സി.പി.െഎ എക്സിക്യൂട്ടിവ് ഇന്ന്; മൂന്നാർ, കോട്ടയം വിഷയങ്ങൾ ചർച്ചയാകും
text_fieldsതിരുവനന്തപുരം: വിവിധ വിഷയങ്ങളിൽ ഇടതുമുന്നണിയിലെ ഭിന്നത മറനീക്കി പുറത്തുവരുന്നതിനിടെ സി.പി.െഎ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം തിങ്കളാഴ്ച ചേരും.
ഇടതുമുന്നണിയിൽ തർക്കങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുേമ്പാഴും മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ, കോട്ടയത്തെ മാണി വിഭാഗവുമായുള്ള സി.പി.എം ബാന്ധവം, ഡി.ജി.പി സ്ഥാനത്തുനിന്ന് ടി.പി. സെൻകുമാറിനെ മാറ്റിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സി.പി.െഎയുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ പ്രസ്താവന തുടങ്ങിയ വിഷയങ്ങളിലെല്ലാം സി.പി.െഎ നേതൃത്വം കടുത്ത അസംതൃപ്തിയിലാണ്. ഈ സാഹചര്യത്തിൽ എക്സിക്യൂട്ടിവ് യോഗം വിവാദവിഷയങ്ങൾ ഗൗരവമായി ചർച്ച ചെയ്യും. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ നടപടിയുമായി ബന്ധപ്പെട്ട് സി.പി.എമ്മിെൻറ കടന്നാക്രമണത്തിന് സി.പി.െഎയും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും വിധേയമായിരുന്നു.
സി.പി.എം ജില്ല േനതൃത്വം പരസ്യവെല്ലുവിളിയുമായി രംഗത്തെത്തുകയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ സി.പി.െഎ-സി.പി.എം നേതാക്കളുടെ പരസ്യപ്രതികരണങ്ങൾക്കുമിടയാക്കി. മന്ത്രി എം.എം. മണിയുടെ പരസ്യപ്രസ്താവന, സി.പി.എം എം.എൽ.എ എസ്. രാജേന്ദ്രനുമായി ബന്ധപ്പെട്ട പട്ടയവിവാദം എന്നിവയിൽ ഇപ്പോഴും സി.പി.എം-സി.പി.െഎ തർക്കം രൂക്ഷമാണ്.
സി.പി.എം മുന്നണി മര്യാദ ലംഘിക്കുെന്നന്ന പരാതിയും സി.പി.െഎക്കുണ്ട്. ബി.െജ.പിയെ വളർത്തുന്ന സമീപനം പല ഘട്ടങ്ങളിലും സി.പി.എമ്മിെൻറ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്നും അത് ദോഷം ചെയ്യുമെന്ന വിലയിരുത്തലും സി.പി.െഎക്കുണ്ട്. സർക്കാറിെൻറ ഒന്നാംവാർഷികാഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനത്ത് നടപ്പാക്കേണ്ട പദ്ധതികൾ സംബന്ധിച്ച സി.പി.െഎ നിർേദശങ്ങളും എക്സിക്യൂട്ടിവ് ചർച്ച ചെയ്യും. രാവിലെ 10.30ന് സി.പി.െഎ ആസ്ഥാനമായ എം.എൻ സ്മാരകത്തിലാണ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.