മണിയെ പരിസ്ഥിതിയെ കുറിച്ചുള്ള മാര്‍ക്സിസ്റ്റ് നിലപാട് പഠിപ്പിക്കണം -ബിനോയ് വിശ്വം
text_fieldsന്യൂഡൽഹി: നീലക്കുറിഞ്ഞി വിഷയത്തില്‍ സി.പി.ഐയെ കടന്നാക്രമിക്കുന്ന മന്ത്രി എം.എം. മണിയെ കടുത്ത ഭാഷയിൽ വിമര്‍ശിച്ച് മുന്‍ വനം മന്ത്രിയും കമ്യൂണിസ്റ്റ് പാർട്ടി നേതാവുമായ ബിനോയ് വിശ്വം. മണിയെ പരിസ്ഥിതിയെ കുറിച്ചുള്ള മാര്‍ക്സിസ്റ്റ് നിലപാട് സി.പി.എം പഠിപ്പിക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
പരിസ്ഥിതി എന്ന വാക്ക് കേട്ടാല്‍ കാതു പൊത്തുകയും അശ്ലീലമെന്ന് വാദിക്കുകയും ചെയ്യുന്നവര്‍ കൈയേറ്റക്കാരാണ്. ഭൂമിയെ ലാഭത്തിനു വേണ്ടി മാത്രം കാണുന്ന വന്‍കിട മുതലാളിമാരുടെ ഭാഷയാണ് മണിക്കെന്നും ചാനൽ അഭിമുഖത്തിൽ ബിനോയ് വിശ്വം ആരോപിച്ചു.
ആദിവാസികളുടെ പേരു പറഞ്ഞ് കൈയേറ്റക്കാരെ പശ്ചിമഘട്ടം കുത്തിക്കവരാന്‍ അനുവദിക്കില്ല. ഒരിടത്ത് കൂട്ടമായി താമസിക്കുകയും മറ്റൊരിടത്ത് കൃഷിയിറക്കുകയും ചെയ്യുന്ന പാവങ്ങളെയും ആദിവാസികളെയും സംരക്ഷിക്കണം. കൊട്ടാക്കമ്പൂര്‍, വട്ടവട വില്ലേജുകളില്‍ താമസിക്കുന്ന ഇവരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കത്തയച്ച ആളാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍. ഇവരുടെ ഭൂമി പരമാവധി 500 ഏക്കറില്‍ കൂടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
വി.എസ്. സര്‍ക്കാര്‍ നീലക്കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിച്ചത് കൈയേറ്റ മാഫിയയില്‍ നിന്ന് കൊട്ടാക്കമ്പൂര്‍, വട്ടവട പ്രദേശങ്ങളെ സംരക്ഷിക്കാനാണ്. ആരെയും കുടിയിറക്കാന്‍ ഉദ്ദേശിച്ചല്ലായിരുന്നു നടപടി. നിയമപരമായ പട്ടയമുള്ളവര്‍ക്ക് പേടിക്കേണ്ട കാര്യമില്ല. എന്നാല്‍, കൈയേറ്റക്കാരെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒഴിപ്പിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.