കോവിഡ് മരണം: പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്താൻ തീരുമാനം
text_fieldsതിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങൾ കൃത്യമായി പ്രസിദ്ധപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ജില്ല അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് പുറത്തുവിടുക. ഡോക്ടർമാർ സ്ഥിരീകരിച്ച കോവിഡ് മരണങ്ങളാണ് പരസ്യപ്പെടുത്തുക.
കോവിഡ് കാരണം മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞദിവസം സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാൽ, സംസ്ഥാനത്ത് മരിച്ചവരുടെ കൃത്യമായ വിശദാംശങ്ങൾ ലഭ്യമായിരുന്നില്ല. ഇതിന് പരിഹാരം കാണുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം.
മരിച്ചവരുടെ പേരും വയസ്സും സ്ഥലവും നാളെ മുതൽ ആരോഗ്യ വകുപ്പിന്‍റെ വെബ്സൈറ്റിൽ ലഭ്യമാകും. 2020 ഡിസംബർ മുതലാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിടുന്നത് നിർത്തിവെച്ചത്.
നിലവിൽ വയസ്സും സ്ഥലവും മാത്രമാണുള്ളതെന്നും മരിച്ചയാൾ കോവിഡ് പട്ടികയിലാണോ എന്ന് ഉറപ്പുവരുത്താൻ ബന്ധുക്കൾക്കുപോലും സാധിക്കുന്നില്ലെന്നും മീറ്റ് ദി പ്രസിൽ മാധ്യമപ്രവർത്തകർ ആരോഗ്യ മന്ത്രിയോട് ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങൾ കൃത്യമായി പ്രസിദ്ധപ്പെടുത്തുന്നത് പരിശോധിക്കുമെന്ന് അവർ മറുപടി നൽകുകയും ചെയ്തു.
അതേസമയം, സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ബന്ധുക്കളുടെ നിലപാടും കണക്കിലെടുക്കണമെന്നും അവർ പറഞ്ഞിരുന്നു.
നിലവിൽ മരണങ്ങൾ നിർണയിക്കുന്നതിങ്ങനെ
കോവിഡ് മരണങ്ങൾ നിർണയിക്കാനുള്ള സംവിധാനം സംസ്ഥാനതലത്തിൽനിന്ന് ജൂൺ 15ഒാടെയാണ് ജില്ലകളിലേക്ക് മാറ്റിയത്. മരണങ്ങൾ ജില്ല ഡെത്ത് ഒാഡിറ്റ് സമിതിക്ക് റിപ്പോർട്ട് ചെയ്യുന്നത് ഒാൺലൈൻ സംവിധാനം വഴിയാണ്. ഐ.സി.എം.ആറിെൻറ മാനദണ്ഡം അനുസരിച്ച് രോഗിയെ ചികിത്സിച്ച ആശുപത്രിയിലെ ബന്ധപ്പെട്ട അധികൃതർ തന്നെ മരണങ്ങൾ 24 മണിക്കൂറിനുള്ളിൽ ജില്ല ഡെത്ത് ഒാഡിറ്റ് വിഭാഗത്തിലേക്ക് റിേപ്പാർട്ട് ചെയ്യും.
ജില്ല സർവയലൻസ് ഒാഫിസറുടെയോ ഡെപ്യൂട്ടി ഡി.എം.ഒയുടെയോ നേതൃത്വത്തിലാണ് ജില്ലതല കമ്മിറ്റികൾ പ്രവർത്തിക്കുക. ആശുപത്രികളിലുണ്ടാകുന്ന മരണങ്ങൾ സൂപ്രണ്ടോ ആരോഗ്യവിഭാഗം മേലധികാരിയോ ആണ് റിപ്പോർട്ട് ചെയ്യേണ്ടത്. മരിച്ചശേഷം കൊണ്ടുവരുന്ന കേസുകളിലും ഇവർക്കാണ് ചുമതല.
സി.എഫ്.എൽ.ടി.സികളിലോ ഡി.സി.സികളിലോ ആണ് മരണമുണ്ടായതെങ്കിൽ ചാർജുള്ള മെഡിക്കൽ ഒാഫിസറും റിപ്പോർട്ട് ചെയ്യണം. െഎ.സി.എം.ആർ മാനദണ്ഡപ്രകാരം മരണകാരണം വിശദമാക്കിയുള്ള സർട്ടിഫിക്കറ്റ്, രോഗിയുടെ അടിസ്ഥാനവിവരങ്ങളും ചികിത്സയിൽ പ്രവേശിപ്പിച്ച സമയവും മറ്റ് ചികിത്സ വിവരങ്ങളുമടങ്ങുന്ന ലഘു മെഡിക്കൽ ബുള്ളറ്റിനും ഒാൺലൈനായി ജില്ലയിലേക്ക് നൽകും.
ഇവ വിശദമായി പരിശോധിച്ച ശേഷമാണ് ജില്ല ഡെത്ത് ഒാഡിറ്റ് കമ്മിറ്റി 24 മണിക്കൂറിനുള്ളിൽ മരണകാരണം നിർണയിക്കുക. നേരത്തെ ഇവയെല്ലാം സംസ്ഥാന തലത്തിലെ സമിതിയാണ് നടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.