കശാപ്പ് നിരോധനം: ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളി; മുഖ്യമന്ത്രിമാർക്ക് പിണറായിയുടെ കത്ത്
text_fieldsതിരുവനന്തപുരം: കന്നുകാലി കശാപ്പിനുമേല് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ പിന്തുണ ആവശ്യപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കേന്ദ്ര ഉത്തരവ് കേരളത്തിൽ നടപ്പാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കുന്നതിനിടയിലാണ് വിഷയത്തിൽ മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണകൂടി കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.
ഭരണഘടനയുടെ അടിസ്ഥാനശിലകളിലൊന്നായ ഫെഡറലിസത്തിെൻറ ലംഘനമാണ് ഉത്തരവിലൂടെ നടന്നിരിക്കുന്നതെന്നും സംസ്ഥാനങ്ങളുടെ നിയമനിര്‍മാണസംവിധാനത്തിന് മേലുള്ള കടന്നുകയറ്റം അനുവദിക്കരുതെന്നും കത്തിൽ പറയുന്നു.
1960ലെ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി റ്റു അനിമല്‍സ് ആക്റ്റിെൻറ കീഴില്‍ പുറപ്പെടുവിച്ച ചട്ടങ്ങള്‍ തികച്ചും വിചിത്രമാണ്. ആക്റ്റിെൻറ ഉദ്ദേശ്യലക്ഷ്യങ്ങളുമായി അതിന് ഒരു ബന്ധവുമില്ല. കേന്ദ്രനിയമത്തിെൻറ കീഴില്‍ ഇപ്പോള്‍ പുതുതായി കൊണ്ടുവന്നിരിക്കുന്ന ഈ ചട്ടങ്ങളുടെ പിന്നില്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുക എന്ന ഗൂഢലക്ഷ്യമാണുള്ളത്. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോടിക്കണക്കിനാളുകളുടെ ഉപജീവനമാര്‍ഗത്തെയാണ് ഇത് ബാധിക്കുകയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം കേന്ദ്രസർക്കാർ ഉത്തരവ് ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. ബി.ജെ.പി ഒഴിച്ച് സംസ്ഥാനത്തെ മറ്റെല്ലാ രാഷ്ട്രീയപാർട്ടികളും ഉത്തരവിനെതിരെ രംഗത്തുവന്ന സ്ഥിതിക്ക് എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞശേഷം നിയമനിർമാണമടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങിയാൽ മതിയെന്ന നിലപാടിലാണ് സർക്കാർ. ബുധനാഴ്ച ചേരുന്ന മന്ത്രിസഭയോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. വേണ്ടിവന്നാൽ നിയമനിർമാണത്തിന് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രി തലസ്ഥാനത്ത് ഇല്ലാതിരുന്നതിനാൽ നിയമനിർമാണവുമായി ബന്ധപ്പെട്ട് മന്ത്രി കെ. രാജുവുമായുള്ള കൂടിക്കാഴ്ച നടന്നില്ല. ഉത്തരവിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം തുടരുകയാണ്. യു.ഡി.എഫ് നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ തിങ്കളാഴ്ച കരിദിനം ആചരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.