വാക്സിനെടുക്കാനും ഇനി നെഗറ്റിവാകണം
text_fieldsകണ്ണൂർ: ജില്ലയില്‍ വാണിജ്യ മേഖലകളും വിവിധ തൊഴില്‍ രംഗങ്ങളും കോവിഡ് വിമുക്ത സുരക്ഷിത മേഖലയാക്കുന്നതിനായി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. വാക്സിന് എടുക്കാനും 72 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. കോവിഡ് സാഹചര്യം തുടരുന്ന സ്ഥിതിയില്‍ സമൂഹത്തിെൻറ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എങ്ങനെ സാധാരണ രീതിയില്‍ സാധ്യമാക്കാമെന്നാണ് ആലോചിക്കുന്നതെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കലക്ടര്‍ ടി.വി. സുഭാഷ് പറഞ്ഞു. ഇതിെൻറ ഭാഗമായാണ് രണ്ട് ഡോസ് വാക്സിനോ ആർ.ടി.പി.സി.ആർ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ വിവിധ മേഖലകളില്‍ നിര്ബന്ധമാക്കുന്നതെന്നും കലക്ടര്‍ അറിയിച്ചു.ജൂലൈ 28 മുതലാണ് കോവിഡ് പ്രതിരോധ വാക്സിന് എടുക്കാൻ ആർ.ടി.പി.സി.ആർ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങള്‍ തയാറാക്കുന്ന പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് വാക്സിന് നല്‍കുക. ഇവര്‍ പരിശോധന നടത്തി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ആകെ നല്കുന്ന വാക്സിെൻറ 50 ശതമാനം ആയിരിക്കും ഈ രീതിയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍ഗണന പട്ടികയിൽ ഉൾപ്പെട്ടവർക്ക് നൽകുക. വാക്സിന് എടുക്കേണ്ടവര്‍ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വാക്സിന് ഉറപ്പുവരുത്തണം.
ഇതിനനുസരിച്ച് വാക്സിന് വിതരണ സംവിധാനം പുനഃക്രമീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പൊതുഗതാഗത മേഖലയായ ബസ്, ഓട്ടോ, ടാക്സി എന്നിവയിലെ തൊഴിലാളികള്‍, കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്കും രണ്ട് ഡോസ് വാക്സിനോ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കും. രണ്ട് ഡോസ് വാക്സിന് എടുക്കാത്തവര്‍ക്ക് 15 ദിവസത്തിലൊരിക്കലുള്ള ആർ.ടി.പി.സി.ആർ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം.
പൊതുജനങ്ങള്‍ ഏറെ സമ്പര്‍ക്കം പുലര്‍ത്തുന്ന ഇടങ്ങള്‍ രോഗ വ്യാപന സാധ്യത ഇല്ലാതാക്കി സുരക്ഷിതമാക്കാനാണ് നടപടി. ഇതുവഴി വിവിധ തൊഴില്‍ രംഗങ്ങളെയും സാമ്പത്തിക മേഖലകളെയും കോവിഡ് വിമുക്ത സുരക്ഷിത മേഖലയാക്കി അവിടങ്ങളിലെ സാധാരണ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ സാധ്യമാക്കാനാവുമെന്ന് കലക്ടര്‍ പറഞ്ഞു.
പോസിറ്റിവ് ആകുന്നവര്‍ക്ക് ആവശ്യമായ ക്വാറൻറീന് സൗകര്യം ഇല്ലെങ്കിലും വീടുകളില്‍ നിന്ന് മാറാന്‍ മടിക്കുന്ന സാഹചര്യം ഉണ്ട്. ഇത് അനുവദിക്കാനാവില്ല. ക്വാറൻറീൻ സൗകര്യം പര്യാപ്തമാണോയെന്ന് ഉറപ്പിക്കേണ്ടത് ബന്ധപ്പെട്ട ആർ.ആർ.ടിയാണ്. അവരുടെ തീരുമാന പ്രകാരം ആവശ്യമെങ്കില്‍ അത്തരമാളുകളെ നിര്‍ബന്ധപൂര്‍വം വീടുകളിൽനിന്ന് മാറ്റാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
ആശങ്കയേറുന്നു; 1121 പേർക്ക് കോവിഡ്
കണ്ണൂർ: ജില്ലയിൽ കോവിഡ് വ്യാപനത്തിൽ ആയിരം കടന്നുള്ള ആശങ്ക വീണ്ടും. വെള്ളിയാഴ്ച 1121 പേര്‍ക്ക് പോസിറ്റിവായി. സമ്പര്‍ക്കത്തിലൂടെ 1099 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ എട്ടുപേർക്കും 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗ സ്ഥിരീകരണ നിരക്ക് 13.32 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റിവ് കേസുകള്‍ 1,79,310 ആയി. ഇവരില്‍ 781 പേര് വെള്ളിയാഴ്ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 1,71,953 ആയി. 1009 പേര് രോഗം മൂലം മരിച്ചു. 4577 പേര് ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളത് 23,973 പേരാണ്. ഇതില്‍ 23211 പേര് വീടുകളിലും 762 പേര് ആശുപത്രികളിലുമാണ് കഴിയുന്നത്. ജില്ലയില്‍നിന്ന് ഇതുവരെ 14,39,381 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 14,38,579 എണ്ണത്തിെൻറ ഫലം വന്നു. 802 എണ്ണത്തിെൻറ ഫലം ലഭിക്കാനുണ്ട്.
സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന
കണ്ണൂർ: ശനിയാഴ്ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന നടത്തും. ഫാത്തിമമാത യു.പി സ്കൂള്‍ കുടിയാന്മല, മണ്ണേരി വായനശാല ഊരത്തൂര്‍, മേലെ ചമ്പാട് വെസ്റ്റ് യു.പി സ്കൂള്‍ പന്ന്യന്നൂര്‍, ആര്.സി അമല ബേസിക് യു.പി സ്കൂള്‍ പിണറായി, ശ്രീ നീലിയാര്‍ ഭഗവതി കോട്ടം ഓഡിറ്റോറിയം പുണിയംകോട് മാതമംഗലം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ നാലുവരെയാണ് പരിശോധന. കല്ലേറ്റുകടവ് വായനശാല രാമന്തളി, ഇരിണാവ് ഹിന്ദു എല്‍.പി സ്കൂള്‍, കക്കാട് കോര്‍ജാന്‍ യു.പി സ്കൂള്‍, ഇരിക്കൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ച 12.30 വരെ. ടാഗോര്‍ വായനശാല കുന്നരു, മൊറാഴ കുഞ്ഞറയല് സബ്സെൻറര്‍, ജ്യോതിഭവന്‍ മേലെചൊവ്വ, മുണ്ടക്കൈപറമ്പ് ഫാറൂക്ക് പള്ളി എന്നിവിടങ്ങളിൽ ഉച്ച രണ്ടുമുതല്‍ നാലുമണി വരെയുമാണ് സൗജന്യ പരിശോധനക്ക് സൗകര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.