പാർട്ടിയെ നയിച്ചത് സി.പി.എമ്മിനെ നേരിട്ടുകൊണ്ട്; പറയേണ്ടത് പറയാതിരിക്കില്ല -സി.പി.ഐ നേതാവ് ശിവരാമൻ
text_fieldsതൊടുപുഴ: എൽ.ഡി.എഫ് ഇടുക്കി ജില്ല കൺവീനർസ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി മുതിർന്ന സി.പി.ഐ നേതാവ് കെ.കെ. ശിവരാമൻ. സത്യം പറയുമ്പോൾ ചിലർക്ക് അസ്വസ്ഥതകളുണ്ടാകുമെന്നും അത് സർക്കാർ വിരുദ്ധമല്ലെന്നും ശിവരാമൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ആരുടെയെങ്കിലും മുഖപ്രസാദത്തിനുവേണ്ടി പറയേണ്ടത് പറയാതിരിക്കില്ല. പാർട്ടി വിലക്ക് ഇല്ലാത്തിടത്തോളംകാലം ഈ നിലയിൽതന്നെ മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങൾ അതിരുകടക്കുന്നെന്ന വിമർശനം ഉയർന്നതോടെയാണ് ശിവരാമനെതിരായ പടയൊരുക്കം പാർട്ടിയിലും മുന്നണിയിലും തുടങ്ങിയത്.
സി.പി.എം ജില്ല നേതൃത്വം തന്നെ ഇറങ്ങിക്കളിച്ചതോടെയാണ് ശിവരാമന് കൺവീനർസ്ഥാനം നഷ്ടമായതെന്നാണ് സൂചന. സി.പി.എം പരാതിക്ക് പുറമെ ജില്ലയിലെ സി.പി.ഐയിൽ നിലനിൽക്കുന്ന പടലപ്പിണക്കങ്ങളും സ്ഥാനം തെറിക്കാൻ കാരണമായെന്നാണ് വിവരം.
ബാർ കോഴ വിവാദത്തിലും ഇടുക്കിയിലെ ഭൂമി കൈയേറ്റ വിഷയങ്ങളിലുമുള്ള തുറന്നുപറച്ചിൽ സർക്കാറിനെത്തന്നെ വെട്ടിലാക്കി. പാർട്ടിയുടെ ചട്ടക്കൂടിനുള്ളിൽനിന്നുള്ള അഭിപ്രായപ്രകടനങ്ങൾ ആരെയെങ്കിലും അസ്വസ്ഥതപ്പെടുത്തുന്നുണ്ടെങ്കിൽ അത് വകവെക്കുന്നില്ലെന്ന് ശിവരാമൻ പറഞ്ഞു. ജില്ലയിലെ ഭൂപ്രശ്നങ്ങളെക്കുറിച്ച് താനിട്ട പല പോസ്റ്റുകളും ചിലർക്കൊക്കെ അസ്വസ്ഥതകളുണ്ടാക്കിയിട്ടുണ്ട്. ചില സത്യങ്ങൾ അങ്ങനെയാണ്.
സർക്കാറിന്റെ നിലപാടുകൾക്ക് വിരുദ്ധമായി ചില കാര്യങ്ങൾ നടക്കുമ്പോൾ അത് ചൂണ്ടിക്കാണിക്കുന്നത് സർക്കാർ വിരുദ്ധമാണെന്ന് കരുതുന്നില്ല.
18ാം വയസ്സിൽ പാർട്ടിയിൽ ചേർന്ന താൻ 16 വർഷം ജില്ല സെക്രട്ടറിയായിരുന്നു. അതിൽ വലിയൊരു കാലയളവും സി.പി.എമ്മിനെ നേരിട്ടുകൊണ്ടാണ് പാർട്ടിയെ നയിച്ചത്. 2012 മുതൽ 2018 വരെ അത് രൂക്ഷമായിരുന്നു.
സി.പി.എം ജില്ല സെക്രട്ടറി മണിയാശാനും താനും രണ്ടുതട്ടിൽ നിന്നിട്ടുണ്ട്. അന്നും സി.പി.ഐയെ പ്രതിക്കൂട്ടിലാക്കാനുള്ള ബോധപൂർവ ശ്രമങ്ങളും പ്രസ്താവനകളും നടന്നിട്ടുണ്ട്. അതെല്ലാം വിഷയാധിഷ്ഠിതമാണ്. അപ്പോഴും എൽ.ഡി.എഫിന്റെ പ്രവർത്തനങ്ങളിൽ യോജിപ്പിലായിരുന്നു.
പാർട്ടിയിൽ എതിർസ്വരമുണ്ടായിരുന്നില്ലെങ്കിലും ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. നിലവിൽ സംസ്ഥാന കൗൺസിൽ അംഗമാണ്. സാദാ അംഗമായാലും പാർട്ടിയോടൊപ്പം നിൽക്കും. അതേസമയം നാല് ജില്ലകളിലും ജില്ല സെക്രട്ടറിമാർതന്നെ കൺവീനർ ആയാൽ മതിയെന്നത് സംസ്ഥാന കമ്മിറ്റി തീരുമാനമെന്നാണ് സി.പി.ഐ നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം. ഉറച്ച നിലപാടുകളുമായി പാർട്ടിയോടൊപ്പമുണ്ടാകുമെന്ന് പറയുമ്പോഴും ജില്ലയിൽ പതിറ്റാണ്ടുകൾ സി.പി.ഐയെ നയിച്ച കെ.കെ. ശിവരാമന്റെ സ്ഥാനചലനം പാർട്ടിയിലും മുന്നണികളിലും തുടർചർച്ചകൾക്ക് വഴിയൊരുക്കുമെന്ന് ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.