നിപ: കോഴിക്കോട് താലൂക്കിൽ കോവിഡ് വാക്സിനേഷൻ നിർത്തിവെച്ചു
text_fieldsകോഴിക്കോട്: നിപ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കോഴിക്കോട് താലൂക്കിൽ കോവിഡ് വാക്സിനേഷൻ നിർത്തിവെച്ചു. രണ്ടു ദിവസത്തേക്കാണ് വാക്സിനേഷൻ നിർത്തിവെച്ചത്. നിപ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, കോവിഡ് ലക്ഷണമുള്ളവർക്ക് ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെട്ട് പരിശോധന നടത്താവുന്നതാണെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട്ട് നിപാ ബാധിച്ച് മരിച്ച 12വയസുകാരന്‍റെ സമ്പർക്കപ്പട്ടികയിലുള്ള 11 പേർക്ക് രോഗലക്ഷണമുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. എന്നാൽ, ആർക്കും തീവ്രമായ ലക്ഷണമില്ല. ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ അമ്മയ്ക്ക് ഉണ്ടായിരുന്ന പനിയും കുറഞ്ഞുവരികയാണ്.
251 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. ഇതിൽ 129 പേർ ആരോഗ്യ പ്രവർത്തകരാണ്. 54 പേർ ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നവരാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ പരിശോധന ലാബ് സജ്ജമായിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ മെഡിക്കൽ ഓഫിസർ, ഹെൽത് ഇൻസ്പെക്ടർമാർ, ആശ പ്രവർത്തകർ ഉൾപ്പെടെ 317 ആരോഗ്യപ്രവർത്തകർക്ക് ഇന്ന് പരിശീലനം നൽകി.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിൻെറ മൂന്ന് കിലോമീറ്ററിലെ കണ്ടെയിൻമെൻറ് മേഖലയിൽ ഫീൽഡ് നിരീക്ഷണവും കമ്യൂണിറ്റി നിരീക്ഷണവും നടക്കുന്നുണ്ട്. നാളെ മുതൽ വീടുകൾ തോറുമുള്ള നിരീക്ഷണവും നടത്തുമെന്നും മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.