ഇണ്ടംതുരുത്തി മന എ.ഐ.ടി.യു.സിയുടെ സ്വന്തമായത് എങ്ങനെ; കെ. സുരേന്ദ്രൻ ചരിത്രം പഠിക്കണമെന്ന് സി.പി.ഐ
text_fieldsകോട്ടയം: വൈക്കത്തെ ഇണ്ടംതുരുത്തി മന എങ്ങനെയാണ് എ.ഐ.ടി.യു.സിയുടെ സ്വന്തമായെന്നറിയാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ചരിത്രം പഠിക്കട്ടെയെന്ന് സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. വി.ബി. ബിനു. മന സർക്കാർ ഏറ്റെടുക്കണമെന്ന കെ. സുരേന്ദ്രന്‍റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇണ്ടംതുരുത്തി മന ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ്. ആ മനയിലെ തിരുമേനിയാണ് അന്ന് വൈക്കം അടക്കിഭരിച്ചിരുന്നത്. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് എത്തിയ ഗാന്ധിജി ഇദ്ദേഹവുമായി സംസാരിച്ച് പ്രശ്നപരിഹാരത്തിനു ശ്രമിച്ചു.
എന്നാൽ, ഇല്ലത്തു വന്നാൽ കാണാമെന്നാണ് തിരുമേനി പറഞ്ഞത്. അങ്ങനെ ഗാന്ധിജി എത്തിയപ്പോൾ അബ്രാഹ്മണനായതിനാൽ ഇല്ലത്തിനത്തേക്ക് കയറ്റിയില്ല. പുറത്തെ പൂമുഖത്തിരുത്തിയാണ് സംസാരിച്ചത്. ഹരിജനങ്ങൾ നീചജന്മങ്ങളാണെന്നും അവർക്കു വഴി നടക്കാനോ അക്ഷരം പഠിക്കാനോ അവകാശമില്ലെന്നാണ് തിരുമേനി പറഞ്ഞത്. പിന്നീട് ആ മന വിൽക്കാൻ തീരുമാനിച്ചപ്പോൾ വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂനിയൻ പണം കൊടുത്തുവാങ്ങുകയായിരുന്നു. മന ശോച്യാവസ്ഥയിലായപ്പോൾ 2010ൽ 42 ലക്ഷം രൂപ തൊഴിലാളികൾമാത്രം ചേർന്നു പിരിച്ചെടുത്ത് മനയും പൂമുഖവും അതേപടി നവീകരിച്ചു.
ഇന്ന് നൂറുകണക്കിന് ചരിത്രവിദ്യാർഥികൾ അവിടെയെത്തുന്നുണ്ട്. മനയുടെ ചരിത്രം പുതുതലമുറയും ബി.ജെ.പിയും അറിയണം. അതിന് അതേപടി സ്മാരകമായി നിലനിർത്തുമെന്നും സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.