കെ-റെയിൽ: നേതാക്കളുടെ മക്കളെയും യുവകലാ സാഹിതിയെയും തള്ളി സി.പി.ഐ
text_fieldsകാസർകോട്: കെ-റെയിൽ പദ്ധതി ജനവിരുദ്ധമാണെന്നും സി.പി.ഐ എതിർക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തെഴുതിയ ആദ്യകാല നേതാക്കളുടെ മക്കളായ 21പേരെയും പദ്ധതിയെ എതിർക്കുന്ന യുവകലാസാഹിതിയെയും സി.പി.ഐ തള്ളി. പദ്ധതിക്കെതിരെ പരസ്യവിമർശനം ഉന്നയിച്ചതിനു യുവകലാസാഹിതി ജനറൽ സെക്രട്ടറി ഇ.എം. സതീശനും നേതാക്കളുടെ മക്കളിൽ പാർട്ടി അംഗത്വമുള്ളവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകാൻ അതത് ജില്ല നേതൃത്വങ്ങൾക്ക് നിർദേശം നൽകി. ഇ.എം. സതീശൻ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമായതിനാൽ അദ്ദേഹത്തിനു സംസ്ഥാന കമ്മിറ്റി നോട്ടീസ് നൽകി.
യുവകലാസാഹിതി കലയും സാഹിത്യവും ഏറ്റെടുത്താൽ പോരെയെന്ന് കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ കാനം രാജേന്ദ്രൻ ചോദിച്ചതായാണ് വിവരം. 'എല്ലാ ജാതിമത വർഗീയ ശക്തികളും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും കെ-റെയിൽ വിഷയത്തിൽ യോജിച്ച് ഇടതുപക്ഷ സർക്കാറിനെയും മുന്നണിയെയും തകർക്കാൻ ശ്രമിക്കുകയാണ്. ഈ ഘട്ടത്തിൽ കെ-റെയിലിനെ കുറച്ച് എതിർത്തും കുറച്ച് അനുകൂലിച്ചും നിൽക്കാനാവില്ല. മാധ്യമ ശ്രദ്ധ ലഭിക്കാൻവേണ്ടി പദ്ധതിയെ എതിർക്കേണ്ട കാര്യമില്ല. കെ-റെയിൽ എൽ.ഡി.എഫ് തീരുമാനമാണ്. അത് നടപ്പാക്കുക ലക്ഷ്യമാണ്. ഏത് വികസന പദ്ധതി വരുമ്പോഴും ചില പ്രശ്നങ്ങൾ ഉയർന്നുവരും. അത് ചൂണ്ടിക്കാണിക്കും'-മുതിർന്ന സി.പി.ഐ നേതാവ് പറഞ്ഞു.
സി. അച്യുതമേനോന്‍റെ മകൻ ഡോ. വി. രാമൻകുട്ടി, കമ്യൂണിസ്റ്റ് പാർട്ടിയുടെ താത്വികാചാര്യന്മാരായിരുന്ന സി. ഉണ്ണിരാജയുടെയും കെ. ദാമോദരന്‍റെയും മക്കളും ഡോക്യുമെന്‍ററി സംവിധായകരുമായ പി. ബാബുരാജ്, കെ.പി. ശശി, എൻ.ഇ. ബാലറാമിന്‍റെ മകൾ ഗീത നസീർ, ഭൗമശാസ്ത്രജ്ഞനും പവനന്‍റെ മകനുമായ ഡോ. സി.പി. രാജേന്ദ്രൻ തുടങ്ങി 21 പ്രതിഭകളാണ് കാനത്തിന് കത്തെഴുതിയത്. ഇവരിൽ പാർട്ടി അംഗത്വമുള്ള ഗീത നസീർ ഉൾപ്പടെയുള്ളവരോടു വിശദീകരണം ചോദിച്ചിട്ടുണ്ട്. പശ്ചിമഘട്ടം ഇടിച്ചുനിരത്തി ഇ. ശ്രീധരൻ കൊങ്കൺ പാത പണിഞ്ഞപ്പോഴുണ്ടാകാത്ത വികസന പ്രശ്നമാണ് ഇപ്പോൾ ഉയർത്തുന്നതെന്നും 'വിമതനാവുകയാണ് ശരിയുടെ മാർഗം' എന്ന് തെറ്റിദ്ധരിക്കരുതെന്നും സി.പി.ഐ നേതൃത്വം പാർട്ടി സാംസ്കാരിക നേതൃത്വത്തിനു മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.