സി.പി.ഐ മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് പുനഃസംഘാടനം: സംസ്ഥാന നേതാക്കളെ വെട്ടിനിരത്തി
text_fieldsമലപ്പുറം: സംസ്ഥാന നേതാക്കളെ വെട്ടിനിരത്തി സി.പി.ഐ ജില്ല സെക്രേട്ടറിയറ്റ് പുനഃസംഘടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ജില്ല എക്സിക്യൂട്ടിവ് യോഗത്തിൽ ഉയർന്നത് അതിരൂക്ഷ വിമർശനങ്ങൾ. ഇതെല്ലാം മറികടന്നാണ് നേതൃത്വത്തിന് വേണ്ടവരെ ഉൾപ്പെടുത്തി സെക്രേട്ടറിയറ്റിലേക്ക് തെരഞ്ഞെടുത്തത്.
എ.ഐ.വൈ.എഫ് ദേശീയ എക്സിക്യൂട്ടിവ് അംഗവും സംസ്ഥാന ജോയന്റ് സെക്രട്ടറിയുമായ അഡ്വ. കെ.കെ. സമദ്, കിസാൻ സഭ സംസ്ഥാന സെക്രട്ടറി പി. തുളസിദാസ് മേനോൻ, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി എം.എ. റസാഖ്, എം.എ. അജയ് കുമാർ തുടങ്ങിയവരെയാണ് കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയത്.
നിലവിൽ നാല് ഒഴിവുണ്ടായിരുന്നു. ഇതുകൂടാതെയാണ് ഈ നാലുപേരെ സെക്രേട്ടറിയറ്റിൽനിന്ന് ഒഴിവാക്കിയത്. ഒഴിവാക്കപ്പെട്ട എം.എ. അജയ് കുമാർ കഴിഞ്ഞ സി.പി.ഐ ജില്ല സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച അജിത് കൊളാടിയുടെ പേര് നിർദേശിച്ച ആളാണ്.
ഇതിനെ പിന്തുണച്ച ആളാണ് തുളസിദാസ് മേനോൻ. കൂടാതെ, ദലിത് വിഭാഗങ്ങൾക്ക് സെക്രേട്ടറിയറ്റിൽ പ്രാതിനിധ്യമുണ്ടാകാറുണ്ടായിരുന്നു. എന്നാൽ, ഇത്തവണ അത് ലഭിച്ചില്ലെന്നും വിമർശനമുണ്ട്. സംസ്ഥാന അസി. സെക്രട്ടറി പി.പി. സുനീർ, ജില്ലയുടെ ചുമതലയുള്ള സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മന്ത്രി അഡ്വ. കെ. രാജൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് വെട്ടിനിരത്തൽ.
ഒ.കെ. അയ്യപ്പൻ, അഡ്വ. ഷഫീർ കിഴിശ്ശേരി, ഷാജിറ മനാഫ്, പി.ടി. ഷറഫുദ്ദീൻ, സി.എച്ച്. നൗഷാദ് എന്നിവരെയാണ് പുതുതായി സെക്രേട്ടറിയറ്റിൽ ഉൾപ്പെടുത്തിയത്. ഇതിൽ രണ്ടുപേർ മണ്ഡലം സെക്രട്ടറിമാരാണ്. സാധാരണ രീതിയിൽ മണ്ഡലം സെക്രട്ടറിമാരെ സെക്രേട്ടറിയറ്റിൽ ഉൾപ്പെടുത്താറില്ല.
കൂടാതെ, എ.ഐ.വൈ.എഫ് മുതിർന്ന നേതാവ് സമദിനെ തഴഞ്ഞാണ് ജില്ല സെക്രട്ടറിയായ ഷഫീർ കിഴിശ്ശേരിയെ പരിഗണിച്ചത്. ഇതിനെതിരെയും യോഗത്തിൽ വിമർശനമുണ്ടായി. നേതൃത്വത്തിനെതിരെ വലിയ വിമർശനങ്ങളാണ് പുറത്താക്കപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. കഴിഞ്ഞ ജില്ല സമ്മേളനത്തിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ചും യോഗത്തിൽ വാക്കേറ്റവുണ്ടായി.
തന്നെ പിന്നിൽനിന്ന് കുത്തിയെന്നാണ് ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ് യോഗത്തിൽ അജിത് കൊളാടിക്കെതിരെ ആരോപിച്ചത്. പിന്നിൽനിന്നല്ല, മുന്നിൽനിന്നാണ് കുത്തിയതെന്ന് അജിത് കൊളാടി തിരിച്ചടിച്ചു. പാർട്ടിവിരുദ്ധ നിലപാടുകൾ സ്വീകരിച്ചാൽ ഇനിയും ഇത്തരം നിലപാടുകളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, കമ്മിറ്റിയിലേക്ക് പുതുതായി ഏഴ് പേരെയാണ് തെരഞ്ഞെടുത്തത്. പി. മൈമൂനക്ക് പുറമെ ഷാജിറ മനാഫിനെകൂടി ഉൾപ്പെടുത്തി വനിതപ്രാതിനിധ്യം രണ്ടാക്കി.ഏകപക്ഷീയമാണെന്ന ആരോപണം ഉയർന്നെങ്കിലും മത്സരമില്ലാത്തത് ഔദ്യോഗികപക്ഷത്തിന് അനുകൂലമായി. എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ തർക്കങ്ങളെല്ലാം ജില്ല കമ്മിറ്റിയിൽ മറികടക്കാൻ സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.