എസ്.എഫ്.ഐക്കെതിരെ ആഞ്ഞടിച്ച് ജനയുഗം: 'ഈ ഫാസിസ്റ്റ് കഴുകന്‍ കൂട്ടം ബി.ജെ.പിയുടെ ഫാസിസ ചില്ലകളിൽ ചേക്കേറും'
text_fieldsകോട്ടയം: എം.ജി സർവകലാശാലയിൽ വനിതാ നേതാവടക്കമുള്ള എ.െഎ.എസ്.എഫ് പ്രവർത്തകരെ മർദിക്കുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്ത എസ്.എഫ്.ഐ നേതാക്കൾക്കെതിരെ രൂക്ഷപ്രതികരണവുമായി സി.പി.ഐ മുഖപത്രമായ ജനയുഗം. പണ്ട് അവസാനിച്ച മനുവാദകാലം എസ്.എഫ്.ഐയിലൂടെ പുനരവതരിക്കുകയാണ്. എസ്.എഫ്.ഐയെ ഇങ്ങനെ കയറൂരിവിട്ടാല്‍ ഈ ഫാസിസ്റ്റ് കഴുകന്‍ കൂട്ടങ്ങള്‍ സ്വാഭാവിക പരിണതിയെന്ന നിലയില്‍ ബി.ജെ.പി അടക്കമുള്ള ഫാസിസത്തിന്‍റെ ചില്ലകളിലേക്കായിരിക്കും ചേക്കേറുകയെന്നും എഡിറ്റ് പേജിൽ ദേവിക എഴുതിയ 'വാതിൽപ്പഴുതിലൂടെ' എന്ന പംക്തിയിൽ പറയുന്നു. ബി.ജെ.പിയിൽ ചേർന്ന എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഋതബ്രത ബാനര്‍ജിയെയും മുന്‍ സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുല്ലക്കുട്ടിയെയും ചൂണ്ടിക്കാട്ടിയാണ് ഈ വിമർശനം.
വിദ്യാർഥി സംഘടനകൾ തമ്മിലുള്ള പ്രശ്നത്തിൽ സി.പി.എമ്മും സി.പി.ഐയും മൗനം പാലിക്കുന്ന സന്ദർഭത്തിലാണ് പ ാർട്ടി മുഖപത്രം എസ്.എഫ്.ഐക്കെതിരെ രംഗത്തുവന്നതെന്നതും ശ്രദ്ധേയമാണ്. പ്രശ്നം വിദ്യാർഥികൾ തന്നെ ചർച്ച ചെയ്തുപരിഹരിക്കുമെന്നായിരുന്നു സി.പി.ഐ ജില്ല സെക്രട്ടറി സി.െക. ശശിധരനും സി.പി.എം ജില്ല സെക്രട്ടറി എ.വി. റസലും മാധ്യമങ്ങളോടു പ്രതികരിച്ചത്. തങ്ങളുടെ വിദ്യാർഥി സംഘടന നേതാവിന് നേെര സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന തരത്തിൽ അതിക്രമം നടന്നിട്ടും കാനം രാജേന്ദ്രൻ അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രതികരിക്കാതിരുന്നത് ചർച്ചാവിഷയമായിരുന്നു.
ജനയുഗം ലേഖനത്തിൽനിന്ന്:
രണ്ടു വര്‍ഷം മുമ്പ് യൂനിവേഴ്‌സിറ്റി കോളജില്‍ മാനസികരോഗമുള്ള ചില എസ്.എഫ്.ഐ നേതാക്കള്‍ തങ്ങളുടെ ഒരു സഖാവിന്‍റെ ഇടനെഞ്ചിലാണ് കഠാര കയറ്റിയത്. ഈ കുത്തുകേസിലെ പ്രതികള്‍ തന്നെയായിരുന്നു പരീക്ഷാ തട്ടിപ്പിലേയും പിഎസ്‌സി തട്ടിപ്പിലേയും പ്രതികള്‍. ക്രിമിനല്‍ കേസുകളുടെ എണ്ണം തികച്ച് യുവജനസംഘടനാ നേതൃത്വത്തിലേക്ക് പ്രൊമോഷന്‍ നേടാനുള്ള തത്രപ്പാടായിരുന്നു അത്.
യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങള്‍ ബഹുജന മധ്യത്തില്‍ രോഷാഗ്നിയായി പടര്‍ന്നതോടെ കാമ്പസുകളിലെ എസ്.എഫ്.ഐ അതിക്രമങ്ങള്‍ക്ക് തെല്ലൊരു അറുതിയുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഘട്ടം ഇതാ എം.ജി യൂണിവേഴ്‌സിറ്റിയില്‍ അരങ്ങേറിയിരിക്കുന്നു. കൂടെ നിന്നു പൊരുതേണ്ട എ.ഐ.എസ്.എഫിന്‍റെ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി നിമിഷാ രാജ് എന്ന നേതാവിനെ കഴുത്തോളം പൊങ്ങിച്ചവിട്ടുന്ന എസ്.എഫ്.ഐക്കാരന്‍. എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ മർദിക്കുന്നതിന് നേതൃത്വം നൽകിയത് വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അരുണും എസ്.എഫ്.ഐ നേതാവായ ആര്‍ഷോയും. മർദനം നടക്കുമ്പോള്‍ താന്‍ ജനിച്ചിട്ടുപോലുമുണ്ടായിരുന്നില്ല എന്നാണ് ആര്‍ഷോ പറയുന്നത്. എന്നാല്‍ ഇയാള്‍ കൊലവിളി നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആ കഥയും പൊളിഞ്ഞു. ഇയാളാകട്ടെ അടുത്ത പ്രൊമോഷനുള്ള യോഗ്യതയും കടന്നു നില്‍ക്കുന്നയാള്‍. ഈ ചെറുപ്രായത്തില്‍ത്തന്നെ 33 ക്രിമിനല്‍ കേസുകളില്‍ പ്രതി. ഇത്രത്തോളമായ സ്ഥിതിക്ക് അടിയന്തരമായി ആര്‍ഷോയ്ക്ക് ഉചിതമായ സ്ഥാനക്കയറ്റം നൽകണം.
എസ്.എഫ്.ഐയെ ഇങ്ങനെ കയറൂരിവിട്ടാല്‍ ഈ വിദ്യാര്‍ത്ഥി നേതാക്കള്‍ എങ്ങോട്ടാണ് കൂടണയുക എന്ന് വര്‍ത്തമാനകാല രാഷ്ട്രീയം പരിശോധിച്ചാല്‍ മതി. എസ്.എഫ്.ഐയുടെ മുന്‍ സംസ്ഥാന പ്രസിഡന്‍റും മുന്‍ ലോക്‌സഭാംഗവുമായ എ.പി അബ്ദുള്ളക്കുട്ടിയാണ് ഇന്ന് ബിജെപിയുടെ ദേശീയ ഉപാധ്യക്ഷന്‍. ഋതബ്രത ബാനര്‍ജിയെന്ന എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇന്ന് ബിജെപിയില്‍. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമാരും എസ്.എഫ്.ഐ അഖിലേന്ത്യാ നേതാക്കളുമായിരുന്ന ഷക്കില്‍ അഹമ്മദ് ഖാനും ബിട്ടലാല്‍ ബറുവയും സയ്യിദ് നാസര്‍ഹുസൈനും ഇപ്പോള്‍ ബി.ജെ.പിയിലും കോണ്‍ഗ്രസിലും തൃണമൂല്‍ കോണ്‍ഗ്രസിലും. എന്തേ ഇങ്ങനെയെല്ലാം എന്ന് മനസിരുത്തി ചിന്തിച്ചില്ലെങ്കില്‍, വളര്‍ന്നുവരുന്ന ഈ ഫാസിസ്റ്റ് കഴുകന്‍ കൂട്ടങ്ങള്‍ സ്വാഭാവിക പരിണതിയെന്ന നിലയില്‍ ഫാസിസത്തിന്‍റെ ചില്ലകളിലേക്കായിരിക്കും ചേക്കേറുക എന്ന് ദേവിക കരുതുന്നു.
കവിത്രയങ്ങളില്‍ ആശയഗംഭീരനായിരുന്ന കുമാരനാശാന്‍ പല്ലനയിലുണ്ടായ റെഡീമര്‍ ബോട്ടപകടത്തില്‍ നീരറുതിയായിട്ട് ഒരു നൂറ്റാണ്ടു തികയാറായി. 25 പേര്‍ മരിച്ച ആ ദുരന്തത്തില്‍ മൃതദേഹങ്ങളുടെ പട്ടിക തയാറാക്കിയിരിക്കുന്നത് ജാതി തിരിച്ചായിരുന്നുവെന്ന് പുരാരേഖകളില്‍ കാണാം. ഒരു നാടാര്‍, ഒരു ഇളയത്, ഒരു ക്രിസ്ത്യാനി, രണ്ടു നായന്മാര്‍, ഒരു ആശാരി, നാല് തമിഴ് ബ്രാഹ്മണ പെണ്‍കുട്ടികള്‍, അഞ്ച് നമ്പൂതിരിമാര്‍, ഈഴവ സമുദായ നേതാവും ഭാഷാ പണ്ഡിതനും കവിയുമായ കുമാരനാശാന്‍ എന്ന ഒരു ഈഴവന്‍ എന്നിങ്ങനെയായിരുന്നു മൃതദേഹങ്ങളുടെ കണക്കെടുപ്പ്.
ദലിതര്‍ക്ക് മാറുമറയ്ക്കാനവകാശമില്ലാതിരുന്ന, മുലക്കരം നൽകണമായിരുന്ന, ഉന്നതകുല ജാതിയില്‍പ്പെട്ട ആഢ്യന്മാരില്‍ നിന്നും അവര്‍ണര്‍ ഗര്‍ഭം ധരിച്ചുകൊള്ളണമെന്ന് തുടങ്ങിയ പ്രാകൃത നാട്ടുനടപ്പു നടന്ന കാലമായിരുന്നു അത്. മനുവാദത്തിന്‍റെ അവസാനകാലം. പക്ഷേ, ആ കാലം പിന്നെയും എസ്.എഫ്.ഐയിലൂടെ പുനരവതരിക്കുകയാണോ? എ.ഐ.എസ്.എഫ് നേതാവായ നിമിഷ എന്ന പെണ്‍കൊടിയെ എസ്.എഫ്.ഐക്കാര്‍പെടുത്തിയത് പഴയ ഭാഷയിലെ ജാതിപ്പേരില്‍. ബലാത്സംഗം ചെയ്യുമെന്ന മാടമ്പി ഭാഷയിലുള്ള താക്കീതും. നവോത്ഥാനത്തിന്‍റെ വനിതാവന്മതില്‍ തീര്‍ത്ത കേരളത്തില്‍ ഇനിയുമുണ്ടാകേണ്ടേ മനുവിരുദ്ധ വനിതാ മതിലുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.