ആശങ്കയുയർത്തി കോവിഡ്; ആശ്വാസം തേടി വിളികൾ
text_fieldsതൊടുപുഴ: ഒന്നാംഘട്ടത്തെ അപേക്ഷിച്ച് കോവിഡിെൻറ രണ്ടാം വ്യാപനം കൂടുതൽ പേരിൽ ആശങ്കക്കും മാനസിക സമ്മർദത്തിനും വഴിവെക്കുന്നു. ആശങ്കകൾ പങ്കുവെച്ച് ആരോഗ്യവകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയിലേക്കും ദിശ ഹെൽപ്ലൈനിലേക്കും ദിവസവും നൂറുകണക്കിന് ഫോൺ വിളികളാണ് എത്തുന്നത്.
ഇതോടെ കോവിഡ് രോഗികളുടെ മാനസിക സമ്മർദം കുറക്കാനുള്ള പ്രവർത്തനങ്ങളും ആരോഗ്യവകുപ്പ് ഉൗർജിതപ്പെടുത്തി.
കോവിഡിെൻറ ഒന്നാംഘട്ടത്തിൽ കൂടുതൽ പേരുടെയും പ്രധാന ആശങ്ക തൊഴിൽ നഷ്ടപ്പെടുന്നതും വരുമാനം നിലക്കുന്നതും വീട്ടിനുള്ളിൽതന്നെ കഴിയേണ്ടിവരുന്നതുമായിരുന്നു. ഇപ്പോൾ കോവിഡിനെക്കുറിച്ച അനാവശ്യഭീതിയുടെ പിടിയിലാണ് കൂടുതൽ പേരും.
ഉത്തരേന്ത്യയിൽ ഒാക്സിജൻ കിട്ടാതെയുള്ള മരണങ്ങളും സംസ്ഥാനത്തുതന്നെ ബെഡുകളുടെയും ഒാക്സിജൻ സിലിണ്ടറുകളുടെയും വെൻറിലേറ്റർ സൗകര്യങ്ങളുടെയും അഭാവവും സംബന്ധിച്ച വാർത്തകൾ ഈ ആശങ്കയുടെ ആഴം വർധിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഫോൺവഴിയുള്ള അന്വേഷണങ്ങളും ആശങ്ക പങ്കുവെക്കലും അടുത്തിടെ വർധിച്ചതായി മാനസികാരോഗ്യ പരിപാടിയുടെ സംസ്ഥാന നോഡൽ ഒാഫിസർ ഡോ. പി.എസ്. കിരൺ പറയുന്നു. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽനിന്നാണ് ഇത്തരം വിളികളിൽ കൂടുതലും.
ലക്ഷണങ്ങളില്ലാത്തവർ വീടുകളിൽ കഴിഞ്ഞാൽ മതിയെന്ന് നിർദേശമുണ്ടെങ്കിലും പോസിറ്റീവായ ഉടൻ ആശുപത്രിയിൽ കിടത്തിച്ചികിത്സ ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടിവരുന്നതിന് പിന്നിലും അനാവശ്യ ഭീതിയാണ്. ആരോഗ്യപ്രവർത്തകർക്കിടയിലും ഇത്തരം ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇവർക്ക് മാനസിക സമ്മർദം അതിജീവിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.
വീടുകളിലും ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലും കഴിയുന്ന 10,85,902 രോഗികളെയും കോവിഡ് മുക്തരായ 3,57,534 പേരെയും കൗൺസലിങ് വിദഗ്ധർ ഇതിനകം ഫോണിൽ ബന്ധപ്പെട്ടു.എല്ലാ രോഗികളെയും ഫോണിൽ ബന്ധപ്പെട്ട് മാനസികപിന്തുണ ഉറപ്പാക്കുകയാണ് ആരോഗ്യ വകുപ്പിെൻറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.