Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാനം: മനസിനോട്...

കാനം: മനസിനോട് ചേർന്നുനിന്ന സുഹൃത്തും സഖാവുമെന്ന് മുഖ്യമന്ത്രി, നഷ്ടമായത് ഇടതുപക്ഷ ഐക്യത്തി​െൻറ ശക്തിസ്തംഭങ്ങളിലൊന്ന്...

text_fields
bookmark_border
Kanam Rajendran, pinarayi
cancel

തിരുവനന്തപുരം: ഇടതുപക്ഷ ഐക്യത്തി​െൻറ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്ര​െൻറ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സഖാവ് കാനത്തിന്റെ വിയോഗം ഞെട്ടിക്കുന്നതാണ്. കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ, തൊഴിലാളിവർഗ്ഗ ഐക്യത്തെ ബലപ്പെടുത്തുന്നതിൽ, ജനാധിപത്യ പ്രസ്ഥാനങ്ങളെ പരിരക്ഷിക്കുന്നതിൽ, മതനിരപേക്ഷ മൂല്യങ്ങൾ കാത്തു രക്ഷിക്കുന്നതിൽ ഒക്കെ സമാനതകളില്ലാത്ത സംഭാവനകളാണ് കാനം രാജേന്ദ്രൻ നൽകിയത്.

വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ ഉയർന്നുവന്ന കേരളത്തിന്റെ അനിഷേധ്യ നേതാക്കളിൽ ഒരാളായ കാനം എന്നും നിസ്വജനപക്ഷത്തിന്റെ ശക്തിയും ശബ്ദവുമായി നിന്നു. കരുത്തനായ ട്രേഡ് യൂണിയൻ നേതാവ് എന്ന നിലയിൽ തൊഴിലാളികളുടെ ഐക്യവും അവരുടെ പൊതുവായ ആവശ്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിൽ എന്നും ശ്രദ്ധിച്ച നേതാവാണ് കാനം. വിദ്യാർത്ഥി യുവജന തൊഴിലാളി മുന്നേറ്റങ്ങളുടെ മുൻനിരയിൽ പല ഘട്ടങ്ങളിൽ ഉണ്ടായിരുന്നതിന്റെ അനുഭവസമ്പത്ത് സി പി ഐ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിക്കുന്നതിന് വലിയ അടിത്തറയൊരുക്കി.

നിയമസഭയിൽ അംഗമായിരുന്ന കാലയളവിൽ ജനജീവിതത്തിന്റെ നീറുന്ന പ്രശ്‌നങ്ങളെ എല്ലാ ഗൗരവത്തോടെയും അദ്ദേഹം സഭയിൽ അവതരിപ്പിച്ചിരുന്നു. നിയമനിർമ്മാണം അടക്കമുള്ള കാര്യങ്ങൾക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകി. അടിച്ചമർത്തപ്പെടുന്നവരുടെ ഭാഗത്തു നിലകൊണ്ടു. ശ്രദ്ധേയനായ നിയമസഭാ സാമാജികൻ, കരുത്തനായ സംഘാടകൻ, മികച്ച വാഗ്മി, പാർട്ടി പ്രചാരകൻ എന്നിങ്ങനെ വിവിധ തലങ്ങളിൽ ശ്രദ്ധേയനായിരുന്നു കാനം.

സി പി ഐ, സി പി ഐ (എം) ബന്ധം ദൃഢമാക്കുന്നതിലും അദ്ദേഹം എന്നും ശ്രദ്ധ വെച്ചു. വ്യക്തിപരമായ നിലയിൽ നോക്കിയാൽ പല പതിറ്റാണ്ട് രാഷ്ട്രീയ രംഗത്ത് സഹകരിച്ചു പ്രവർത്തിച്ചതിന്റെ നിരവധി ഓർമ്മകൾ ഈ നിമിഷത്തിൽ മനസ്സിൽ വന്നു നിറയുന്നുണ്ട്. പലതും വൈകാരിക സ്പർശമുള്ളവയാണ്. മനസ്സിനോട് വളരെയേറെ ചേർന്നുനിന്ന സുഹൃത്തും സഖാവും ആയിരുന്നു കാനം എന്നു മാത്രം പറയട്ടെ.

ഇടതുപക്ഷ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ ഐക്യം കാലത്തിന്റെ ഏറ്റവും വലിയ ആവശ്യകതയായ ഒരു ഘട്ടത്തിലാണ് കാനത്തിന്റെ വിയോഗമെന്നത് അതിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. നികത്താനാവാത്ത നഷ്ടമാണിത്. കേരളത്തിന്റെ താൽപ്പര്യങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന ഒരു നേതാവിനെയാണ് സഖാവ് കാനം രാജേന്ദ്രന്റെ വിയോഗത്തിൽ നമുക്ക് നഷ്ടപ്പെട്ടിട്ടുള്ളത്.

ഇടതുപക്ഷത്തിന്റെ എന്നല്ല കേരളത്തിന്റെ പൊതുവായ നഷ്ടമാണിത്. നിസ്വാർത്ഥനായ രാഷ്ട്രീയ നേതാവിനെയാണ് കേരളത്തിനു നഷ്ടമായത്. സി പി ഐയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു. കേരള ജനതയുടെയാകെ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpiKanam Rajendranpinarayi
News Summary - CPI State Secretary Kanam Rajendran passed away
Next Story