നിർവാഹക സമിതി തീരുമാനം: പാലക്കാട് സി.പി.ഐയിൽ പ്രതിഷേധം ശക്തം
text_fieldsപാലക്കാട്: വിഭാഗീയതയുടെ പേരിൽ ഒരുവിഭാഗത്തിനെതിരെ നിർവാഹക സമിതി എടുത്ത കടുത്ത നടപടിക്കെതിരെ ജില്ലയിലെ സി.പി.ഐയിൽ വ്യാപക പ്രതിഷേധം. സി.പി.ഐ ജില്ല കമ്മിറ്റി അംഗം എം.എസ്. രാമചന്ദ്രനെ സസ്പെന്റ് ചെയ്യാനും നെന്മാറ, മണ്ണാർക്കാട് മണ്ഡലം സെക്രട്ടറിമാരെ ബ്രാഞ്ചിലേക്ക് തരം താഴ്ത്താനും ചൊവ്വാഴ്ച ചേർന്ന സി.പി.ഐ നിർവാഹക സമിതി തീരുമാനിച്ചതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.
മുഹ്സിന്റെ രാജി സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതുമായി ബന്ധപ്പെട്ട് മുഹമ്മദ് മുഹ്സിൻ എം.എൽ.എയോട് വിശദീകരണം തേടാനും തീരുമാനിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയുടെ പിന്തുണയുള്ള ജില്ല സെക്രട്ടറി നേതൃത്വം നൽകുന്ന ഔദ്യോഗികപക്ഷവും മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിലിനെ പിന്തുണക്കുന്നവരും തമ്മിൽ പാർട്ടി സമ്മേളനത്തിൽ തുടങ്ങിയ പോരിന്റെ തുടർച്ചയായിരുന്നു നിർവാഹക സമിതിയിലെ സംഭവങ്ങൾ.
ചൊവ്വാഴ്ച രാത്രി 11 വരെ നീണ്ട നിർവാഹക സമിതി യോഗത്തിൽ മുഹ്സിനെതിരെയുള്ള നടപടിയിൽ പ്രതിഷേധമുയർന്നിരുന്നു. നേരത്തെ വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്ന പാര്‍ട്ടി കമീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മുഹസിന്, ജില്ല കമ്മിറ്റി അംഗം കോടിയില്‍ രാമകൃഷ്ണന് എന്നിവരെ ഉള്‍പ്പെടെ സി.പി.ഐ തരംതാഴ്ത്തിയത്.പാര്‍ട്ടി ജില്ല എക്സിക്യൂട്ടിവ് അംഗം മുഹസിനെ ജില്ല കമ്മിറ്റിയിലേക്കും ജില്ല കമ്മിറ്റി അംഗം കോടിയില്‍ രാമകൃഷ്ണനെയും പട്ടാമ്പി മണ്ഡലം സെക്രട്ടറി പി.കെ. സുഭാഷിനെയും ബ്രാഞ്ചിലേക്കുമാണു തരംതാഴ്ത്തിയത്.
നെന്മാറയിലേത് വർഷങ്ങളായി നീറിപ്പുകയുന്ന വിഭാഗീയത
നെന്മാറ: കഴിഞ്ഞദിവസം സി.പി.ഐ മണ്ഡലം സെക്രട്ടറിയെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത് വർഷങ്ങളായി നീറിപ്പുകഞ്ഞ വിഭാഗീയതക്കൊടുവിലെന്ന് സൂചന. കെ.ഇ. ഇസ്മയിൽ പക്ഷവും ഔദ്യോഗികപക്ഷവും തമ്മിലുള്ള പോരാട്ടത്തിനൊടുവിലായിരുന്നു അച്ചടക്ക നടപടി. കെ.ഇ പക്ഷക്കാരനായ മണ്ഡലം സെക്രട്ടറി എം.ആർ. നാരായണന് നെന്മാറ മേഖലയിൽ അതീവ സ്വാധീനമുണ്ട്.
അയിലൂർ, നെന്മാറ പഞ്ചായത്തുകളിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നാരായണനുള്ള പങ്ക് അനിഷേധ്യമായിരുന്നു. എന്നാൽ രണ്ടുവർഷം മുമ്പ് എലവഞ്ചേരിയിൽ നടന്ന മണ്ഡലം സമ്മേളനത്തിൽ വീണ്ടും എം.ആർ. നാരായണൻ സെക്രട്ടറിയായി നെരെഞ്ഞെടുക്കപ്പെട്ടെങ്കിലും എതിർ ശബ്ദങ്ങൾ ഉയരുകയും ഔദ്യോഗിക പക്ഷത്തെ യുവനേതാക്കളെ മണ്ഡലം കമ്മറ്റിയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ മണ്ഡലം സമ്മേളനത്തിലെ വിഭാഗീയ പ്രവർത്തനങ്ങളിൽ ജില്ല നേതൃത്വം മണ്ഡലം സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസിന് നാരായണൻ മറുപടി നൽകിയില്ല. താൻ ഒരു വിഭാഗീയതയുമുണ്ടാക്കാത്തതിനാൽ നോട്ടീസിന് മറുപടി വേണ്ടെന്നായിരുന്നു നാരായണന്റെ പക്ഷം.
ഔദോഗിക പക്ഷത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ അണികളെ പ്രകോപിപ്പിച്ചതായും വ്യക്തിതാൽപര്യങ്ങളും വ്യക്തിവൈരാഗ്യങ്ങളും പാർട്ടി തീരുമാനത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കുന്നുവെന്ന ആരോപണവും ഉയർന്നുവന്നിരുന്നു. മണ്ഡലം സെക്രട്ടറി പാർട്ടിയിലെ ധനസമാഹരണ സംബന്ധമായ കാര്യങ്ങളെ കുറിച്ച് വസ്തുനിഷ്ഠമായി ചോദിച്ചതും ജില്ല നേതൃത്വത്തിന് അദ്ദേഹത്തെ അനഭിമതനാക്കി എന്ന് പാർട്ടിയിലെ ഒരുവിഭാഗം പ്രവർത്തകർ ആരോപിക്കുന്നു. എന്തായാലും അച്ചടക്ക നടപടി പാർട്ടിയിലെ പ്രാദേശിക വിഭാഗീയത രൂക്ഷമാക്കാനേ വഴി വെക്കുകയുള്ളു എന്നാണ് രാഷ്ട്രീയനിരീക്ഷകരുടെയും പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.