2016ൽ 19 സീറ്റ് നേടിയ തങ്ങൾക്ക് ഇക്കുറി പ്രതീക്ഷ 13 സീറ്റിലെന്ന് സി.പി.ഐ; സി.പി.എമ്മിനും സീറ്റ് കുറയുമെന്ന് വിലയിരുത്തൽ
text_fieldsതിരുവനന്തപുരം: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റ് നേടിയ തങ്ങൾക്ക് ഇക്കുറി ഉറച്ച വിജയപ്രതീക്ഷ 13 സീറ്റിലെന്ന് സി.പി.ഐ. കഴിഞ്ഞ തവണ നേടിയ സീറ്റുകൾ സി.പി.എമ്മിനും നിലനിർത്താൻ കഴിയില്ലെന്നും സി.പി.ഐ വിലയിരുത്തുന്നു. മണ്ഡലം, ജില്ല കമ്മിറ്റികളിൽ നിന്നുള്ള റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇത്തവണ ചുരുങ്ങിയത് 13 സീറ്റ് ലഭിക്കുമെന്നും കൂടിയാൽ 16 വരെ ആകാമെന്നുമാണ് പാർട്ടി കണക്കുകൂട്ടുന്നത്. എങ്കിലും 76നും 83നുമിടക്ക് സീറ്റുകൾ നേടി ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരുമെന്നാണ് സി.പി.ഐ നിഗമനം. വ്യാഴാഴ്ച ചേരുന്ന നിർവാഹക സമിതി യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിശദമായ വിശകലനവും വിലയിരുത്തലുമുണ്ടാകും.
കൊടുങ്ങല്ലൂർ, ഒല്ലൂർ, നാട്ടിക, കയ്പമംഗലം, ചാത്തന്നൂർ, പുനലൂർ, ചടയമംഗലം, ചിറയിൻകീഴ്, ചേർത്തല, അടൂർ, വൈക്കം, നാദാപുരം, കാഞ്ഞങ്ങാട് എന്നീ മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്ന് സി.പി.ഐ കണക്കുകൂട്ടുന്നു. സീറ്റിങ് സീറ്റുകളായ നെടുമങ്ങാട്, കരുനാഗപ്പള്ളി, പീരുമേട്, മൂവാറ്റുപുഴ, പട്ടാമ്പി എന്നിവിടങ്ങളിൽ ബലാബലമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ബി.ജെ.പിക്കുവേണ്ടി കളത്തിലിറങ്ങിയ നടൻ സുരേഷ് ഗോപി വൻതോതിൽ വോട്ടുപിടിച്ചില്ലെങ്കിൽ തൃശൂർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാനാവുമെന്ന് പാർട്ടി കരുതുന്നില്ല. മണ്ണാർക്കാട്, തിരൂരങ്ങാടി മണ്ഡലങ്ങളിൽ ഇത്തവണ ഏറെ മെച്ചപ്പെട്ട പ്രകടനം നടത്താനാവുമെന്നാണ് നിഗമനം. ഇക്കുറി 25 സീറ്റുകളിലാണ് സി.പി.ഐ അങ്കത്തിനിറങ്ങിയത്.
2016ൽ 27 സീറ്റിൽ മത്സരിച്ച സി.പി.ഐ 19 സീറ്റിൽ ജയം നേടിയിരുന്നു. ഇത്തവണ അത്തരമൊരു ജയം നേടാൻ കഴിയുമെന്ന പ്രതീക്ഷയില്ലെന്നാണ് വിലയിരുത്തൽ. സി.പി.എമ്മിനും കഴിഞ്ഞ തവണ നേടിയ അത്രയും സീറ്റുകളിൽ വിജയത്തിലെത്താൻ കഴിയുമെന്നും സി.പി.ഐ കരുതുന്നില്ല. 2016ൽ 91 സീറ്റ് നേടി അധികാരം പിടിച്ച എൽ.ഡി.എഫിന് ഇക്കുറി ആ പ്രകടനം ആവർത്തിക്കാനാവില്ലെങ്കിലും ചെറിയ ഭൂരിപക്ഷത്തോടെ ജയിക്കാൻ കഴിയുമെന്നാണ് സി.പി.ഐ കണക്കുകൂട്ടുന്നത്.
സി.പി.ഐക്ക് 13 സീറ്റ് ലഭിച്ച 2011ൽ എൽ.ഡി.എഫിന് ഭരണം കിട്ടിയിരുന്നില്ല. അന്ന് യു.ഡി.എഫ് സർക്കാരാണ് അധികാരത്തിലേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.