കുര്യനെതിരെ പരാതിയുമായി വീണ്ടും സി.പി.െഎ
text_fieldsകോട്ടയം: റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെതിരെ നിലപാട് കടുപ്പിച്ച് വീണ്ടും സി.പി.െഎ. അദ്ദേഹത്തെ മാറ്റണമെന്നാണ് സി.പി.െഎയുടെയും റവന്യൂ മന്ത്രിയുടെയും നിലപാട്. ഇതുസംബന്ധിച്ച് ഒന്നിലേറെ തവണ നേരിട്ടും രേഖാമൂലവും ഉന്നയിച്ച ആവശ്യം മുഖ്യമന്ത്രി തള്ളിയ സാഹചര്യത്തിൽ ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിൽ വീണ്ടും വിഷയം കൊണ്ടുവരാനാണ് റവന്യൂമന്ത്രിയുടെ തീരുമാനമത്രേ. പാർട്ടിയുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്.
സെക്രട്ടറി സ്വന്തം ഇഷ്ടം അനുസരിച്ച് പ്രവർത്തിക്കുകയാണെന്നും താനുമായി സുപ്രധാന വിഷയങ്ങൾപോലും ചർച്ച ചെയ്യുന്നില്ലെന്നുമാണ് മന്ത്രിയുടെ പരാതി. എന്നാൽ, തിരക്കിട്ട് സെക്രട്ടറിയെ മാറ്റില്ലെന്നും അടുത്ത പ്രമോഷനും പൊതുസ്ഥലം മാറ്റവും വരുന്ന മുറക്ക് മാറ്റാമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നാണ് സൂചന. ഉന്നത ഉദ്യോഗസ്ഥതലത്തിൽ വൈകാതെ അഴിച്ചുപണി ഉണ്ടാകുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
വിവിധ വിഷയങ്ങളിൽ തനിക്കുള്ള അതൃപ്തി മന്ത്രി നേരിട്ട് അറിയിച്ചെങ്കിലും നിലപാട് മാറ്റാൻ സെക്രട്ടറി തയാറായിട്ടില്ല. മുഖ്യമന്ത്രിയുമായി സെക്രട്ടറി നേരിട്ട് ആശയവിനിമയം നടത്തുകയും തീരുമാനം എടുക്കുകയും ചെയ്യുന്നുവെന്നും മന്ത്രി പരാതിപ്പെട്ടിരുന്നു. കുര്യനെ മാറ്റണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളിയതിനു പിന്നിൽ അദ്ദേഹത്തിലുള്ള വിശ്വാസവും കാരണമായിട്ടുണ്ട്. ഏൽപിക്കുന്ന ദൗത്യം കൃത്യമായി പൂർത്തീകരിക്കുന്നുവെന്നതാണ് താൽപര്യത്തിനു കാരണം.
യു.എ.ഇ കോൺസുലേറ്റിന് സ്ഥലം അനുവദിച്ചതും ശബരി വിമാനത്താവള നിർമാണത്തിനുള്ള റിപ്പോർട്ടും സാധ്യത പഠനവും കൃത്യമായി പൂർത്തിയാക്കിയതും പ്രീതിക്കുകാരണമായി. ഇടുക്കിയിലെ പട്ടയപ്രശ്നത്തിലും മൂന്നാർ ഒഴിപ്പിക്കലിലും ഇലക്കുംമുള്ളിനും കേടില്ലാതെ സെക്രട്ടറി എടുത്ത നടപടിയും കുര്യൻ തുടരെട്ട എന്ന നിലപാടിൽ മുഖ്യമന്ത്രിയെ എത്തിച്ചു. എന്നാൽ, ഇതടക്കമുള്ള വിഷയങ്ങളിലാണ് മന്ത്രിയുടെയും സി.പി.െഎയുടെയും അതൃപ്തിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.