രാഷ്ട്രീയ ബദലില്‍ കോണ്‍ഗ്രസ് അനിവാര്യ ഘടകമാണെന്ന് സി.പി.ഐ മുഖപത്രം
text_fieldsവർഗീയ ഫാസിസത്തിനെതിരായ രാഷ്ട്രീയ ബദലിൽ കോണ്‍ഗ്രസ് അനിവാര്യ ഘടകമാണെന്ന് സി.പി.ഐ മുഖപത്രം. കഴിഞ്ഞ ദിവസം ബിനോയ് വിശ്വമുയർത്തിയ സംവാദത്തിന് സി.പി.ഐ മുഖപത്രമായ ജനയുഗം എഡിറ്റോറിയലിലൂടെയാണ് പിന്തുണ നൽകിയത്.
കഴിഞ്ഞ ദിവസം നടന്ന പി.ടി തോമസ് അനുസ്മരണ പരിപാടിയിൽ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം കോൺഗ്രസിന്‍റെ പ്രസക്തി സംബന്ധിച്ച് പറഞ്ഞിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സംഘപരിവാർ മുന്നണിക്ക് ബദലുണ്ടാക്കാൻ കോൺഗ്രസ് അനിവാര്യമാണെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്. കേരളത്തിൽ സി.പി.എം-സി.പി.ഐ കക്ഷികളുൾപ്പെടുന്ന ഇടതുപക്ഷം കോൺഗ്രസുമായി നേരിട്ട് മത്സരിക്കുന്നതിനാൽ ബിനോയ് വിശ്വത്തിന്‍റെ പ്രസ്താവന ചർച്ചകൾക്ക് കാരണമായിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ജനയുഗത്തിന്‍റെ എഡിറ്റോറിയൽ.
'ഒരു രാഷ്ട്രീയ ബദലില്‍ കോണ്‍ഗ്രസ് അനിവാര്യ ഘടകമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമല്ല നിഷ്പക്ഷമതികള്‍പോലും പരക്കെ അംഗീകരിക്കുന്ന യാഥാർഥ്യമാണ്. അത്തരം ഒരു ബദല്‍ സംവിധാനത്തിന്‍റെ സാമ്പത്തിക നയപരിപാടികളെ സംബന്ധിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു മാത്രമല്ല കോണ്‍ഗ്രസിലെതന്നെ ഗണ്യമായ ഒരു വിഭാഗത്തിനും വ്യത്യസ്ത അഭിപ്രായവും വിമര്‍ശനവുമുണ്ട്.' -ജനയുഗം എഡിറ്റോറിയൽ വിശദീകരിക്കുന്നു.
കോണ്‍ഗ്രസ് ഇപ്പോഴും ഏറ്റക്കുറച്ചിലുകളോടെ എങ്കിലും ദേശവ്യാപകമായി സാന്നിധ്യവും സ്വാധീനവുമുള്ള മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമാണെന്നും മതനിരപേക്ഷ രാഷ്ട്രീയ ബദലില്‍ കോണ്‍ഗ്രസ് അനിവാര്യ ഘടകമാണെന്നും സി.പി.ഐ മുഖപത്രം വ്യക്തമാക്കുന്നു.
ഇന്ന് രാജ്യം നേരിടുന്ന മുഖ്യവെല്ലുവിളി മതനിരപേക്ഷത, ജനാധിപത്യം, ഭരണഘടന എന്നിവയുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും നിലനില്പും സംരക്ഷണവുമാണ്. അവിടെയാണ് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ബിജെപിക്കെതിരായ രാഷ്ട്രീയ ബദലിലുള്ള പ്രസക്തിയെന്ന് ജനയുഗം എഴുതുന്നു. ഇക്കാര്യത്തിൽ രാജ്യത്തെ ഇടതുപക്ഷ പാർട്ടികൾക്കിടയിൽ അഭിപ്രായ ഐക്യം നിലവിലില്ലാത്തതിനാൽ കോൺഗ്രസിന്‍റെ പ്രസക്തി സംബന്ധിച്ച സി.പി.ഐ നിലപാടിനെ സംവാദമായും രാഷ്ട്രീയ പ്രക്രിയയുമായി കണ്ടാൽ - സി.പി.ഐ നിലപാടിനെതിരെ സി.പി.എം നേതാക്കൾ അഭിപ്രായ പ്രകടനം നടത്തുന്നതിനെ സൂചിപ്പിച്ച് ജനയുഗം വ്യക്തമാക്കി.
'അളവറ്റ കോര്‍പറേറ്റ് മൂലധന കരുത്തും വര്‍ഗീയ ഫാസിസ്റ്റ് ആശയങ്ങളും സമന്വയിക്കുന്ന മാരകമായ രാഷ്ട്രീയ മിശ്രിതത്തെയാണ് ജനാധിപത്യ ശക്തികള്‍ അഭിമുഖീകരിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്. മതനിരപേക്ഷ ജനാധിപത്യവും വര്‍ഗീയ ഫാസിസവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ സ്ഥാപനങ്ങളെയും സംരക്ഷിച്ചു നിലനിര്‍ത്തുക എന്നതുതന്നെയാണ് രാഷ്ട്രം നേരിടുന്ന വെല്ലുവിളി. ഈ പോരാട്ടത്തില്‍ ജനാധിപത്യത്തിന്‍റെ വിജയം ഇന്ത്യന്‍ രാഷ്ട്രത്തിന്‍റെ നിലനില്പിന് അനുപേക്ഷണീയമാണ്.' -ജനയുഗം എഡിറ്റോറിയൽ അവസാനിപ്പിക്കുന്നത് ഇങ്ങിനെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.