ഇ.പിയെ തള്ളി സി.പി.ഐ, നടപടി ആവശ്യപ്പെടും; സി.പി.എം സെക്രട്ടേറിയറ്റ് യോഗം ഇന്ന്
text_fieldsതിരുവനന്തപുരം: ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ചയിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ വിശദീകരണം തള്ളി സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ സി.പി.എം കൂടുതൽ പ്രതിരോധത്തിൽ. ജാവ്ദേക്കറിനെ കണ്ടതിൽതന്നെ ഇ.പിക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി വിമർശിച്ചതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകൾ കൂടിയാണ് സി.പി.ഐ തള്ളുന്നത്. തെരഞ്ഞെടുപ്പ് വിലയിരുത്തലുകൾക്കായി മേയ് രണ്ടിന് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടിവ് ചേരുന്നുണ്ട്. കൂടിക്കാഴ്ച വിവാദം യോഗത്തിൽ ചർച്ചയാകും. അതിനു ശേഷം തങ്ങളുടെ നിലപാട് മുന്നണിയെ അറിയിക്കാനാണ് സി.പി.ഐ തീരുമാനം. ഫലത്തിൽ വിഷയം സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്നം എന്നതിൽനിന്ന് മുന്നണിയുടെ പൊതുപ്രതിസന്ധിയായി മാറുകയാണ്.
തിങ്കളാഴ്ച ചേരുന്ന സി.പി.എം സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യും. പിണറായിതന്നെ ഇ.പിയെ പരസ്യമായി തള്ളുകയും നേതാക്കൾ ഒന്നടങ്കം വിയോജിപ്പ് പരസ്യപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ സെക്രട്ടേറിയറ്റ് യോഗത്തിൽ മറിച്ചൊരു വികാരമുണ്ടാകാനിടയില്ല. ജയരാജനെക്കുറിച്ചുള്ള പിണറായിയുടെ പരസ്യമായ പരാമർശങ്ങൾ അദ്ദേഹത്തിനുള്ള അവസാന താക്കീതായി പാർട്ടിയിലെ പലരും കാണുന്നുണ്ട്. കൂട്ടുകെട്ടിൽ ആകൃഷ്ടരാകരുതെന്ന മുഖ്യമന്ത്രിയുടെ ഉപദേശം രണ്ടുകൈയും നീട്ടി സ്വാഗതം ചെയ്യുന്നുവെന്നാണ് ജയരാജന്റെ പ്രതികരണം. മനുഷ്യരായതിനാൽ ഒരുപാട് ശരി ചെയ്യുമ്പോൾ കുറച്ച് തെറ്റൊക്കെ പറ്റും. അതൊക്കെ തിരുത്തി മുന്നോട്ടുപോകും എന്ന ജയരാജന്റെ അഭിപ്രായം പാർട്ടി ചെവിക്കൊള്ളുമോ എന്നാണ് അറിയാനുള്ളത്.
സെക്രട്ടേറിയറ്റ് യോഗത്തിൽ ജയരാജൻ പ്രാഥമിക വിശദീകരണം നൽകുമെന്നാണ് കരുതുന്നത്. അതേസമയം, കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പിക്കെതിരെ സംസ്ഥാന സെക്രട്ടേറിയറ്റിന് നടപടിയെടുക്കാനാവില്ല. നടപടിയെടുക്കാൻ കേന്ദ്രനേതൃത്വത്തോട് സംസ്ഥാന കമ്മിറ്റിക്ക് ശിപാർശ ചെയ്യാം. സംസ്ഥാന നേതൃത്വം ഇക്കാര്യം കേന്ദ്രകമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്ത ശേഷമേ പാർട്ടി കേന്ദ്രനേതൃത്വം വിഷയം ചർച്ചക്ക് എടുക്കൂ. ജയരാജനെതിരെ അച്ചടക്ക നടപടി വേണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ മുതിർന്ന നേതാവിനെ പരസ്യമായി ശാസിക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചേക്കുമെന്നതിലേക്കാണ് സാഹചര്യങ്ങൾ വിരൽചൂണ്ടുന്നത്. ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറാൻ പോലും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടേക്കും.
അതിനിടെ, ജയരാജൻ- ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് നന്ദകുമാറിന്റെ അഭിമുഖം ഒരു ടെലിവിഷൻ ചാനൽ സംപ്രേഷണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നറിഞ്ഞതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് ദിവസം പ്രതികരിക്കാൻ ജയരാജൻ നിർബന്ധിതനായതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കൂട്ടുകെട്ടിൽ ആകൃഷ്ടരാകരുതെന്ന മുഖ്യമന്ത്രിയുടെ ഉപദേശം രണ്ടുകൈയും നീട്ടി സ്വാഗതം ചെയ്യുന്നുവെന്ന് ഇ.പി. ജയരാജൻ പ്രതികരിച്ചു. രാഷ്ട്രീയക്കാർക്കും പൊതുരംഗത്തുള്ളവർക്കും മാധ്യമപ്രവർത്തകർക്കും മഹത്തായ സന്ദേശമാണ് മുഖ്യമന്ത്രി നൽകിയത്. സാമ്പത്തികമായി ചൂഷണം ചെയ്യാനും മറ്റും വട്ടംകറങ്ങി നടക്കുന്നവരുണ്ട്. അതിലൊന്നും കുടുങ്ങിപ്പോകരുതെന്ന സന്ദേശമാണതെന്നും കണ്ണൂരിൽ മാധ്യമങ്ങളോട് ഇ.പി. ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.