'മകളുടെ വിവാഹം അച്ഛനെ കാഴ്ചക്കാരനാക്കി കരക്കാർ നടത്തുന്നത് ശരിയോ'?; വീണ ജോർജും ചിറ്റയം ഗോപകുമാറും തമ്മിലുള്ള പോരിൽ ഇടപെട്ട് സി.പി.ഐ
text_fieldsപത്തനംതിട്ട: മന്ത്രി വീണ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലെ പോരിൽ വീണയെ പിന്തുണച്ച സി.പി.എം ജില്ല സെക്രട്ടറിക്ക് സി.പി.ഐ ജില്ല സെക്രട്ടറിയുടെ മറുപടി. മകളുടെ വിവാഹത്തിന് അച്ഛനെ ക്ഷണിക്കേണ്ടതുണ്ടോ എന്നായിരുന്നു കഴിഞ്ഞ ദിവസം വീണയെ പിന്തുണച്ചും ചിറ്റയത്തെ പരിഹസിച്ചും സി.പി.എം ജില്ല സെക്രട്ടറിയുടെ പ്രതികരണം. മകളുടെ വിവാഹം അച്ഛനെ കാഴ്ചക്കാരനായി ഇരുത്തി കരക്കാർ നടത്തുന്നത് ശരിയാണോ എന്നായിരുന്നു ഇതിന് ചിറ്റയത്തെ പിന്തുണച്ച് സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍റെ മറുചോദ്യം.
തർക്കത്തിൽ സി.പി.എം ജില്ല സെക്രട്ടറിയുടെ പരസ്യ പ്രതികരണം ദൗർഭാഗ്യകരമാണെന്ന് പറഞ്ഞ സി.പി.ഐ ജില്ല സെക്രട്ടറി കാബിനറ്റ് റാങ്കിലുള്ള രണ്ടുപേർ തമ്മിലുള്ള തർക്കം പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും അഭിപ്രായപ്പെട്ടു. ചിറ്റയം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സ്വാഭാവികമായി പ്രതികരിക്കുകയായിരുന്നു. അദ്ദേഹം എന്തോ തെറ്റായി പറഞ്ഞു എന്നൊന്നും വ്യാഖ്യാനിക്കേണ്ട ആവശ്യമില്ലെന്നും ചിറ്റയത്തെ പിന്തുണച്ച് എ.പി. ജയൻ പറഞ്ഞു.
മുന്നണിക്കകത്ത് എല്ലാം ചർച്ചചെയ്ത് പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ജില്ലയിലെ പാർട്ടി നേതൃത്വങ്ങളും പരസ്യ പ്രതികരണത്തിന് തയാറായതോടെ വിഷയം കൂടുതൽ വഷളാകാതെ അടിയന്തരമായി പരിഹരിക്കാൻ ഇരുപാർട്ടിയുടെയും സംസ്ഥാന നേതൃത്വവും ശ്രമം തുടങ്ങി. പ്രത്യേകിച്ച് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ താൽക്കാലികമായാണെങ്കിലും ജില്ലയിൽതന്നെ വിഷയം ചർച്ചചെയ്ത് പരിഹരിക്കാനാണ് ശ്രമം. അതിന്‍റെ ഭാഗമായി 22ന് ഇടതുമുന്നണി ജില്ല കൺവീനർ അടക്കം പങ്കെടുത്ത് യോഗം ചേരാനും ധാരണയായിട്ടുണ്ട്.
എന്നാൽ, ഇതിൽ സി.പി.ഐക്ക് വലിയ പ്രതീക്ഷ ഇല്ല. മുമ്പ് അങ്ങാടിക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ പ്രവർത്തകരെ മർദിച്ചതടക്കം തർക്കവിഷയങ്ങളിൽ ധാരണ ലംഘിച്ച് മുന്നോട്ട് പോകുന്ന സി.പി.എം സമീപനമാണ് ഇതിന് കാരണം. മന്ത്രി വീണ ജോർജിന്‍റെ സമീപനങ്ങളോട് പാർട്ടിക്കുള്ളിൽനിന്നുതന്നെ കടുത്ത വിമർശനം ഉയർന്നിട്ടുള്ളതാണ്. എന്നാൽ, മുഖ്യമന്ത്രിയും മറ്റുമായുള്ള അടുപ്പംകൊണ്ടാകാം ഇതിനെയെല്ലാം അവഗണിച്ചാണ് അവർ മുന്നോട്ടു പോകുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ അവർ കാര്യങ്ങൾ തീരുമാനിച്ച് നടപ്പാക്കുമ്പോൾ വെറും കാഴ്ചക്കാരുടെ റോൾ മാത്രമാണ് മറ്റുള്ളവർക്ക്. ഇതാണ് ഇപ്പോൾ മന്ത്രിസഭ വാർഷികാഘോഷ പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് നേതാക്കളുടെ പരസ്യ പോരിൽ എത്തിനിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.