപേക്ഷകൾ ഇനിയും വരാനുണ്ട്. ആരോഗ്യവകുപ്പ് പ്രാഥമിക നടപടികൾ തീർത്താലേ ശേഷിക്കുന്ന അപേക്ഷകൾ റവന്യൂ വകുപ്പിലെത്തൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.