സ്വകാര്യ ആശുപത്രിയിലെ കോവിഡ് ഫലം പോസിറ്റിവ്; മെഡിക്കൽ കോളജിൽ നെഗറ്റിവ്
text_fieldsഈങ്ങാപ്പുഴ: സ്വകാര്യ ആശുപത്രിയിലെ പരിശോധനയിൽ കോവിഡ് പോസിറ്റിവായ വ്യക്തിക്ക് മെഡിക്കൽ കോളജിലെ പരിശോധനയിൽ ഫലം നെഗറ്റിവ്.
പുതുപ്പാടി പഞ്ചായത്ത് 15ാം വാർഡിലെ ചെറുട് എട്ടേക്രയിൽ താമസക്കാരനായ ദിലീപ് (32) ഈ മാസം ഒമ്പതിനാണ് കോഴിക്കോട് അരയിടത്തുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ഒമ്പതിന് രാത്രി പരിശോധനക്കായി സ്രവം ശേഖരിക്കുകയും പത്താം തീയതി പുലർച്ച ഫലം വരുകയും ചെയ്തു.
ഈ ഫലത്തിലാണ് കോവിഡ് പോസിറ്റിവായി കാണിച്ചത്. സംശയം തോന്നിയതിനെ തുടർന്ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആവശ്യപ്പെട്ടെങ്കിലും നൽകാത്തതിനെ തുടർന്ന് ഇവർ പൊലീസ് സഹായം തേടി. 15,000 രൂപ ഈടാക്കി രാത്രിയാണ് ഡിസ്ചാർജ് ചെയ്തത്.
11ാം തീയതി രാവിലെതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി പരിശോധന നടത്തി. ഈ പരിശോധനയുടെ ഫലം നെഗറ്റിവായിരുന്നു. കൂടാതെ, ഇയാളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ പരിശോധനഫലവും നെഗറ്റിവാണ്.
പോസിറ്റിവ് ഫലം വന്നയുടനെ ഇയാൾ ഭക്ഷണം കഴിച്ച താമരശ്ശേരിയിലെ ഹോട്ടൽ അടക്കമുള്ള സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പ് പൂട്ടിച്ചിരുന്നു.
ഇദ്ദേഹം താമസിക്കുന്ന വാർഡ് കെണ്ടയ്ൻമെൻറ് സോണായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തെറ്റായ പരിശോധനഫലം നൽകിയ സ്വകാര്യ ആശുപത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.