ഗുരുവായൂരിൽ പാർട്ടി വിട്ടവരോട് സി.പി.ഐ പറയുന്നു; ഓർമകളുണ്ടായിരിക്കണം
text_fieldsഗുരുവായൂര്: പാർട്ടിവിട്ട് സി.പി.എമ്മിലേക്ക് പോകുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ. പാർട്ടി വിട്ടവർക്കെതിരെയുള്ള വിമർശനത്തിനൊപ്പം സി.പി.എമ്മിനെയും പ്രതിക്കൂട്ടിൽ നിർത്തിയാണ് സി.പി.ഐ ലോക്കൽ സെക്രട്ടറിയുടെ പ്രസ്താവന.
നഗരസഭ തെരഞ്ഞെടുപ്പിൽ 13ാം വാർഡിൽ സ്ഥാനാർഥിയായിരുന്ന ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ചുപേരാണ് സി.പി.ഐയിൽനിന്ന് രാജിവെച്ച് സി.പി.എമ്മിൽ ചേരുന്നതായി അറിയിച്ചിരുന്നത്.
ലോക്കൽ കമ്മിറ്റി അംഗങ്ങളും എ.ഐ.വൈ.എഫ് ഭാരവാഹികളും ഇക്കൂട്ടത്തിലുണ്ട്. പാർട്ടി വിട്ട ബ്രാഞ്ച് സെക്രട്ടറിക്കും സഹോദരനും ദേവസ്വത്തിൽ ജോലി നൽകിയതിന് പുറമെ സെക്രട്ടറി നിർദേശിച്ചയാൾക്കും സി.പി.ഐ ജോലി നൽകിയതും നേരത്തെ ബ്രാഞ്ച് സെക്രട്ടറി പിതാവിന് ജോലി നൽകിയതും പ്രസ്താവനയിൽ ഓർമിപ്പിക്കുന്നുണ്ട്.
മാത്രമല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബ്രാഞ്ച് സെക്രട്ടറിക്കും നേരത്തെ അദ്ദേഹത്തിെൻറ പിതാവിനും നഗരസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകിയ കാര്യവും എടുത്തുപറയുന്നുണ്ട്. ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനാർഥിയാക്കാൻ സി.പി.ഐ തീരുമാനിച്ചപ്പോൾ വിജയസാധ്യതയില്ലാത്തയാളെ മത്സരിപ്പിക്കരുതെന്ന് സി.പി.എം ആവശ്യമുന്നയിച്ചിരുന്നതായും ചൂണ്ടിക്കാട്ടി.
സ്ഥാനാർഥിത്വത്തെ എതിർത്ത സി.പി.എമ്മിെൻറ പ്രവർത്തനവും തോൽവിക്ക് കാരണമായിട്ടുണ്ടെന്നും അവരുടെ പാളയത്തിലേക്കാണ് തോറ്റ സ്ഥാനാർഥിയായ ബ്രാഞ്ച് സെക്രട്ടറി പോകുന്നതെന്നും കുറ്റപ്പെടുത്തി.
രാഷ്ട്രീയത്തിൽ സത്യസന്ധതയും മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന പാർട്ടിയിൽനിന്ന് മൂല്യങ്ങളില്ലാത്തവർക്ക് പുറത്തുപോകാമെന്നുപറഞ്ഞ് അവസാനിപ്പിക്കുന്ന ലോക്കൽ സെക്രട്ടറി കെ.എ. ജേക്കബിെൻറ പ്രസ്താവന സി.പി.എമ്മിന് നേരെയുള്ള മുനവെച്ച പ്രയോഗം കൂടിയാണ്. ഗുരുവായൂർ, ചാവക്കാട് മേഖലയിൽ തദ്ദേശ തെരഞ്ഞെടുപ്പോടെ സി.പി.എം - സി.പി.ഐ ബന്ധം വഷളായി നിൽക്കുമ്പോഴാണ് പുതിയ സംഭവവികാസങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.