കാപെക്സിൽ ക്രമക്കേട്: മുൻ എം.ഡിയെ സംരക്ഷിക്കണമെന്ന് സി.പി.ഐ നേതാവിന് കത്ത്
text_fieldsതിരുവനന്തപുരം: കാപെക്സിന് കോടികളുടെ നഷ്ടം വരുത്തിയ മുൻ മാനേജിങ് ഡയറക്ടർ ആർ. രാജേഷിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നേതാവും എ.ഐ.ടി.യുസി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.പി. രാജേന്ദ്രന് കത്ത്. 'മാധ്യമം' ആഴ്ചപ്പതിപ്പിൽ കശുവണ്ടികൊള്ള - എന്ന കവർ സ്റ്റോറി പുറത്തു വന്നതോടെയണ് മുൻ എം.ഡി കുടുംബത്തിന്റെ കമ്യൂണിസ്റ്റ് പാർട്ടി ബന്ധം ചൂണ്ടിക്കാട്ടി കെ.പി. രാജേന്ദ്രനെ സമീപിച്ചത്. ആലപ്പുഴ കർഷക തൊഴിലാളി പ്രസ്ഥാനത്തിന്റെയും ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടിയുടെയും നേതാവും സി.പി.ഐ ജില്ലാ കൗൺസിൽ അംഗവുമായ പി.എം. തങ്കപ്പന്റെ ചെറുമകനാണെന്ന് ആർ. രാജേഷ് കത്തിൽ പറയുന്നു. പബ്ലിക് പ്രോസിക്യൂട്ടറും, പ്ലീഡറുമായ അഡ്വ. പി.പി. ഗീതയുടെ പിതാവാണ് തങ്കപ്പനെന്നും അദ്ദേഹം കത്തിൽ കുറിച്ചു.
കൊല്ലത്തെ എ.ഐ.ടി.യു.സി നേതാവായ അയത്തിൽ സോമനാണ് തന്നെ വേട്ടയാടുന്നത്. സോമൻ നൽകിയ പരാതിയിലാണ് ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം നടത്തിയത്. 2016 മുതൽ മന്ത്രിമാർക്കും സെക്രട്ടറിയേറ്റിലെ ഐ.എ.എസ് ഉദ്യോഗസ്ഥർക്കും സോമൻ വ്യാജപരാതികൾ അയച്ചിരുന്നു. ധനകാര്യ പരിശോധനാ വിഭാഗം നടത്തി അന്വേഷണത്തിൽ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് തന്നെ സസ്പെൻഡ് ചെയ്തപ്പോൾ സോമൻ എല്ലാം മാധ്യമങ്ങളിലും വാർത്ത നൽകി. സോമൻ തന്റെ കുടുംബത്തെ വീണ്ടും വേട്ടയാടുകയാണ്. ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയ ക്രമക്കേടുകളിൽ ഒന്നിൽ പോലും വസ്തുതകളില്ല.
മാധ്യമ വാർത്തകൾ വന്നിട്ടും രാഷ്ട്രീയ പാർട്ടികൾ സമരമോ പ്രതിഷേധ പ്രകടനമോ നടത്തിയിട്ടില്ല. പ്രതിപക്ഷത്തുള്ള നേതാക്കളിലാരും തനിക്കെതിരെ പത്രപ്രസ്താവന നടത്തിയിട്ടില്ല. പ്രതിപക്ഷം കാണിക്കാത്ത ക്രൂരതയാണ് സോമൻ കാണിച്ചത്. സോമനെ വിളിച്ച് 54 മിനിറ്റോളം സംസാരിച്ചു. സോമനോട് സാഷ്ടാംഗം താൻ മാപ്പ് പറഞ്ഞു. 'ഇനി എന്നെ ഉപദ്രവിക്കരുത് ചേട്ട' എന്നു വരെ താണുകേണു പറഞ്ഞു. കല്ല് പോലും അലിയുന്ന ഭാഷയിലാണ് താൻ സോമനോട് ഫോണിൽ സംസാരിച്ചത്. എന്നിട്ടും തന്നെ വേട്ടയാടുന്ന സോമൻ നീചനാണ്.
മാർച്ച് അവസാനം ആലപ്പുഴയിലെ സി.പി.ഐ നേതൃത്വത്തിലുള്ള സഖാക്കളെ കണ്ട് കാപെക്സിലെ കാര്യങ്ങൾ സംസാരിച്ചു. അവർ കെ.പി രാജേന്ദ്രനെ വിളിച്ച് സോമനെ നിലക്ക് നിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷം കെ.പി രാജേന്ദ്രൻ തിരുവനന്തപുരത്ത് വരുമ്പോൾ കാണാമെന്ന സോമനെ ഫോണിൽവിളിച്ച് അറിയിച്ചിരുന്നു. കെ.പി. രാജേന്ദ്രൻ സോമനെ ശാസിച്ചുവെന്നാണ് ആലപ്പുഴയിലെ സഖാക്കൾ തന്നെ അറിയച്ചത്. സി.പി.ഐയുടെ മേൽ ഘടകത്തിൽ നിന്ന് നിർദേശം നൽകിയിട്ടും സോമൻ വേട്ടയാടൽ തുടരുകയാണ്. 'മാധ്യമം എന്ന യു.ഡി.എഫ് മാസിക'യിൽ പട്ടത്താനത്തുള്ള പി.ആർ. സുനിലിനെക്കൊണ്ട് ലേഖനം എഴുതിച്ചത് സോമനാണ്'- എന്നും കത്തിൽ ചൂണ്ടിക്കാട്ടി. കാഷ്യു കോർപറേഷന്റെ ഫാക്ടറികളിൽ മാധ്യമം ആഴ്ചപ്പതിപ്പ് വിതരണം ചെയ്തത് സോമനാണെന്നു രാജേഷ് കത്തിൽ പറയുന്നു. പ്രശ്നം പരിഹരിക്കാൻ സോമൻ 75 ലക്ഷം രൂപ ഫോണിലൂടെ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം ആരോപിക്കുന്നു.
കേരളത്തിലെ സാധാരണക്കാരായ കശുമാവ് കർഷകർക്ക് ന്യായമായ വില കിട്ടുന്നതിനായി കർഷകരിൽനിന്ന് തോട്ടണ്ടി വാങ്ങുന്നതിനുള്ള 2018, 2019 വർഷങ്ങളിലെ സർക്കാർ ഉത്തരവുകളെ അട്ടിമറിച്ച് അന്യസംസ്ഥാനങ്ങളിൽ നിന്ന് / വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഗുണമേന്മ കുറഞ്ഞ തോട്ടണ്ടി, വ്യാപാരികളിൽ നിന്ന് വാങ്ങി അവർക്ക് കൊള്ള ലാഭം നേടുന്നതിന് വഴിയൊരുക്കി. കാപെക്സിന് വൻ സാമ്പത്തിക നഷ്ടം വരുത്തിയതിന് കാരണക്കാരായ എം.ഡി ആ സ്ഥാനത്ത് തുടരുന്നത് സർക്കാറിന്‍റെയും കാപെക്സിന്‍റെയും താൽപര്യങ്ങൾക്കു വിരുദ്ധമാണ്. അതിനാൽ രാജേഷിനെ അടിയന്തരമായി കാപെക്സിന്‍റെ മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നായിരുന്നു ധനകാര്യ വകുപ്പിന്റെ ശിപാർശ. അതിന്റെ അടിസ്ഥാനത്തിലാണ് വ്യവസായ വകുപ്പ് രാജേഷിനെ എം.ഡി സ്ഥാനത്ത് നിന്ന നീക്കിയത്.
മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച കാപെക്സിലെ അഴിമതികളെയും കെടുകാര്യസ്ഥതകളെയും തുറന്നുകാണിക്കുന്ന ലേഖനം വായിക്കാം www.madhyamam.com/n-975728
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.