‘70 കൊല്ലമായി പാർട്ടിയിലുണ്ട്; മരിക്കുന്നതുവരെ കമ്യൂണിസ്റ്റായി തുടരും’, സസ്പെൻഷൻ വാർത്തയോട് പ്രതികരിച്ച് കെ.ഇ. ഇസ്മയിൽ
text_fieldsകെ.ഇ. ഇസ്മയിൽ
പാലക്കാട്: നടപടി നേരിട്ടാലും കമ്യൂണിസ്റ്റുകാരനായി തന്നെ തുടരുമെന്നും മരിക്കുന്നതുവരെ പാർട്ടിക്കാരനായിരിക്കുമെന്നും സി.പി.ഐ നേതാവ് കെ.ഇ. ഇസ്മയിൽ. പി. രാജുവിന്റെ മരണത്തിന് പിന്നാലെ പരസ്യ പ്രതികരണങ്ങൾക്ക് തന്നെ ആറുമാസത്തേക്ക് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ചാനലുകളിൽ, എന്നെക്കുറിച്ച് ഒരു വാർത്ത കാണാൻ ഇടയായി. ചില സുഹൃത്തുക്കൾ വിളിച്ചുപറഞ്ഞപ്പോഴാണ് ഞാൻ ചാനൽ വെച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ഒരു വർത്തമാനവും ഞാൻ പറയാൻ ഉദ്ദേശിക്കുന്നില്ല. 1955 മുതൽ തുടങ്ങിയതാണ്. ഇപ്പോൾ 70 കൊല്ലമായി. ഞാൻ ഇപ്പോഴും പാർട്ടിയാണ്. മരിക്കുന്നതുവരെയും പാർട്ടിയായിരിക്കും’ -കെ.ഇ. ഇസ്മയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തനിക്ക് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചില്ലെന്നും മുൻ ദേശീയ നിർവാഹക സമിതി അംഗമായ ഇസ്മയിൽ വ്യക്തമാക്കി.
പി. രാജുവിന് പാർട്ടി നടപടിയിൽ വിഷമമുണ്ടായിരുന്നുവെന്നായിരുന്നു മാധ്യമങ്ങളോട് ഇസ്മയിൽ നടത്തിയ പ്രതികരണം. സാമ്പത്തിക തിരിമറി നടത്തി എന്ന ആരോപണത്തിന് പിന്നാലെയാണ് രാജുവിനെതിരെ പാർട്ടി നടപടിയെടുത്തത്. കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാർട്ടി നടപടി പിൻവലിച്ചില്ല. ഇക്കാര്യം പാർട്ടി പുനഃപരിശോധിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും കെ.ഇ. ഇസ്മയിൽ പറഞ്ഞിരുന്നു. പി.രാജുവിനെ ചിലർ വേട്ടയാടിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഫെബ്രുവരി 27നാണ് പി. രാജു അന്തരിച്ചത്.
ഈ പ്രസ്താവനയിൽ ഇസ്മയിലിനോട് പാർട്ടി വിശദീകരണം തേടി. കെ.ഇ. ഇസ്മയിലിനെതിരെ സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റിയും പരാതി നൽകിയിരുന്നു. കെ.ഇ. ഇസ്മയിൽ ഇപ്പോൾ പാലക്കാട് ജില്ല കൗൺസിലിലെ ക്ഷണിതാവാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.