കറവപ്പശു പേ പിടിച്ച് ചത്തു: 15 വീട്ടുകാർ ആശങ്കയിൽ
text_fieldsകല്ലടിക്കോട്: കറവപശു പേവിഷ ബാധയേറ്റ് ചത്തു. പാലും ഉത്പന്നങ്ങളും ഉപയോഗിച്ച 15 വീട്ടുകാർ ആശങ്കയിൽ. കരിമ്പ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് മരുതംകാട് ഒളരാനി ഭാഗത്താണ് സംഭവം. രോഗം ബാധിച്ച കറവപശുവാണ് കഴിഞ്ഞ ദിവസം ചത്തത്.
മൃഗാശുപത്രിയിലെ വെറ്റിനറി സർജൻ സ്ഥലത്തെത്തി പരിശോധിച്ചു. പശു ചത്തത് പേവിഷബാധ ഏറ്റാണെന്ന് ഡോക്ടർ സ്ഥിരീകരിച്ചിരുന്നു. ഇതോടെ പശുവിൻപാലും മറ്റ് ഉത്പന്നങ്ങളും ഉപയോഗിച്ച 15 വീട്ടുകാർക്ക് ഭീതിയായി. കുട്ടികളും മുതിർന്നവരും അടക്കം 30 പേർ പാലും മറ്റ് ഉത്പന്നങ്ങളും ഉപയോഗിച്ചതായി അറിയുന്നു. ഇവർ പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സ തേടി.
ഈയിടെ പ്രസവിച്ച പശുവിന്റെ പാൽ ഉപയോഗിച്ച് ഉണ്ടാക്കിയ തൈര് 15 വീട്ടുകാർക്ക് വിതരണം ചെയ്തിരുന്നു. ഈപ്രദേശത്ത് നിരവധി പേർ ഉപജീവനത്തിന് പശുക്കളെയും ആടുകളെയും വളർത്തുന്നുണ്ട്. സംഭവമറിഞ്ഞ ആരോഗ്യ വകുപ്പ് ജീവനക്കാരും മൃഗാശുപത്രി ജീവനക്കാരും പ്രദേശത്ത് ബോധവത്ക്കരണം നടത്താനുള്ള ഒരുക്കത്തിലാണ്.
പേവിഷ ബാധയേറ്റ പശുവിന്റെ പാൽ കുടിച്ചാൽ...
പേവിഷബാധ സ്ഥിരീകരിച്ച പശുവിന്‍റെ പാലില്‍ രോഗാണുക്കളുണ്ടെങ്കില്‍ ചൂടാക്കുമ്പോള്‍ അവ നശിക്കും. അതിനാൽ, പാല്‍ കുടിച്ചതിന്റെ പേരിൽ പരിഭ്രാന്തരാവേണ്ടതില്ല. പാൽ 60 ഡിഗ്രി സെന്‍റിഗ്രേഡിലെങ്കിലും ചൂടാക്കിയാല്‍ 10 സെക്കൻഡിനുള്ളില്‍ വൈറസുകള്‍ നശിക്കും. പേവിഷബാധ സ്ഥിരീകരിച്ച മൃഗത്തിന്റെ പാല്‍ ചൂടാക്കാതെ നേരിട്ടാണ് കുടിച്ചതെങ്കില്‍ പ്രതിരോധകുത്തിവെപ്പ് എടുക്കേണ്ടിവരും. ലോകാരോഗ്യ സംഘടനയും ഇതാണ് നിർദേശിക്കുന്നത്.
പേവിഷ പ്രതിരോധകുത്തിവെപ്പ് മുന്‍കൂറായി കൃത്യമായി എടുത്ത വളര്‍ത്തുമൃഗമാണെങ്കില്‍ അവയുടെ ശരീരത്തില്‍ പ്രതിരോധശേഷിയുണ്ടാവും. പേ പിടിച്ച നായുടെയോ മറ്റോ കടിയേറ്റ ശേഷം വീണ്ടും ബൂസ്റ്റര്‍ കുത്തിവെപ്പ് കൂടി എടുത്താൽ ശക്തമായ പ്രതിരോധശേഷി രൂപപ്പെടുകയും രോഗാണുവിനെ പ്രതിരോധിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.