കോഴിക്കോട്ട് 50ൽ കൂടുതൽ കിടക്കയുള്ള സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സ
text_fieldsകോഴിക്കോട്: ജില്ലയിലെ 50ൽ കൂടുതൽ ബെഡ്ഡുകളുള്ള മുഴുവൻ സ്വകാര്യ ആശുപത്രികളെയും കോവിഡ് ചികിത്സക്ക് ഉപയോഗപ്പെടുത്തും. ഈ ആശുപത്രികളെ കോവിഡ് ജാഗ്രതാ പോർട്ടലിൽ ഉൾപ്പെടുത്തും. ഇതിന് മേൽനോട്ടം വഹിക്കാൻ അതാത് മേഖലകളിലെ വില്ലേജ് ഓഫീസർമാരെ ജില്ലാ കലക്ടർ ചുമതലപ്പെടുത്തി. കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നതിനാലാണ് പരമാവധി സ്വകാര്യ ആശുപത്രികളിൽ സൗകര്യമൊരുക്കുന്നത്.
75000 രോഗികളെ വരെ ചികിത്സിക്കാനാവശ്യമായ മുൻ കരുതലോടു കൂടിയാണ് കോവിഡ് ചികിത്സാ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. മെഡിക്കൽ കോളജ്, ഐ.എം.സി.എച്ച്, ബീച്ച് ആശുപത്രി, പി.എം.എസ്.എസ് വൈ ബ്ലോക്ക് എന്നീ സർക്കാർ മേഖലയിലെ ചികിത്സാ കേന്ദ്രങ്ങൾക്ക് പുറമെ മിംസ്, ഇഖ്‌റ, ബേബി മെമ്മോറിയൽ, മലബാർ മെഡിക്കൽ കോളജ് തുടങ്ങിയ സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സയിൽ ജില്ലാ ഭരണകൂടത്തോടൊപ്പം നേരത്തേ തന്നെ പങ്കാളികളാണ്. ഏത് ഘട്ടത്തിലും ഉപയോഗപ്പെടുത്താവുന്ന സൗകര്യങ്ങളോടെ താലൂക്ക് ആശുപത്രികളും മാസങ്ങൾക്ക് മുന്നെ തന്നെ സജ്ജമായിട്ടുണ്ട്.
കോവിഡ് രോഗ ചികിത്സാ, പ്രതിരോധ നടപടികളുടെ ഏകോപനത്തിന് കോവിഡ് ജാഗ്രത പോർട്ടലിൽ മുഴുവൻ വിവരങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. വിവിധ കോവിഡ് ആശുപത്രികളിൽ ഉപയോഗപ്പെടുത്തുന്നതിലേക്കായി 3688 കിടക്കകൾ ഇപ്പോൾ സജ്ജമാണ്. ഓക്സിജൻ ലഭ്യതയും ആവശ്യത്തിനുണ്ട്.
നാലു മണിക്കൂര്‍ ഇടവേളയിൽ ജില്ലയിലെ സര്‍ക്കാർ– സ്വകാര്യ ആശുപത്രികളിലെ വെന്‍റിലേറ്ററുകള്‍, ഐ.സി.യു ബെഡുകള്‍, മറ്റു ബെഡുകള്‍ എന്നിവയുടെ ലഭ്യതയുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യും. ഓക്സിജൻ ലഭ്യത ഉറപ്പു വരുത്താൻ വാർ റൂം പ്രവർത്തിക്കുന്നുണ്ട്. ചികിത്സാ സൗകര്യങ്ങൾ നിരീക്ഷിക്കാനും നടപ്പിലാക്കാനും ജില്ലാ ഭരണകൂടത്തിന് കീഴിൽ ഓരോ കോഡിനേറ്റർമാരെ ആശുപത്രികളിൽ നിയോഗിച്ചിട്ടുണ്ട്.
ജില്ലയിലെ 38 കോവിഡ് ആശുപത്രികളിൽ ഇപ്പോൾ ഉപയോഗപ്പെടുത്തുന്നതിന് നീക്കിവെച്ചതിൽ 685 കിടക്കകൾ ഇപ്പോൾ ഒഴിവുണ്ട്. 60 ഐ.സി.യു കിടക്കകളും 38 വെന്‍റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 360 കിടക്കകളുമാണ് നിലവിൽ ഒഴിവുള്ളത്. ഒൻപത് സർക്കാർ ആശുപത്രികളിൽ മാത്രമായി 194 കിടക്കകളും 37 ഐ.സി.യു കിടക്കകളും 29 വെന്‍റിലേറ്ററുകളുമുണ്ട്. 13 സി.എഫ്.എൽ.ടി.സികളിലായി 492 കിടക്കകളും ഒഴിവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.