'ഗോഡ്ഫാദർ' പരാമർശം: ഇ.എസ്. ബിജിമോളെ സി.പി.ഐ തരംതാഴ്ത്തി
text_fieldsതിരുവനന്തപുരം: വിവാദ അഭിമുഖത്തിലെ 'ഗോഡ്ഫാദർ' പരാമർശത്തിന്‍റെ പേരിൽ പീരുമേട് എം.എല്‍.എ ഇ.എസ്. ബിജിമോള്‍ക്കെതിരെ സി.പി.ഐ അച്ചടക്കനടപടി. ബിജിമോളെ സംസ്ഥാന കൗണ്‍സിലിൽ അംഗത്വത്തിൽ നിന്ന് ഇടുക്കി ജില്ലാ കൗണ്‍സിലിലേക്ക് പാർട്ടി തരംതാഴ്ത്തി. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ആലപ്പുഴയില്‍ ചേർന്ന സംസ്ഥാന കൗണ്‍സിൽ യോഗമാണ് സംസ്ഥാന എക്സിക്യൂട്ടിവിന്‍റെ ശിപാര്‍ശ ശരിവെച്ചത്.
തനിക്ക് 'ഗോഡ്ഫാദര്‍മാ'രില്ലാത്തതു കൊണ്ടാണ് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതെന്ന് ഇ.എസ്. ബിജിമോള്‍ ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണ് നടപടിക്ക് കാരണം. ഈ പരാമര്‍ശം പാര്‍ട്ടിയെ അവഹേളിക്കുന്നതാണെന്ന് വിമര്‍ശമുയര്‍ന്നിരുന്നു. തുടര്‍ന്ന് ബിജിമോളോട് പാർട്ടി വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍, തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നായിരുന്നു എം.എല്‍.എയുടെ മറുപടി. തൃപ്തികരമല്ലെന്നതിനാല്‍ ബിജിമോളുടെ വിശദീകരണം തള്ളാന്‍ എക്സിക്യൂട്ടിവ് നേരത്തെ തീരുമാനിച്ചിരുന്നു.
ഇതേതുടര്‍ന്നാണ് സംസ്ഥാന എക്സിക്യൂട്ടിവ് നടപടിക്ക് ശിപാര്‍ശ ചെയ്തത്. വിവാദ അഭിമുഖം വന്നപ്പോള്‍തന്നെ പാര്‍ട്ടി ഇടുക്കി ജില്ലാ കൗണ്‍സില്‍ ബിജിമോളോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍, സംസ്ഥാന കമ്മിറ്റി അംഗമായതിനാല്‍ അത് പിന്നീട് പിന്‍വലിച്ചു. തുടര്‍ന്നാണ് സംസ്ഥാന എക്സിക്യൂട്ടിവ് വിശദീകരണം ചോദിച്ചത്.
2006ൽ സി.പി.ഐ മുതിർന്ന നേതാവും നിയമസഭ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സി.എ കുര്യന്‍റെ പിൻഗാമിയായാണ് ഇ.എസ് ബിജി മോൾ ഇടുക്കി ജില്ലയിലെ പീരുമേട് നിയോജക മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിയാകുന്നത്. കന്നിയങ്കത്തിൽ തന്നെ വിജയിച്ച് എം.എൽ.എയായി. തുടർന്ന് 2011ലും 2016ലും പീരുമേട്ടിൽ നിന്ന് വിജയം ആവർത്തിച്ചു.
രണ്ടു തവണ എം.എൽ.എയായ ബിജിമോൾക്ക് ഇളവ് നൽകിയാണ് പാർട്ടി മൂന്നാം തവണ മത്സരിക്കാൻ അവസരം നൽകിയത്. 2005ൽ ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെയായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 1995ൽ അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന ബിജിമോൾ 2000 വരെ അവിടുത്തെ പ്രസിഡന്‍റായിരുന്നു. മൂന്നാമതും നിയമസഭയിലേക്ക് വിജയിച്ചതോടെ ബിജി മോൾ എൽ.ഡി.എഫ് സർക്കാറിൽ മന്ത്രിയാകുമെന്ന വാർത്തകൾ വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.