സി.പി.ഐ വകുപ്പുകളെ തഴഞ്ഞു; പ്രതിഷേധിച്ച് മന്ത്രിമാർ
text_fieldsതിരുവനന്തപുരം: ബജറ്റിൽ സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളെ തഴഞ്ഞ് ധനവകുപ്പ്. സപ്ലൈകോക്ക് വിപണി ഇടപെടലിനുള്ള പണംപോലും അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ബജറ്റ് പ്രസംഗശേഷം ധനമന്ത്രിക്ക് ഹസ്തദാനം നൽകാതെ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
അതൃപ്തി ധനമന്ത്രിയെ നേരിട്ടറിയിക്കാനാണ് അനിലിന്റെ തീരുമാനം. ആരോഗ്യം, ടൂറിസം, ഉന്നത വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം, വ്യവസായം, സാംസ്കാരികം തുടങ്ങി സി.പി.എം മന്ത്രിമാർ ഭരിക്കുന്ന വകുപ്പുകളിൽ പുതിയ പദ്ധതികളും കോടികളുടെ പ്രഖ്യാപനവുമുണ്ടായപ്പോൾ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന തങ്ങളുടെ വകുപ്പുകളിൽ തുച്ഛമായ പ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടായതെന്നാണ് സി.പി.ഐയുടെ പരാതി.
ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് സപ്ലൈകോ കടന്നുപോകുന്നത്. സബ്സിഡി സാധനങ്ങൾ വിറ്റ വകയിൽ സർക്കാർ കഴിഞ്ഞ മാസം വരെ സപ്ലൈകോക്ക് നൽകാനുള്ളത് 2011 കോടിയാണ്.
വിതരണക്കാർക്ക് നൽകാനുള്ളത് 792 കോടിയും. പൊതുവിപണിയിടപെടലിന് പ്രതിവർഷം 350 കോടിയാണ് സപ്ലൈകോക്ക് ചെലവാകുന്നത്. എന്നാൽ, ഇത്തവണ 205 കോടിയാണ് ബജറ്റിലുള്ളത്.
‘കേരളീയ’ത്തിന് 10 കോടിയും ചാമ്പ്യൻസ് ട്രോഫി വള്ളംകളിക്ക് 9.96 കോടിയും അനുവദിച്ച ധനവകുപ്പ് ‘വിശപ്പുരഹിതം കേരളം’ പദ്ധതിക്ക് നീക്കിവെച്ചത് വെറും രണ്ടുകോടി. റവന്യൂ മന്ത്രി കെ. രാജനും ധനമന്ത്രിയെ നീരസം അറിയിച്ചിട്ടുണ്ട്. അതൃപ്തി പരസ്യമാക്കിയിട്ടില്ലെങ്കിലും കഴിഞ്ഞ വർഷം അനുവദിച്ച തുകകൾ ഈ വർഷം വെട്ടിക്കുറച്ചതിൽ കൃഷി വകുപ്പും മൃഗസംരക്ഷണ വകുപ്പും അമർഷത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.