കോവിഡ് യാത്രാവിലക്ക്: ചൈനയിലേക്ക് മടങ്ങാനാകാതെ മെഡിക്കൽ വിദ്യാർഥികൾ
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ചൈനയിൽനിന്ന് മടങ്ങിയ വിദ്യാർഥികൾ തിരിച്ചുപോകാനാകാതെ പ്രതിസന്ധിയിൽ. വിദേശ വിദ്യാർഥികൾക്ക് തിരികെവരാൻ ഇതുവരെ ചൈന അനുമതി നൽകിയിട്ടില്ല. 2020 ആരംഭത്തിൽ ചൈനയിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെയാണ് വിദ്യാർഥികൾ മടങ്ങിയത്.
എം.ബി.ബി.എസ് വിദ്യാർഥികൾക്കാണ് കൂടുതൽ പ്രശ്നം. ഇവർക്ക് ഓൺലൈൻ ക്ലാസ് തുടരുന്നുണ്ടെങ്കിലും ക്ലിനിക്കൽ പരിശീലന സൗകര്യമില്ല. ലക്ഷക്കണക്കിന് രൂപ ബാങ്ക് വായ്പയെടുത്ത് പഠിക്കുന്നവരാണ് ബഹുഭൂരിഭാഗവും. ഒട്ടേറെ പേർ അവസാന വർഷ വിദ്യാർഥികളുമാണ്. യാത്രാവിലക്കിന്റെയും ഓൺലൈൻ ക്ലാസിന്റെയും സാഹചര്യത്തിൽ നാഷനൽ മെഡിക്കൽ കമീഷൻ കഴിഞ്ഞമാസം എട്ടിന് പ്രസിദ്ധീകരിച്ച സർക്കുലർ വിദ്യാർഥികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഓൺലൈൻ മെഡിക്കൽ കോഴ്സുകൾ അംഗീകരിക്കില്ലെന്നാണ് സർക്കുലറിൽ പറയുന്നത്.
ചൈനയിൽ പുതുതായി പ്രവേശനം തേടുന്ന വിദ്യാർഥികളെക്കൂടി മുൻനിർത്തിയായിരുന്നു സർക്കുലർ. ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കാൻ നയതന്ത്രതല ഇടപെടൽ ആവശ്യപ്പെട്ട് വിദ്യാർഥികളും ജനപ്രതിനിധികളും കേന്ദ്രസർക്കാറിനെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.