സി.പി.ഐ പത്തനംതിട്ട ജില്ല സമ്മേളനം: സ്ഥാനമാനങ്ങൾ കിട്ടാത്തവർ പരാതിയുമായി രംഗത്ത്
text_fieldsപത്തനംതിട്ട: സി.പി.ഐ സമ്മേളനം അവസാനിച്ചതോടെ സ്ഥാനമാനങ്ങൾ കിട്ടാത്തവർ പരാതികളും പ്രതിഷേധവുമായി രംഗത്ത്. ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എ.പി. ജയനെതിരെയാണ് പരാതികളുയരുന്നത്.ജില്ല കൗൺസിലിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തയുടൻ സമ്മേളന സ്ഥലത്തുതന്നെ ചിലർ പ്രതിഷേധമുയർത്തി. പുതിയ കൗൺസിലിലേക്ക് 20 ശതമാനം പുതിയ പ്രവർത്തകരെ ഉൾപ്പെടുത്തണമെന്ന് പാർട്ടി നിർദേശമുണ്ടായിരുന്നു.
അതനുസരിച്ച് പഴയ കമ്മിറ്റിയിൽനിന്ന് 20 ശതമാനം പേരെ ഒഴിവാക്കി. 20 ശതമാനം ഉൾപ്പെടുത്തലും ഒഴിവാക്കലും പിടിവള്ളിയാക്കി ഔദ്യോഗിക പക്ഷം തങ്ങളുടെ ആൾക്കാരെ തിരുകിക്കയറ്റി അല്ലാത്തവരെ ഒഴിവാക്കിയെന്നാണ് ആരോപണം. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഒഴിവാക്കലും ഉൾപ്പെടുത്തലും നടന്നതെന്ന് സമ്മേളന പ്രതിനിധികളിൽ ഒരുവിഭാഗം കുറ്റപ്പെടുത്തുന്നു. അധികം പ്രായമില്ലാത്തവരെ ഒഴിവാക്കിയപ്പോൾ 20 വർഷമായി ജില്ല കൗൺസിലിൽ തുടരുന്നവരെ നിലനിർത്തിയതായി ചൂണ്ടിക്കാട്ടുന്നു.
ഒഴിവാക്കപ്പെട്ട മല്ലപ്പള്ളിയിൽനിന്നുള്ള പ്രതിനിധി സി.ടി. തങ്കച്ചൻ സമ്മേളന വേദിയിൽനിന്ന് ഇറങ്ങിപ്പോയി. ഏഴംകുളത്തുനിന്നുള്ള പ്രതിനിധി ജി. രാധാകൃഷ്ണനും പ്രതിഷേധിച്ചു. പന്തളത്തുനിന്ന് പുതുതായി രണ്ട് പ്രതിനിധികളെ ഉൾപ്പെടുത്തിയതിനെതിരെ പന്തളം മണ്ഡലം സെക്രട്ടറി രംഗത്തെത്തി.എ.പി. ജയനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതിയുമെത്തി. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗവും ജില്ല പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ് പരാതി നൽകിയത്.
സമ്മേളനങ്ങളിൽ അവഗണിച്ചെന്നും മണ്ഡലം സമ്മേളനത്തിൽപോലും തന്നെ പ്രതിനിധി ആക്കിയില്ലെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി. ജില്ല കൗൺസിലിലേക്ക് മത്സരിക്കാൻ അനുമതി നിഷേധിച്ചെന്നും ജില്ല സെക്രട്ടറിയുടെ സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയതിലുള്ള പ്രതികാര നടപടിയാണിതെന്നും പരാതിയിൽ പറയുന്നു.
സമ്മേളനത്തിൽ അവതരിപ്പിച്ച അജണ്ടയിൽ വരവ് ചെലവ് സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പെടുത്തിയിരുന്നില്ല. ഇത് അടൂരിൽനിന്നുള്ള പ്രതിനിധികൾ ചോദ്യംചെയ്തിരുന്നു. ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിക്കാമെന്ന് അറിയിച്ചതോടെയാണ് അവർ ശാന്തരായത്. എന്നാൽ സമ്മേളനത്തിൽ ജില്ല സെക്രട്ടറിക്കെതിരെ കാര്യമായ വിമർശനം ഉയർന്നിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.