പതറിയിട്ടില്ല, പതറുകയുമില്ല; കെ.ഇക്ക് ഇന്ന് ശതാഭിഷേകം
text_fieldsപാലക്കാട്: വ്യാഴാഴ്ച 84-ാം പിറന്നാള്‍ ആഘോഷിക്കുന്ന സി.പി.ഐ നേതാവ് കെ.ഇ. ഇസ്മായിൽ എന്ന കെ.ഇ.യുടെ കിഴക്കഞ്ചേരിയിലെ ഭവനത്തിൽ പിറന്നാൾ ആശംസയുമായെത്തുന്നവരുടെ തിരക്ക് രണ്ട് ദിവസം മുമ്പേ തുടങ്ങി.
"പ്രതിസന്ധികള്‍ വരുമ്പോള്‍ മാറിനില്‍ക്കാറില്ല. പതറിയിട്ടില്ല. പതറുകയുമില്ല. പാര്‍ട്ടി ചുമതലയില്ലെങ്കിലും സഹായം ആവശ്യപ്പെട്ടുവരുന്നവരെ കയ്യൊഴിയില്ല' - പിറന്നാൾ സന്തോഷങ്ങൾക്കിടയിലും അദ്ദേഹം നയം വ്യക്തമാക്കുന്നു.
1939 ആഗസ്റ്റ് 10-നാണ് ജനനം. ഹൈസ്‌കൂള്‍ പഠനകാലത്തുതന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. ചേട്ടന്‍ കെ.ഇ. ഹനീഫയായിരുന്നു അനിയന് വഴികാട്ടിയായത്.
പട്ടാളത്തില്‍ നിന്ന് വിട്ട് നാട്ടിലെത്തിയതോടെയാണ് പൊതുപ്രവര്‍ത്തനം ഉഷാറാക്കിയത്. കിഴക്കഞ്ചേരിയില്‍ സി.പി.ഐയുടെ ബ്രാഞ്ച് സെക്രട്ടറിയായാണ് തുടക്കം. കിഴക്കഞ്ചേരി ലോക്കല്‍ സെക്രട്ടറി, ആലത്തൂര്‍ മണ്ഡലം സെക്രട്ടറി, ആലത്തൂര്‍-കുഴല്‍മന്ദം താലൂക്ക് സെക്രട്ടറി, പിന്നീട് പാര്‍ട്ടിക്ക് ജില്ലയില്‍ അടിത്തറയുണ്ടാക്കിയ പി. ശങ്കര്‍ സെക്രട്ടറിയായിരുന്നപ്പോള്‍ അസിസ്റ്റന്‍റ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 1965ല്‍ കുറച്ചുകാലം ജില്ല സെക്രട്ടറിയുടെ ചുമതലയും വഹിച്ചു. 1968ലെ കോട്ടയം സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റിയിലെത്തുന്നത്. അടുത്ത രണ്ട് സമ്മേളനക്കാലം കഴിഞ്ഞപ്പോഴേക്കും സംസ്ഥാന നിര്‍വ്വാഹ സമിതിയിലെത്തി. 1982ലെ വാരണാസി പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സി.പി.ഐ ദേശീയ കൗണ്‍സിലിലെത്തി. പിന്നീട് പാര്‍ട്ടി സെക്രട്ടറിയായ സുധാകര്‍ റെഡ്ഡിയും ആ കാലത്താണ് ദേശീയ കൗണ്‍സിലിലെത്തുന്നത്.
12 വര്‍ഷം ദേശീയ നിര്‍വ്വാഹസമിതിയിലെത്തി. 2022ല്‍ വിജയവാഡ കോണ്‍ഗ്രസ്സിലെ പ്രായപരിധി മാനദണ്ഡമനുസരിച്ച് ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു. നിലവില്‍ ഭാരതീയ ഖേത് മസ്ദൂര്‍ കിസാന്‍ യൂണിയന്‍ (ബി.കെ.എം.യു) ദേശീയ വൈസ് പ്രസിഡന്‍റാണ്. ആറുവര്‍ഷം ബി.കെ.എം.യു ദേശീയ പ്രസിഡന്‍റുമായിരുന്നു. 1995 മുതൽ 2018 വരെ സി.പി.ഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി, മൂന്ന് തവണ പട്ടാമ്പിയിൽ നിന്ന് (1996, 1991, 1982) നിയമസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
പാര്‍ട്ടിയില്‍ സംസ്ഥാന സെക്രട്ടറി പദം ഒഴികെ എല്ലാം കെ.ഇ.യെ തേടിയെത്തി. പി.കെ. വാസുദേവന്‍ നായരും വെളിയം ഭാര്‍ഗ്ഗവനും സെക്രട്ടറിമാരായിരുന്ന സമയത്ത് അസി. സെക്രട്ടറിയായിരുന്നു.
പാര്‍ട്ടിയില്‍ എന്‍.ഇ. ബാല്‍റാം സ്വാധീനിച്ചതുപോലെ മറ്റൊരാളില്ലെന്നാണ് കെ.ഇ.യുടെ പക്ഷം.
ഭാര്യ ഖയറുന്നീസാ ബീവി കിഴക്കഞ്ചേരി ഹയർ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായാണ് വിരമിച്ചത്. കെ.ഇ. ലാലു, കെ.ഇ. ബൈജു, കെ.ഇ. സീമ എന്നിവരാണ് മക്കള്‍. ബൈജു അച്ഛന്‍റെ വഴിയേ പൊതുപ്രവര്‍ത്തനരംഗത്തുണ്ട്. ഷാന, ഷാബിത, യൂനസ് എന്നിവരാണ് മരുമക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.