സി.പി.ഐയെ കാലുവാരലിന്‍റെ ചരിത്രമുള്ള കേരള കോണ്‍ഗ്രസ് രാഷ്ട്രീയം പഠിപ്പിക്കേണ്ട -എം.വി വിദ്യാധരന്‍
text_fieldsറാന്നി: സി.പി.ഐയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ കേരള രാഷ്ട്രീയത്തില്‍ ചതിയുടേയും കാലുവാരലിന്‍റെയും ചരിത്രമുള്ള കേരള കോണ്‍ഗ്രസ് വളര്‍ന്നിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗവും എല്‍.ഡി.എഫ് റാന്നി മണ്ഡലം കണ്‍വീനറുമായ എം.വി. വിദ്യാധരന്‍.
1964ല്‍ ഉണ്ടായ കേരള കോണ്‍ഗ്രസ് ഇന്നു വരെ ഇംഗ്ലീഷ് അക്ഷരമാലയിലെ എല്ലാ വാക്കുകളും ബ്രാക്കറ്റില്‍ ചേര്‍ത്ത പാര്‍ട്ടികളുണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ രണ്ടു കഷണമായി മാറിയവരാണ് ഇക്കൂട്ടര്‍. തെരഞ്ഞെടുപ്പില്‍ തോല്‍വിയുണ്ടായാല്‍ അത് പരിശോധിച്ച് തെറ്റുകള്‍ കണ്ടെത്തി പരിഹരിച്ചാണ് ഞങ്ങള്‍ മുന്നോട്ടു പോകുന്നത്. അത് ഈ പാര്‍ട്ടിയുടെ നയമാണ്. വിമർശനം ഉണ്ടായാല്‍ അത് തുറന്ന മനസ്സോടെ കാണുന്നതാണ് ശൈലി. എല്‍.ഡി.എഫ് മുന്നണിയില്‍ കാലങ്ങളായി നടന്നു വരുന്നതാണ് ഇത്. കേരള കോണ്‍ഗ്രസ് ഇതുവരെ നിന്ന മുന്നണിയില്‍ ഇത്തരം ചര്‍ച്ചകളും തെറ്റു തിരുത്തലും ഉണ്ടാവുകയില്ലായിരിക്കും. അതാണ് വിമര്‍ശനം ഉണ്ടായപ്പോഴേക്കും കോഴിയെ കട്ടവന്‍റെ തലയില്‍ തൂവലുകാണുമെന്ന രീതിയില്‍ അഭിപ്രായവുമായെത്തിയത്. ആരെങ്കിലും പറഞ്ഞു തന്നാല്‍ അത് പാര്‍ട്ടിയുടെ അഭിപ്രായമായി കണ്ട് പ്രസ്താവന ഇറക്കുന്നതാണോ നിങ്ങളുടെ കാഴ്ചപ്പാടെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ തന്നെയാണ് ഇത്തവണയും മത്സരിച്ചത്. വിലപേശി ഒരിടത്തും ഞങ്ങള്‍ സീറ്റു വാങ്ങിയിട്ടില്ല. ജനസ്വീകാര്യത ഇല്ലാത്തവരെ മത്സരിപ്പിച്ചാട്ടാണോ നാല് പഞ്ചായത്തുകള്‍ എല്‍.ഡി.എഫിന് നഷ്ടപ്പെട്ടത്. സി.പി.എമ്മിന്‍റെ ഏരിയ നേതാവ് മത്സരിച്ച് പരാജയപ്പെട്ടിടത്ത് ബ്ലോക്ക്, ജില്ലാ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിച്ച വാര്‍ഡു സ്ഥാനാര്‍ത്ഥിയെക്കാളും വോട്ടു വന്നതെങ്ങനെയാണ്. ഇതേ ചിത്രങ്ങള്‍ പലയിടത്തും ആവര്‍ത്തിച്ചപ്പോള്‍ അതു ചര്‍ച്ച ചെയ്യരുതെന്ന നിലപാടാണോ കേരള കോണ്‍ഗ്രസിനുള്ളതെന്നും വിദ്യാധരന്‍ ചോദിച്ചു.
ഇടതുപക്ഷ മുന്നണിയെന്നാല്‍ അതിലെ എല്ലാ പാര്‍ട്ടികളും ചേര്‍ന്നതാണ്. അതില്‍ സി.പി.എം പറയുന്നത് വേദവാക്യമായി കാണുവാനും അതിന് കൈയ്യടിക്കാനും സി.പി.ഐക്ക് താത്പര്യമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവരുടേയും അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നതാണ് മുന്നണിയുടെ സംസ്കാരമെന്നും അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിച്ചാല്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.