സി.പി.ഐ: ശക്തി ചേരികളിൽ പ്രകട മാറ്റം
text_fieldsതിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിന് കൊടിയുയരാൻ മണിക്കൂറുകൾ ശേഷിക്കെ സി.പി.ഐ നേതൃതലത്തിലും പ്രവർത്തകരിലും നിലനിന്ന ശാക്തിക ചേരികളിൽ വലിയ മാറ്റം പ്രകടം. ജില്ല സമ്മേളനങ്ങളിൽ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാരിൽ ചിലർക്കുമെതിരെ ഉയർന്ന വിമർശനങ്ങൾ പ്രതിനിധികളുടെ നിലപാടിനെ സ്വാധീനിച്ചെന്ന സൂചനകളാണ് നൽകുന്നത്. പ്രായപരിധിയെ ചൊല്ലി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുതിർന്ന നേതാക്കളും തമ്മിൽ നടന്ന പ്രസ്താവന യുദ്ധം മഞ്ഞുമലയുടെ അറ്റം മാത്രമായിരുന്നു.
സംസ്ഥാന നേതൃത്വത്തോട് സംസ്ഥാന-ജില്ല നേതാക്കൾ മുതൽ സാധാരണ പ്രവർത്തകരിൽവരെ മൂന്ന് വർഷമായി നിലനിൽക്കുന്ന അതൃപ്തിയാണ് അടിയൊഴുക്കിലേക്ക് നയിക്കുന്നത്. മുതിർന്ന നേതാക്കളുടെ പ്രതിരോധം അതിന് ആക്കംകൂട്ടി. സംസ്ഥാന സെക്രട്ടറിക്ക് ഏകാധിപത്യ പ്രവണതയുണ്ടെന്നും ഉൾപാർട്ടി ജനാധിപത്യം പാലിക്കുന്നില്ലെന്നുമുള്ള ആക്ഷേപം എല്ലാ ജില്ലകളിലും ഉയർന്നു. മുതിർന്ന നേതാക്കളോട് ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു, സംസ്ഥാന സെക്രട്ടറി ജനാധിപത്യപരമായല്ല പ്രവർത്തിക്കുന്നത്, പാർട്ടിക്കുള്ളിൽ ജനാധിപത്യപരമായ ഇടമില്ല തുടങ്ങിയ വിമർശനം വിവിധ ജില്ലകളിൽ ഉണ്ടായി. ഇത് ഉന്നയിക്കാനുള്ള വേദിയായി സംസ്ഥാന സമ്മേളനവും മാറിയേക്കും.
ജില്ല സമ്മേളനങ്ങളിൽ സംസ്ഥാന നേതൃത്വത്തിന് ലഭിച്ച തിരിച്ചടി ആക്ഷേപമുന്നയിക്കുന്നവർക്ക് ബലം നൽകുന്നതാണ്. കൂടാതെയാണ് മന്ത്രിമാർക്കെതിരായ വിമർശനം. കൃഷിവകുപ്പിനെകുറിച്ചാണ് ഏറെ ആക്ഷേപമുയർന്നത്. പ്രായപരിധി വിഷയമാക്കി വിമർശനങ്ങളെ മറികടക്കാനാണ് ഔദ്യോഗിക പക്ഷത്തിന്‍റെ നീക്കം. ജില്ല സമ്മേളനങ്ങളിൽ അംഗീകരിച്ച പ്രായപരിധി സംസ്ഥാന സമ്മേളനത്തിൽ ഒഴിവാക്കുന്നത് എങ്ങനെയെന്നാണ് അവരുടെ വാദം. പ്രായപരിധി മാർഗനിർദേശം മാത്രമാണെന്നും അതിന് പാർട്ടി കോൺഗ്രസാണ് അംഗീകാരം നൽകേണ്ടതെന്നുമുള്ള വാദമാണ് മറുവിഭാഗം ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.