കോവിഡ് ചികിത്സക്ക് കൂടുതൽ സ്വകാര്യ ആശുപത്രികൾ; താൽക്കാലിക കരാറിനും സർക്കാർ
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിരോധ ദൗത്യത്തിൽ കൂടുതൽ സ്വകാര്യ ആശുപത്രികളെ കണ്ണിചേർക്കുന്നതിെൻറ ഭാഗമായി സർക്കാർ താൽക്കാലിക കരാറിന് (എംപാനൽമെൻറ്). കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിയിൽ ഉൾപ്പെട്ട സ്വകാര്യ ആശുപത്രികൾക്കാണ് കോവിഡ് ചികിത്സക്കായി നിലവിൽ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. സ്ഥിരമായി കാരുണ്യയിൽ ഉൾപ്പെടാൻ താൽപര്യമില്ലാത്ത, എന്നാൽ കോവിഡ് പ്രതിരോധ നടപടികളിൽ സർക്കാറുമായി സഹകരിക്കാൻ സന്നദ്ധതയുമുള്ള സ്വകാര്യ ആശുപത്രികൾക്കായാണ് താൽക്കാലിക എംപാനൽമെൻറ് ഏർപ്പെടുത്തുന്നത്.
നിലവിൽ 222 സ്വകാര്യ ആശുപത്രികളാണ് കോവിഡ് ചികിത്സക്ക് സർക്കാറുമായി സഹകരിക്കുന്നത്. ഇതിനുപുറെമ കൂടുതൽ കിടക്കകൾ സജ്ജമാക്കാനാണ് താൽക്കാലിക എംപാനൽമെൻറ്. ഒരുമാസം മുതൽ മൂന്ന് മാസം വരെ കാലയളവിലേക്കാണ് കരാർ ഒപ്പിടുക. േകാവിഡ് ചികിത്സക്കായി സർക്കാർ നിശ്ചയിച്ച നിരക്കുകൾ തന്നെയായിരിക്കും ഇവർക്കും ബാധകം. കാരുണ്യയിലെ അംഗങ്ങൾക്ക് പുറെമ സർക്കാർ ആശുപത്രികളിൽ നിന്ന് റഫർ ചെയ്യുന്ന രോഗികളെയും ഇവർ പരിചരിക്കണം.
എംപാനൽമെൻറിന് ഒാൺലൈൻ വഴിയാണ് രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്.എച്ച്.എ) യുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.
നിലവിലെ കോവിഡ് ചികിത്സക്കായി സർക്കാർ നിഷ്കർഷിച്ച മാനദണ്ഡങ്ങൾ താൽക്കാലിക എംപാനൽമെൻറിനും ബാധകമാണ്. ചുരുങ്ങിയത് രണ്ട് വാർഡുകൾ, കോവിഡ് രോഗികൾക്കായി നീക്കിവെച്ച മൊത്തം കിടക്കകളിൽ 30 ശതമാനത്തിലും കേന്ദ്രീകൃത ഓക്സിജൻ ലഭ്യത, ക്രിട്ടിക്കൽ കെയർ ചികിത്സക്കായി 10 ശതമാനം കിടക്കകൾ തുടങ്ങിയവയാണ് പ്രധാന മാനദണ്ഡങ്ങൾ. ഒരുസമയം കുറഞ്ഞത് 20 രോഗികളെ ചികിത്സിക്കുന്നതിനുള്ള സൗകര്യമുണ്ടാവണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.