ഇ.ചന്ദ്രശേഖരനെ ആക്രമിച്ച ബി.ജെ.പിക്കാരെ രക്ഷിക്കാനുളള സി.പി.എം നിലപാട് പരിഹാസ്യമെന്ന് സി.പി.ഐ
text_fieldsതിരുവനന്തപുരം: സി.പി.ഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറിയും മുൻ മന്ത്രിയുമായ ഇ.ചന്ദ്രശേഖരൻ എം.എൽ.എയെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആക്രമിച്ച കേസിൽ സി.പി.എമ്മുകാരായ സാക്ഷികളുടെ കൂറുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ.
സത്യസന്ധമായി മൊഴികൊടുക്കുന്നതിന് പകരം ബി.ജെ.പി- ആർ.എസ്.എസ് പ്രതികളെ രക്ഷിക്കണമെന്ന നിലപാടാണ് സി.പി.എം പ്രാദേശിക, ജില്ല നേതൃത്വം സ്വീകരിച്ചതെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു പറഞ്ഞു. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. സി.പി.എം നിലപാട് തീർത്തും അപലനീയവും പരിഹാസ്യവുമാണ്. സി.പി.എം സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്നം കാണുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
2016 മേയ് 19ന് നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കാഞ്ഞങ്ങാട് മാവുങ്കാലിൽ നടന്ന ആഹ്ലാദപ്രകടനത്തിനിടെയാണ് ചന്ദ്രശേഖരന് നേരെ ബി.ജെ.പിക്കാരുടെ ആക്രമണം ഉണ്ടായത്. ചന്ദ്രശേഖരനോടൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന സി.പി.എം നേതാവിനും അന്ന് പരുക്ക് പറ്റിയിരുന്നു. ചന്ദ്രശേഖരന്റെ ഇടത് കൈയെല്ലിനാണ് പരിക്കേറ്റത്. പരിക്കേറ്റ കൈയുമായാണ് ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് റവന്യൂ മന്ത്രിയായി അദ്ദേഹം ചുമതലയേറ്റത്.
ആക്രമണം നടത്തിയ 12 ബി.ജെ.പി, ആർ.എസ്.എസ്.പ്രവർത്തകർക്കെതിരെയുളള കേസ് കോടതിയിൽ വിചാരണക്ക് എത്തിയപ്പോൾ പരിക്ക്പറ്റിയ നേതാവ് ഉൾപ്പടെയുള്ള സി.പി.എം പ്രവർത്തകരായ എല്ലാ സാക്ഷികളും മൊഴി മാറ്റി കൂറുമാറുകയായിരുന്നു. സാക്ഷികളും തെളിവുകളും ഇല്ലാതായതോടെ എല്ലാ പ്രതികളെയും കാസർകോട് അഡീഷണൽ സെഷൻസ് കോടതി (രണ്ട്) കോടതി വെറുതെ വിട്ടു.
പ്രകാശ് ബാബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
2016 ൽ മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത സ.ഇ.ചന്ദ്രശേഖരൻ കയ്യിൽ ബാൻഡേജ് ഇട്ട് ബഹു.ഗവർണ്ണറോടും ബഹു.മുഖൃമന്ത്രിയോടുമൊപ്പം നില്ക്കുന്ന സതൃപ്രതിജ്ഞവേളയിലെ ഈ ചിത്രം എല്ലാവരുടെയും മനസ്സിൽ തെളിയുന്നുണ്ടാവും. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ബി.ജെ.പി,ആർ.എസ്.എസ് പ്രവർത്തകർ കലിതുളളി ആക്രമിച്ചതാണ്. സ.ചന്ദ്രശേഖരനോടൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന സി.പി.എം നേതാവിനും പരുക്ക് പറ്റിയിരുന്നു.
പൊലീസ് കേസെടുത്തു.ചാർജ്ജ് കൊടുത്തു.ആക്രമണം നടത്തിയ 12 ബി.ജെ.പി,.ആർ.എസ്.എസ്.പ്രവർത്തകർക്കെതിരെയുളള കേസ് കോടതിയിൽ വിചാരണക്ക് എത്തിയപ്പോൾ ചന്ദ്രശേഖരനോടൊപ്പം പരുക്ക്പറ്റിയ സി.പി.എം നേതാവ് ഉൾപ്പടെയുള്ള എല്ലാ സി.പി.എം പ്രവർത്തകരായ സാക്ഷികളും മൊഴി മാറ്റി പറഞ്ഞ്,കൂറുമാറി പ്രതികളെ സഹായിച്ചതായിട്ടാണ് അറിയാൻ കഴിഞ്ഞത്. സാക്ഷികൾ ഇല്ലാത്തതിനാൽ തെളിവുകളുമില്ലാതായി.
കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു. സി.പി.െഎ നേതാവും മന്ത്രി യുമായിരുന്ന ചന്ദശേഖരനു വേണ്ടി സത്യസന്ധമായി മൊഴി കൊടുക്കുന്നതിനു പകരം ആർ.എസ്.എസ്,ബിജെപി പ്രവർത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്ന സി.പി.എം പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ്. പരിഹാസ്യമാണ്. സി.പി.എം. സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്നം കാണുമെന്ന് ഞാൻ കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.