സി.പി.ഐ: പുലരുംവരെ മത്സരം; സുരേഷ് രാജ് പുതിയ സെക്രട്ടറി
text_fieldsപട്ടാമ്പി: മത്സരവും പുലർച്ചെ വരെ നീണ്ട വോട്ടെണ്ണലും നടന്ന സി.പി.ഐ പാലക്കാട് ജില്ല സമ്മേളനത്തിൽ ഫലമെത്തിയപ്പോൾ ഔദ്യോഗിക വിഭാഗം കരുത്തുകാട്ടി. ജില്ല സെക്രട്ടറിയായി കെ.പി. സുരേഷ് രാജിനെ തെരഞ്ഞെടുത്തു. നാലാം തവണയാണ് സ്ഥാനലബ്ധി. നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവെച്ചതിനാൽ സംസ്ഥാന കൗൺസിലിന്റെ പ്രത്യേക തീരുമാനപ്രകാരമാണ് അവസരം കിട്ടിയത്.
വ്യാഴാഴ്ച ജില്ല കൗൺസിലിലേക്ക് അവതരിപ്പിക്കപ്പെട്ട ഔദ്യോഗിക പാനലിനെതിരെ 12 അംഗങ്ങൾ മത്സര രംഗത്തെത്തി. ഔദ്യോഗിക പാനലിനെ അംഗീകരിക്കുന്ന മൂന്ന് പേർ കൂടി മത്സരിച്ചതോടെ 45 അംഗ കൗൺസിലിലേക്ക് 60 പേരായി. തുടർന്ന് വോട്ടെടുപ്പിലൂടെയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്. അഞ്ച് കാൻഡിഡേറ്റ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
രാത്രി ഒമ്പതരയ്ക്ക് ആരംഭിച്ച വോട്ടെടുപ്പ് പുലർച്ചെ മൂന്നുവരെ നീണ്ടു. വെള്ളിയാഴ്ച രാവിലെ എട്ടിന് വരണാധികാരി കെ. പ്രകാശ് ബാബു ഫലം പ്രഖ്യാപിച്ചു. ഏഴ് വനിതകളടക്കം 45 പേർ തെരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക പാനലിന് പുറത്തു നിന്ന് മത്സരിച്ച രണ്ടു പേർ വിജയിച്ചു. തെരഞ്ഞെടുക്കപ്പെട്ട 45 കൗണ്‍സില്‍ അംഗങ്ങളും അഞ്ച് കാന്‍ഡിഡേറ്റ് അംഗങ്ങളും യോഗം ചേർന്ന് സെക്രട്ടറിയെ തെരഞ്ഞെടുത്തു.
കെ.കെ. വൽസരാജ് വീണ്ടും സി.പി.ഐ തൃശൂർ ജില്ല സെക്രട്ടറി
തൃപ്രയാർ: കെ.കെ. വത്സരാജ് സി.പി.ഐ ജില്ല സെക്രട്ടറിയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. ഐകകണ്ഠ്യേനയായിരുന്നു തെരഞ്ഞെടുപ്പ്. പാർട്ടി സംസ്ഥാന കൗൺസിൽ അംഗമാണ്. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ ബിരുദം പൂർത്തിയാക്കിയ വത്സരാജ് എ.ഐ.വൈ.എഫ് ജില്ല നേതൃത്വത്തിൽനിന്ന് പാർട്ടി നേതൃത്വത്തിലേക്കെത്തി. 1987ൽ പാർട്ടിയുടെ ഗുരുവായൂർ മണ്ഡലം സെക്രട്ടറിയായി.
പത്തു വർഷം ഈ സ്ഥാനത്തു പ്രവർത്തിച്ചശേഷം 1997ൽ ജില്ല അസിസ്റ്റന്റ് സെക്രട്ടറിയായി. സി.എൻ. ജയദേവൻ എം.പിയായതോടെ തുടർന്ന് ജില്ല സെക്രട്ടറിയായി. ട്രേഡ് യൂനിയൻ രംഗത്തും സജീവമായിരുന്നു. കേരള സഹകരണവേദി പ്രഥമ സംസ്ഥാന ജനറൽ സെക്രട്ടി, തൃശൂർ ജില്ല സഹകരണ ബാങ്ക് ഡയറക്ടർ, ചാവക്കാട് ഫർക്ക ചെത്തു തൊഴിലാളി യൂനിയൻ, മദ്യ വ്യവസായ തൊഴിലാളി യൂനിയൻ, ജില്ല പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂനിയൻ, ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഫെഡറേഷൻ, ഗുരുവായൂർ ദേവസ്വം കീഴ്ശാന്തി യൂനിയൻ ഭാരവാഹിയായി പ്രവർത്തിച്ചു. 1999 മുതൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗമാണ്. ഭാര്യ രജനി അധ്യാപികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.