സി.പി.ഐ പ്രതിനിധി സമ്മേളനം ഇന്നുമുതൽ
text_fieldsതിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായ പ്രതിനിധി സമ്മേളനം ശനിയാഴ്ച തിരുവനന്തപുരം ടാഗോർ ഹാളിൽ ആരംഭിക്കും. രാവിലെ 10ന് മുതിർന്ന നേതാവ് സി. ദിവാകരൻ പതാക ഉയർത്തും. ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രാഷ്ട്രീയ, പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിക്കും. തെരഞ്ഞെടുത്ത 563 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
തുടർഭരണത്തിൽ എൽ.ഡി.എഫ് സർക്കാറിന്‍റെ പ്രവർത്തനം, ഹിന്ദുത്വ ഫാഷിസം മതനിരപേക്ഷ ചട്ടക്കൂടിനുണ്ടാക്കുന്ന കേടുപാട്, ഇടത് മതേതര ബദൽ തുടങ്ങിയവയാണ് മുഖ്യ അജണ്ടകളായി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, സംസ്ഥാന നേതൃത്വം കൈപ്പിടിയിലാക്കാനുള്ള ഔദ്യോഗിക വിഭാഗത്തിന്‍റെയും മറുപക്ഷത്തിന്‍റെയും പോരാട്ടങ്ങൾക്കും വേദിയായേക്കും. മൂന്നാം തവണയും സംസ്ഥാന സെക്രട്ടറി പദവിയിൽ തുടരാനുള്ള ആഗ്രഹം കാനം രാജേന്ദ്രൻ പരസ്യമായി പ്രകടിപ്പിക്കുകയും ഉപരി കമ്മിറ്റികളിലെ 75 വയസ്സ് പ്രായപരിധിയെ കുറിച്ച് മുതിർന്ന നേതാക്കൾ പരസ്യ പ്രസ്താവന നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് സമ്മേളനം.
വിഭാഗീയതയില്ലെന്ന് നേതൃത്വം വിശദീകരിക്കുമ്പോഴും തിരുവനന്തപുരം ജില്ലയിലെ പ്രതിനിധികളുടെ പട്ടികയിൽനിന്ന് നേതൃത്വത്തിന് അനഭിമതരായ മുതിർന്ന മൂന്ന് നേതാക്കളെ ഒഴിവാക്കിയത് വിവാദത്തിന് വളമായി. മുൻ ജില്ല നിർവാഹക സമിതിയംഗങ്ങളായ എൻ. രാധാകൃഷ്ണൻ നായർ, പൂവച്ചൽ ഷാഹുൽ, കള്ളിക്കാട് ചന്ദ്രൻ എന്നിവരെ ഒഴിവാക്കിയെന്നാണ് ആക്ഷേപം. വി.പി. ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിൽ യുവപ്രതിനിധികൾ ഇത് ചർച്ചയാക്കിയാൽ നേതൃത്വത്തിന് വിശദീകരണം നൽകേണ്ടിവരും. സമ്മേളന നടപടി ആരംഭിച്ചാൽ പ്രതിനിധികളെ ഒഴിവാക്കാൻ പാടില്ലെന്ന അടിസ്ഥാന തത്ത്വം ലംഘിച്ചെന്നാണ് ആരോപണം.
സർക്കാറിനെതിരെ വിമർശനമുയർന്നാൽ ആഭ്യന്തര വകുപ്പിനു നേരെയാകും കൂടുതൽ ആക്രമണമുണ്ടാകുക. മൂവാറ്റുപുഴ എം.എൽ.എ എൽദോസ് എബ്രഹാമിനെതിരായ പൊലീസ് നടപടിയിലും എ.ഐ.എസ്.എഫ് നേതാവിനെ എസ്.എഫ്.ഐ സംസ്ഥാന നേതാവ് ജാതി അധിക്ഷേപം നടത്തി മർദിച്ചതിലും കാനം രാജേന്ദ്രൻ പുലർത്തിയ മൗനം സംബന്ധിച്ച് പ്രവർത്തകരിൽ അമർഷമുണ്ട്. ഇത് ചർച്ചയിൽ പ്രതിഫലിച്ചേക്കും.
വെള്ളിയാഴ്ച ചേർന്ന നിലവിലെ സംസ്ഥാന നിർവാഹക സമിതിയുടെ അവസാന യോഗത്തിൽ സി. ദിവാകരൻ ഉയർത്തിയ വിവാദം ചർച്ചയായി. മുതിർന്ന നേതാവ് തന്നെ വിവാദ പ്രസ്താവന നടത്തിയത് ശരിയായില്ലെന്ന് അഭിപ്രായമുയർന്നു. താൻ ഉേദ്ദശിക്കാത്ത വ്യാഖ്യാനം ചാനലുകൾ നൽകിയെന്നും പാർട്ടി ശത്രുക്കൾ അത് ആയുധമാക്കിയെന്നും ദിവാകരൻ സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.