ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച ജയരാജന് സി.പി.ഐയുടെ വിമർശനം
text_fieldsതിരുവനന്തപുരം: മുസ്ലിം ലീഗിനെ ഇടത്മുന്നണിയിലേക്ക് ക്ഷണിച്ച കൺവീനർ ഇ.പി. ജയരാജന്റെ നടപടിക്ക് സി.പി.ഐ സംസ്ഥാന നിർവാഹക സമിതിയിൽ വിമർശനം. സിൽവർ ലൈൻ പദ്ധതിക്കായി കല്ലിടുന്നതിന് എതിരായ പ്രതിഷേധത്തെ പൊലീസ് നേരിടുന്ന രീതിക്ക് എതിരെയും വിമർശനമുയർന്നു.
കൺവീനറെ എൽ.ഡി.എഫ് ചേർന്ന് അംഗീകരിക്കും മുമ്പാണ് ജയരാജന്റെ വിവാദ പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടിയ അംഗങ്ങൾ, അത് അനവസരത്തിലായെന്ന് കുറ്റപ്പെടുത്തി. ജയരാജനെ സി.പി.എം കൺവീനർ സ്ഥാനത്തേക്ക് നിർദേശിച്ചിട്ടേയുള്ളൂ. പ്രസ്താവന സി.പി.എമ്മിന്റ സംസ്ഥാന സമ്മേളന തീരുമാനത്തിന് കടകവിരുദ്ധമാണ്. പാർട്ടി നിലപാടിന് വിരുദ്ധമായതിനാൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇടപെട്ട് തിരുത്തിയതിനാൽ കൂടുതൽ പ്രശ്നമില്ലാതെ തീർന്നുവെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
സിൽവർ ലൈനുമായി ബന്ധപ്പെട്ട കല്ലിടലിന് എതിരായ പ്രതിഷേധത്തെ കായികമായി പൊലീസ് നേരിട്ടത് ശരിയായില്ല. അതിനെതിരെ സമ്മേളനങ്ങളിൽ വിമർശനം വലിയ തോതിൽ ഉയരുന്നുവെന്ന് ചില അംഗങ്ങൾ ശ്രദ്ധയിൽപെടുത്തി. പൊലീസ് അതിക്രമം ജനങ്ങളെ സർക്കാറിന് എതിരാക്കും. ജനങ്ങളെ കാര്യം പറഞ്ഞു മനസ്സിലാക്കി വിശ്വാസത്തിൽ എടുക്കുകയാണ് വേണ്ടത്.
പൊലീസ് അതിക്രമം പാടില്ല. അതേസമയം, പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനം അനുസരിച്ചാണ് സിൽവർ ലൈൻ പദ്ധതിയെ സി.പി.ഐ പിന്തുണക്കുന്നതെന്ന് നേതൃത്വം വിശദീകരിച്ചു. പദ്ധതിയുടെ അലൈൻമെന്റ് വ്യകതമായശേഷമേ പാരിസ്ഥിതിക, സാമൂഹിക ആഘാതത്തെക്കുറിച്ച് പറയാൻ കഴിയൂവെന്നും വ്യക്തമാക്കി. റവന്യൂ വകുപ്പിന്റെ കൈവശമുണ്ടായിരുന്ന ദുരന്ത നിവാരണ വിഭാഗത്തെ മുഖ്യമന്ത്രിയുടെ അധികാരത്തിൻ കീഴിൽ ആക്കിയത് ശരിയായില്ലെന്നും അഭിപ്രായമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.