ആശുപത്രികളിൽ കോവിഡ് ചികിത്സക്ക് പ്രാമുഖ്യം
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അടിസ്ഥാന ചികിത്സാസൗകര്യങ്ങൾ ശക്തമാക്കുന്നു. പല ജില്ലകളിലും കലക്ടർമാരുടെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പുവരുത്താൻ ചർച്ച നടന്നുകഴിഞ്ഞു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പല സ്വകാര്യ ആശുപത്രികളും മറ്റു ചികിത്സകളിലേക്ക് മാറിയിരുന്നു.
മെഡിക്കൽ കോളജുകളടക്കം സർക്കാർ ചികിത്സാകേന്ദ്രങ്ങളും സ്പെഷാലിറ്റി ചികിത്സക്കടക്കം പ്രാമുഖ്യം നൽകിയിരുന്നു. പുതിയ സാഹചര്യത്തിൽ ആശുപത്രികളിൽ കോവിഡ് ചികിത്സക്ക് പ്രാമുഖ്യം നൽകാനാണ് നിർദേശം.
രോഗികൾക്ക് കോവിഡ്; ശ്രീചിത്രയിൽ നിയന്ത്രണം
തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഏഴു രോഗികൾക്കും രണ്ടു ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ഒ.പി പരിശോധനയിലും അഡ്മിഷൻ ചികിത്സയിലും നിയന്ത്രണം. ഹൃദയശസ്ത്രക്രിയാ വിഭാഗത്തെയടക്കം ഇത് ബാധിച്ചു. ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ച ഏഴു രോഗികൾക്കാണ് കോവിഡ് പോസിറ്റിവായത്.
അടിയന്തര ചികിത്സയെ ബാധിക്കാതെയായിരിക്കും നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു. സാധാരണ ശസ്ത്രക്രിയകൾ കോവിഡ് വ്യാപനം കുറയുന്നതിനനുസരിച്ച് പുനഃക്രമീകരിക്കും. ജാഗ്രതയുടെ ഭാഗമായ കോവിഡ് പരിശോധനയിൽ, അഡ്മിഷന് മുന്നോടിയായി കോവിഡ് കണ്ടെത്തുന്നത് വർധിച്ചു. ഒ.പി ചികിത്സ കുറച്ചതുമൂലമുണ്ടാകുന്ന പ്രയാസം ഒഴിവാക്കാൻ ടെലിമെഡിസിൻ സംവിധാനം ഏർപ്പെടുത്തി.
രജിസ്റ്റർ ചെയ്ത് ഫയൽ ഉള്ള രോഗികൾക്ക് ഡോക്ടറുമായി ടെലിഫോണിൽ സംസാരിച്ച് ചികിത്സ തേടാം. ഡോക്ടർ ഒപ്പിട്ട പ്രിസ്ക്രിപ്ഷൻ ഡൗൺലോഡ് ചെയ്യാനും സാധിക്കും. റിവ്യൂ ഫീസ് ഓൺലൈനായി അടയ്ക്കാനുള്ള ലിങ്ക് മെഡിക്കൽ റെക്കോർഡ്സ് ഡിപ്പാർട്മെൻറ് രജിസ്റ്റർ ചെയ്ത മൊബൈലിൽ മെസേജായി തരും. ഫോൺ: 04712524535 / 435 / 615. ഇ മെയിലായും ടെലിമെഡിസിൻ അപേക്ഷ നൽകാം. mrd@sctimst.ac.in.
തിരുവനന്തപുരം മെഡി.കോളജിൽ 15 ആരോഗ്യപ്രവർത്തകർക്ക് കോവിഡ്
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ച് പി.ജി ഡോക്ടർമാർക്കടക്കം 15 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ രണ്ട് ജീവനക്കാര്‍ക്കും കോവിഡ് ബാധ കണ്ടെത്തി. തലസ്ഥാന ജില്ലയിൽ തിങ്കളാഴ്ചമാത്രം അഞ്ച് ആരോഗ്യപ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ കോവിഡ് ചികിത്സാസൗകര്യങ്ങൾ ഒറ്റനോട്ടത്തിൽ
സർക്കാർ ആശുപത്രികൾ
ഐ.സി.യു കിടക്ക - 2665
രോഗികൾ - 1405
വെൻറിലേറ്റർ - 2225
രോഗികൾ - 377
സ്വകാര്യ ആശുപത്രികൾ
ഐ.സി.യു കിടക്ക: -7085
വെൻറിലേറ്റർ: -1523
പ്രഥമതല ചികിത്സാകേന്ദ്രങ്ങൾ: 60
കിടക്ക: - 8667
രോഗികൾ: - 2790
ദ്വിതീയതല ചികിത്സാകേന്ദ്രങ്ങൾ - 42
കിടക്ക: - 5155
രോഗികൾ: - 2420
ഡൊമിസെയില്‍ കെയര്‍ സെൻറർ: - 27
കിടക്ക: - 1786
രോഗികൾ - 156
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.