വീണ്ടും സി.പി.എമ്മിന്റെ തിരുവാതിരക്കളി, ഇത്തവണ തൃശൂരിൽ
text_fieldsതൃശൂർ: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശ്ശാലയിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചതിന്റെ വിവാദങ്ങൾ കെട്ടടങ്ങുംമുമ്പ് വീണ്ടും സി.പി.എമ്മിന്റെ തിരുവാതിരക്കളി. ഇത്തവണ തൃശൂരിലാണ് തിരുവാതിര അരങ്ങേറിയത്. സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയാണ് തിരുവാതിര സംഘടിപ്പിച്ചത്.
ഊരാങ്കോട് അയ്യപ്പക്ഷേത്രത്തിന് സമീപം നടന്ന തിരുവാതിരയിൽ നൂറിലേറെ സ്ത്രീകൾ പങ്കെടുത്തു. ഈമാസം 21 മുതൽ 23 വരെയാണ് തൃശൂർ ജില്ലാ സമ്മേളനം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുവാതിര നടത്തിയതെന്ന് സംഘാടകർ അവകാശപ്പെട്ടു. എല്ലാവരും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് തിരുവാതിരക്കളിയിൽ അണിനിരന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം, തിരുവാതിര പോലുള്ള ആളുകൾ കൂടുന്ന പരിപാടികളിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കണമെന്ന് നിർദേശം നൽകിയെന്ന് പാർട്ടി ജില്ലാ നേതൃത്വം വ്യക്തമാക്കുന്നു. പാറശ്ശാലയിൽ നടന്ന തിരുവാതിരക്കളി തെറ്റായിപ്പോയെന്ന് പാർട്ടി നേതാക്കൾ തന്നെ വിലയിരുത്തിയ സാഹചര്യത്തിൽ വീണ്ടും സി.പി.എം സമ്മേളനത്തിന്റെ ഭാഗമായി തിരുവാതിര അരങ്ങേറിയത് പാർട്ടി നേതൃത്വം ഗൗരവത്തോടെ തന്നെ കണക്കിലെടുക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.