വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന: പ്രചാരണങ്ങൾ തെറ്റിദ്ധാരണജനകമെന്ന് ലബോറട്ടറി
text_fieldsകോഴിക്കോട്: യു.എ.ഇയിലേക്കുള്ള യാത്രക്കാരുടെ വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ ഭീതിപരത്തുന്നതും തെറ്റിദ്ധാരണജനകവുമാണെന്ന് മൈക്രോ ഹെൽത്ത് ലബോറട്ടറീസ് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വിമാനത്താവളങ്ങളിലെ ദ്രുത പരിശോധനകൾ മൈക്രോ ഹെൽത്ത് ലാബോറട്ടറീസ് കൃത്യമായി തന്നെയാണ് നടത്തുന്നതെന്നും എം.ഡിയും സി.ഇ.ഒയുമായ സി.കെ. നൗഷാദ് പറഞ്ഞു.
സാധാരണ ആർ.ടി.പി.സി.ആർ പരിശോധനകളിൽ ശരീരത്തിൽ നിശ്ചിത അളവിൽ കൂടുതൽ വൈറസുണ്ടെങ്കിൽ മാത്രമെ പോസിറ്റിവാകുകയുള്ളൂ. എന്നാൽ വിമാനത്താവളങ്ങളിലെ പരിശോധനയിൽ വൈറസിന്‍റെ അളവ് നിർണയിക്കുന്നില്ല. ശരീരത്തിൽ ചെറിയ അളവ് വൈറസുണ്ടെങ്കിൽ പോലും ഇവിടത്തെ പരിശോധനകളിൽ പോസിറ്റിവാകുമെന്നും നൗഷാദ് പറഞ്ഞു. പുറത്തുള്ള ലാബുകളിലും വിമാനത്താവളങ്ങളിലെ ലാബുകളിലും വ്യത്യസ്തമായ പരിശോധന ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. യു.എ.ഇ സർക്കാർ നിഷ്കർഷിച്ച പ്രത്യേക പരിശോധന ഉപകരണമാണ് ഉപയോഗിക്കുന്നത്. ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ അനുവദനീയമായ അളവില്‍ കുറഞ്ഞ വൈറസ് വാഹകരായി കണ്ടെത്തി നെഗറ്റിവ് ഫലം ലഭിച്ചവരാണ് പ്രധാനമായും വിമാനത്താവളങ്ങളിലെ പരിശോധനയില്‍ പോസിറ്റിവ് ആവുന്നത്.
വിമാനത്താവളങ്ങളില്‍ നടക്കുന്ന പരിശോധന സമ്പൂര്‍ണമായി യന്ത്രനിയന്ത്രിതവും പിഴവുകള്‍ സംഭവിക്കാനുള്ള സാധ്യത വിരളവുമാണ്. രോഗം ഭേദമായവരിലും ചിലപ്പോള്‍ മാസങ്ങളോളം വൈറസ് കണങ്ങള്‍ അവശേഷിക്കാം. അശാസ്ത്രീയ സാമ്പ്ള്‍ ശേഖരണവും വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത പരിശോധന ഫലങ്ങള്‍ ലഭിക്കുന്നതിന് കാരണമാവാറുണ്ട്. വൈറസിന്‍റെ സമൂഹ വ്യാപനമാണ് ആനുപാതികമായി വിദേശയാത്രക്കാരിലും പോസിറ്റിവ് കേസുകള്‍ കൂടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തസമ്മേളനത്തില്‍ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ചെയര്‍മാന്‍ സി. സുബൈര്‍, ഡയറക്ടര്‍ ഓഫ് ഓപറേഷന്‍സ് നജീബ് യൂസുഫ്, ലാബ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ കാശി, കണ്‍സള്‍ട്ടന്റ് മൈക്രോബയോളജിസ്റ്റ് ഡോ. അരുണ്‍, ക്ലിനിക്കല്‍ മോളിക്കുലാര്‍ സയന്റിസ്റ്റ് ഡോ. ജസ്റ്റിന്‍, ഓപറേഷന്‍സ് മാനേജര്‍ ഷൈജു എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.