കോവിഡ് സർട്ടിഫിക്കറ്റ്: പിന്നാക്കം പോയിട്ടില്ല –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വിദേശങ്ങളിൽനിന്നും എത്തുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന നിലപാടിൽനിന്നും സംസ്ഥാന സർക്കാർ പിന്നാക്കം പോയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേ നിലപാടുതന്നെ തുടരുകയാണ്. കേന്ദ്രം പറയുന്നത് പോലെയേ വിദേശരാജ്യങ്ങളിൽ കാര്യങ്ങൾ നടക്കൂ. അതിനായുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ നടത്തിയത് വിജയം കണ്ടില്ലെന്നും ശ്രമം തുടരുമെന്നും േകന്ദ്രം അറിയിച്ചു.
അതു പറഞ്ഞാൽ നമ്മുടെ ആളുകൾക്ക് സംസ്ഥാനത്തേക്ക് വരാൻ തടസ്സമാകും. അതിനാലാണ് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.പി.ഇ കിറ്റുകൾ വാങ്ങുന്നതുൾപ്പെടെ കാര്യങ്ങൾ യാത്രക്കാർതന്നെ ചെയ്യണം. ഇതുസംബന്ധിച്ച് സർക്കാർ വിമാനക്കമ്പനികളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. സംസ്ഥാനത്തേക്ക് വരുന്ന പല യാത്രക്കാരും ഇപ്പോൾതന്നെ പി.പി.ഇ കിറ്റുകൾ ധരിക്കുന്നുണ്ട്. ധരിക്കുന്നതു മൂലം ചില വിഷമങ്ങൾ അനുഭവപ്പെടും.
എന്നാലും ആരോഗ്യം സംരക്ഷിക്കാൻ ഇതുവേണം. എല്ലായിടങ്ങളിൽനിന്നും വരുന്നവർക്ക് പി.പി.ഇ കിറ്റുകൾ വേണമെന്ന് നിഷ്കർഷിച്ചിട്ടില്ല. ഏറ്റവും കൂടുതൽ രോഗികളുണ്ടാകുന്ന സൗദി , കുവൈത്ത് എന്നിവിടങ്ങളിൽനിന്നുള്ളവർക്കാണ് പി.പി.ഇ കിറ്റ് നിർബന്ധമാക്കിയിട്ടുള്ളത്. എന്നാൽ, കുവൈത്തിൽ പരിശോധന സംവിധാനമുണ്ട്. വരുന്നവരെയെല്ലാം വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയരാക്കും.
യാത്രാ പാസില്ലാതെ എത്തുകയും ഏറ്റെടുക്കാൻ കോൺട്രാക്ടർമാർ ഇല്ലാതിരിക്കുകയും ചെയ്യുന്ന അന്തർസംസ്ഥാന തൊഴിലാളികളെ റെയിൽവേ സ്റ്റേഷനുകളിൽനിന്ന് മടക്കി അയക്കരുതെന്ന് മുഖ്യമന്ത്രി. പകരം അവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയക്കുകയും ഏത് ജില്ലയിലേക്കാണോ പോകേണ്ടത് ആ ജില്ല സംവിധാനം അവർക്കായി ക്വാറൻറീൻ സൗകര്യം ഒരുക്കുകയും വേണം. ക്വാറൻറീൻ കാലാവധി അവസാനിച്ചശേഷം അവർക്ക് അവിടെത്തന്നെ തൊഴിലെടുക്കുന്നതിന് അവസരം നൽകാൻ ജില്ല തലത്തിൽ സൗകര്യങ്ങൾ ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സന്നദ്ധസേനാ വളൻറിയർമാർക്കുള്ള ഓൺലൈൻ പരിശീലനം വ്യാഴാഴ്ച ആരംഭിക്കും. ആദ്യഘട്ടത്തിൽ 20,000 പേർക്ക് പ്രീ മൺസൂൺ പരിശീലനം നൽകും. രജിസ്റ്റർചെയ്ത മൂന്നരലക്ഷം വളൻറിയർമാർക്ക് ആഗസ്റ്റ് ഒാടെ പരിശീലനം നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തിരിച്ചറിയൽ കാർഡ്, സർട്ടിഫിക്കറ്റ് എന്നിവ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.