മണിക്കൂറുകളുടെ വ്യത്യാസത്തിൽ നടത്തിയ കോവിഡ് പരിശോധനഫലം മാറി; വിദേശയാത്ര മുടങ്ങി
text_fieldsമുക്കം: കോവിഡ് പരിശോധനഫലത്തിലെ വൈരുദ്ധ്യം മൂലം പ്രവാസിയുടെ വിദേശയാത്ര മുടങ്ങി. കളൻതോട് തത്തമ്മയിൽ നരക്കുംപൊയിൽ സന്തോഷ് കുമാറിനാണ് (55) കോവിഡ് പരിശോധന ഫലങ്ങളിലെ വ്യത്യാസം മൂലം യാത്ര മുടങ്ങിയത്. ദുബൈയിൽ ബുക്ക് ചെയ്ത ഹോട്ടലിന്റെ പണവും വിമാന ടിക്കറ്റ് പണവും നഷ്ടമായി.
കഴിഞ്ഞ 23ന് ദുബൈയിലേക്ക് പോവുന്നതിനായി ഇദ്ദേഹം യാത്രയുടെ അഞ്ച് മണിക്കൂർ മുമ്പ് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽനിന്ന് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയിരുന്നു. ഈ പരിശോധന ഫലം നെഗറ്റിവായതോടെ വിദേശയാത്രക്കായി കരിപ്പൂർ വിമാനത്താവളത്തിൽ എത്തി. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റിവ് എന്നാണ് രേഖപ്പെടുത്തിയത്. ഇതോടെ യാത്രയും മുടങ്ങി.
ശേഷം ഇതേ ലാബുമായി ബന്ധമുള്ള കോഴിക്കോട്ടെ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റിവ് എന്ന് ലഭിച്ചു. ഒരേ ദിവസം മൂന്ന് ലാബുകളിൽ നടത്തിയ പരിശോധനയിലാണ് വ്യത്യസ്ത ഫലങ്ങൾ വന്നത്. മാത്രമല്ല, കോഴിക്കോട്ടും മുക്കത്തും 500 രൂപ പരിശോധനക്ക് ഈടാക്കിയപ്പോൾ വിമാനത്താവളത്തിൽ 1500 രൂപയും ഈടാക്കി. പരിശോധന ഫലങ്ങളിൽ കൃത്യതയില്ലാത്ത സംഭവങ്ങൾ വർധിച്ചുവരുകയാണെന്നും ഇതുമൂലം പലർക്കും വിദേശത്തെ ജോലി ഉൾപ്പെടെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ടെന്നും സന്തോഷ് കുമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.