അജിത്കുമാറിനെതിരായ നിലപാട് ആവർത്തിച്ച് സി.പി.ഐ
text_fieldsതിരുവനന്തപുരം: എം.ആർ. അജിത്കുമാറിനെതിരായ നിലപാട് ആവർത്തിച്ച് സി.പി.ഐ. അജിത്കുമാറിന് ഡി.ജി.പി റാങ്ക് നൽകിയത് രാഷ്ട്രീയമായി ശരിയല്ലെന്നും എല്ലാ സാങ്കേതിക ശരികളും രാഷ്ട്രീയ ശരിയല്ലെന്നുമായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. അതേസമയം, ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും സർവിസ് അർഹതയെ അംഗീകരിക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്വാഭാവിക നടപടി എന്നായിരുന്നു മന്ത്രി ജി.ആർ. അനിലിന്റെ പ്രതികരണം. മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനമാണെന്നും ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്നും അനിൽ വിശദീകരിച്ചു.
തൃശൂർപൂരം അലങ്കോലമാക്കിയതിലും ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ആരോപണം നേരിട്ടപ്പോഴും അജിത്കുമാറിനെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരായിരുന്നു സി.പി.ഐ. തൃശൂർ ലോക്സഭ മണ്ഡലത്തിലെ പരാജയത്തിന് കാരണം എ.ഡി.ജി.പി ഇടപെട്ട് പൂരംകലക്കിയതാണെന്നായിരുന്നു സി.പി.ഐ സ്ഥാനാർഥി വി.എസ്. സുനിൽകുമാറിന്റെ അന്നത്തെ പ്രതികരണം. അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് നീക്കാതെ സംരക്ഷിച്ചതിൽ സി.പി.ഐയുടെ അതൃപ്തിയും പരസ്യമാക്കിയിരുന്നു. ഇടതുമുന്നണി യോഗത്തിൽ സി.പി.ഐ ഉയർത്തിയ സമ്മർദമാണ് അജിത്കുമാറിന്റെ സ്ഥാനചലനത്തിനിടയാക്കിയത്.
കഴിഞ്ഞദിവസമാണ് അജിത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.