കോവിഡ് വാക്സിനേഷൻ ഡ്രൈവ്: കേരളത്തിന് ദേശീയ അവാർഡ്
text_fieldsതിരുവനന്തപുരം: ഇന്ത്യാ ടുഡേയുടെ ഈ വർഷത്തെ ഹെൽത്ത്ഗിരി അവാർഡ് പട്ടികയിൽ കേരളവും. രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്സിനേഷൻ ഡ്രൈവിനാണ് സംസ്ഥാന ആരോഗ്യ വകുപ്പിന് അവാർഡ് ലഭിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ടവ്യയിൽനിന്ന് ആരോഗ്യ വകുപ്പിന് വേണ്ടി കേരള ഹൗസ് റെസിഡന്‍റ് കമീഷണർ സൗരഭ് ജയിൻ പുരസ്‌കാരം ഏറ്റുവാങ്ങി.
കേരളം നടത്തിയ മികച്ച വാക്സിനേഷനുള്ള അംഗീകാരമാണ് ഈ അവാർഡെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്തെ ഒന്നാം ഡോസ് വാക്സിനേഷൻ അന്തിമ ഘട്ടത്തിലാണ്. 92.66 ശതമാനം പേരും (2,47,47,633) നിലവിലെ മാനദണ്ഡമനുസരിച്ച് ഒരു ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. 41.63 ശതമാനം പേർ (1,11,19,633) രണ്ടു ഡോസ് വാക്സിനും എടുത്തു. 45 വയസ്സിന് മുകളിലുള്ള 97 ശതമാനം പേരും ഒരു ഡോസ് വാക്സിൻ എടുത്തവരാണ്. ഒന്നും രണ്ടും ഡോസും ചേർത്ത് 3,58,67,266 ഡോസ് വാക്സിൻ നൽകി. സംസ്ഥാനത്തെ വാക്സിനേഷൻ ലക്ഷ്യത്തോടടുക്കുകയാണ്. ഇനി 19 ലക്ഷത്തോളം പേരാണ് ആദ്യ ഡോസ് വാക്സിനെടുക്കാനുള്ളത്.
കോവിഡ് ബാധിച്ചവർക്ക് മൂന്ന് മാസം കഴിഞ്ഞ് വാക്സിൻ എടുത്താൽ മതിയാകും. ഇത്തരത്തിലുള്ളവർ 10 ലക്ഷത്തോളം പേർ വരുമെന്നാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ വളരെ കുറച്ച് പേരാണ് വാക്സിനെടുക്കാനുള്ളത്. ഇനിയും വാക്സിനെടുക്കാനുള്ളവർ എത്രയും വേഗം വാക്സിൻ എടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
കൃത്യമായ പ്ലാനോടെയാണ് സംസ്ഥാനത്തെ വാക്സിനേഷൻ ഡ്രൈവ് മുന്നോട്ട് കൊണ്ടുപോയത്. രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികൾക്ക് വീട്ടിൽ പോയി വാക്സിൻ നൽകിയ സംസ്ഥാനമാണ് കേരളം. 60 വയസ്സിന് മുകളിലുള്ളവർക്കും കിടപ്പ് രോഗികൾക്കും പൂർണമായും ആദ്യ ഡോസ് വാക്സിൻ നൽകാൻ പ്രത്യേക യജ്ഞങ്ങൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കി. വാക്സിനേഷനായി രജിസ്ട്രേഷൻ നടത്താനറിയാത്തവർക്ക് കൂടി വാക്സിൻ നൽകാനായി. വാക്സിൻ സമത്വത്തിനായി വേവ് (WAVE: Work Along for Vaccine Equity) കാമ്പയിൻ ആവിഷ്‌കരിച്ച് നടപ്പാക്കി.
ഇതുകൂടാതെ ഗർഭിണികളുടെ വാക്സിനേഷനായി മാതൃകവചം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷൻ എന്നിവയും നടപ്പാക്കി. മികച്ച രീതിയിലും വളരെ വേഗത്തിലും വാക്സിനേഷന് പ്രയത്നിക്കുന്ന എല്ലാവർക്കുമുള്ള അംഗീകാരമാണിതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിന് പുറമെ വാക്സിനേഷൻ ഡ്രൈവ് അവാർഡിന് ഗുജറാത്തും അർഹരായി. മികച്ച കോവിഡ് പ്രതിരോധത്തിനുള്ള അവാർഡ് കർണാടകക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.