കിടത്തിചികിത്സ, അത്യാഹിതം; ലക്ഷണമുണ്ടെങ്കിൽ മാത്രം ഇനി കോവിഡ് ടെസ്റ്റ്
text_fieldsതിരുവനന്തപുരം: കിടത്തിചികിത്സക്കോ അത്യാഹിത വിഭാഗത്തിലോ ഒ.പിയിലോ വരുന്ന രോഗികള്‍ക്ക് ലക്ഷണമുണ്ടെങ്കില്‍ മാത്രം കോവിഡ് പരിശോധന നടത്തിയാല്‍ മതിയെന്ന് ആരോഗ്യവകുപ്പ്. ആശുപത്രികൾക്കുള്ള പുതുക്കിയ മാർഗനിർദേശങ്ങളിലാണ് ഈ വിവരം. തുടര്‍ചികിത്സയ്ക്ക് കോവിഡ് പരിശോധന അനിവാര്യമാണെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ നിര്‍ദേശിച്ചാലും പരിശോധിക്കാം.
എല്ലാ ആശുപത്രിയിലും കോവിഡ് രോഗലക്ഷണവുമായി വരുന്നവര്‍ക്ക് ചികിത്സിക്കാന്‍ പ്രത്യേക ഇടം സജ്ജീകരിക്കാന്‍ നോക്കണം. ഒ.പിയിലും അത്യാഹിതവിഭാഗത്തിലും ഓരോ പ്രവേശനമാര്ഗമേ പാടുള്ളൂവെന്നും മാർഗരേഖയിൽ പറയുന്നു. നിലവിൽ ആശുപത്രികളിൽ കിടത്തി ചികിത്സിക്കുന്നവർക്കെല്ലാം കോവിഡ് പരിശോധന നിർബന്ധമാണ്.
വിവിധ സ്പെഷാലിറ്റിയില്‍ അഡ്മിറ്റായ രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സിക്കാന്‍ ആ സ്പെഷാലിറ്റിയുടെ കീഴില്‍ തന്നെ പ്രത്യേക വാര്‍ഡ് സജ്ജീകരിക്കണം. ഓരോ വിഭാഗവും അവരുടെ രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ പരിചരിക്കാന്‍ പ്രത്യേക കിടക്ക നീക്കിവെയ്ക്കണം. അടിയന്തര ചികിത്സ ആവശ്യമെങ്കില്‍ മാത്രം കോവിഡ് ഐ.സി.യുവിലേക്ക് മാറ്റണം. എല്ലാ ആരോഗ്യ പ്രവര്‍ത്തകരും എന്‍ 95 മാസ്ക്, ഫേസ് ഷീല്‍ഡ്, സര്‍ജിക്കല്‍ ഗൗണ്‍ എന്നിവ ധരിക്കണം. അതി ഗുരുതര വിഭാഗ ചികിത്സക്ക് മാത്രം പി.പി.ഇ കിറ്റ് മതി.
ആശുപത്രിയില്‍ സൗകര്യങ്ങളുണ്ടെങ്കില്‍ ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ള ഡയാലിസിസ് രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഡയാലിസിസ് മുടക്കരുതെന്നും നിർദേശമുണ്ട്.
ഹ്രസ്വകാല യാത്രക്കാര്‍ക്ക് ഇനി ക്വാറന്റീനില്ല
തിരുവനന്തപുരം: ഏഴ് ദിവസത്തില്‍ താഴെ കാലത്തേക്ക് സംസ്ഥാനത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇനി ക്വാറന്റീനില്ല. അതേസമയം കര്‍ശന കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ഇവര്‍ക്ക് സ്വന്തം വീട്ടിലോ ഹോട്ടലിലോ താമസിക്കാം. ഏഴ് ദിവസത്തിനുള്ളില്‍ തിരികെ മടങ്ങുകയും വേണം. കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ അവര്‍ ആരോഗ്യ സ്ഥാപനങ്ങളെ അറിയിക്കുകയും ചികിത്സ ലഭ്യമാക്കുകയും വേണം. അതേസമയം മറ്റ് യാത്രികർക്കുള്ള ഇളവുകളിൽ മാറ്റമില്ല.
എന്നാൽ ഏഴ് ദിവസത്തെ ക്വാറന്റീന് ശേഷം എട്ടാംദിവസം ആർ.ടി.പി.സി.ആർ എന്നത് ആന്റിജനായി മാറ്റിയിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് വ്യാപനതോത് കുറയുന്നതായി മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനവും രണ്ടാം ആഴ്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ചയില്‍ 215 ശതമാനവും ആയി കേസുകള്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ നാലാം ആഴ്ചയില്‍ 71 ശതമാനമായും കഴിഞ്ഞ ആഴ്ച 16 ശതമാനമായും കുറഞ്ഞു. പരിശോധന കൂടിയിട്ടും കേസുകള്‍ കൂടുന്നില്ല. 42.47 ശതമാനം കോവിഡ്, കോവിഡിതര രോഗികൾ മാത്രമാണ് ഐ.സി.യുവിലുള്ളത്. 57 ശതമാനത്തോളം ഐ.സി.യു കിടക്കകള്‍ ഒഴിവുണ്ട്. 84 ശതമാനം വെന്റിലേറ്ററുകള്‍ ഒഴിവുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം
തിരുവനന്തപുരം: കോവിഡ് മഹാമാരിമൂലം മാതാപിതാക്കളെ നഷ്ടമായ 103 കുട്ടികള്‍ക്ക് വനിത ശിശുവികസന വകുപ്പ് ധനസഹായം അനുവദിച്ചു. 3.9 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ആകെ 143 അപേക്ഷകളാണ് ലഭിച്ചത്. 3 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും, കുട്ടിക്ക് 18 വയസ്സ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് അനുവദിക്കുന്നത്. കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെ പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.